യുപി ആദ്യഘട്ട വോടെടുപ്പ് തുടങ്ങി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ്; 11 ജില്ലകളിലെ 58 മണ്ഡലങ്ങള്‍ വിധിയെഴുതും, മത്സരരംഗത്ത് 10 മന്ത്രിമാരും
Feb 10, 2022, 09:21 IST
ലക്‌നൗ: (www.kvartha.com 10.02.2022) ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോടെടുപ്പ് പുരോഗമിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മണിയോട് കൂടി വോടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത് നാല് ശതമാനം വോടെടുപ്പ്.
ആദ്യഘട്ടത്തില്‍ 2.27 കോടി വോടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 623 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍, ഭാഗ്പത്, മീററ്റ്, ഹാപുര്‍, ബുലന്ദ്ശഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫര്‍നഗര്‍ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. യോഗി ആദിത്യനാഥ് സര്‍കാരിലെ 10 മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്.
2017ല്‍ നടന്ന തിരഞ്ഞെടുപ്പില് ബിജെപി 53 സീറ്റുകളും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആര്‍എല്‍ഡി ഒരു സീറ്റും നേടിയിരുന്നു. ബിജെപിയും സമാജ്വാദി പാര്‍ടി-ആര്‍എല്‍ഡി സഖ്യവും തമ്മിലാണ് മുഖ്യമത്സരം. കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ അലയടിയുണ്ടായ മേഖലയാണ് പടിഞ്ഞാറന്‍ യുപി. ജാട്ട് വോടുകള്‍ ഇവിടെ നിര്‍ണായകമാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പിന് 50,000 അര്‍ധസൈനികരെ നിയോഗിച്ചിട്ടുണ്ട്. മഥുര ജില്ലയില്‍ മാത്രം 21,000 പേര്‍ ഉണ്ട്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം 14ന് നടക്കും. മാര്‍ച് 10 നാണ് ഫലപ്രഖ്യാപനം.
കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട് തേടിയതിന്റെ കാരണവും മറ്റൊന്നല്ല. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തിയെന്നതും വോടാക്കാന്‍ ശ്രമിച്ച്, ചര്‍ച്ചയാക്കുകയാണ് ബിജെപി.
അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‌വാദി പാര്‍ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. ചൗധരി ചരണ്‍ സിംഗിന്റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല. മാത്രമല്ല സഖ്യത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കല്ലുകടി പ്രചാരണ രംഗത്തും സഖ്യം നേരിട്ടിരുന്നതാണ്.
ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായി കോണ്‍ഗ്രസിന്റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.