Controversy | 'ബേഠി ബചാവോ, ബേഠി പഠാവോ' പദ്ധതിയുടെ പേര് തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂര്‍; വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് പരിഹാസവുമായി കോണ്‍ഗ്രസ്
പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 2015ല്‍ ആണ് ബേഠി ബചാവോ, ബേഠി പഠാവോ പദ്ധതി കേന്ദ്രസര്‍കാര്‍ കൊണ്ടുവന്നത്
മധ്യപ്രദേശിലെ ധറില്‍ നടന്ന സ്‌കൂള്‍ ചലോ അഭിയാന്‍ പരിപാടിക്കിടയിലാണ് ബേഠി ബചാവോ, ബേഠി പഠാവോ എന്നതിന് പകരം 'ബേഡി പടാവോ ബചാവ്' എന്ന് സാവിത്രി തെറ്റി എഴുതിയത്
ഭോപ്പാല്‍: (KVARTHA) പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍കാര്‍ ആരംഭിച്ച 'ബേഠി ബചാവോ, ബേഠി പഠാവോ' പദ്ധതിയുടെ പേര് തെറ്റിച്ചെഴുതി കേന്ദ്ര വനിതാശിശു വികസന സഹമന്ത്രി സാവിത്രി ഠാകൂര്‍. പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 2015ല്‍ ആണ് ബേഠി ബചാവോ, ബേഠി പഠാവോ പദ്ധതി കേന്ദ്രസര്‍കാര്‍ കൊണ്ടുവന്നത്.
ഇതോടെ മന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുകയും ചെയ്തു.
മധ്യപ്രദേശിലെ ധറില്‍ നടന്ന സ്‌കൂള്‍ ചലോ അഭിയാന്‍ പരിപാടിക്കിടയിലാണ് ബേഠി ബചാവോ, ബേഠി പഠാവോ എന്നതിന് പകരം 'ബേഡി പടാവോ ബചാവ്' എന്ന് സാവിത്രി തെറ്റി എഴുതിയത്. സംഭവം വൈറലായതിന് പിന്നാലെ ഇതിനെ 'ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യം' എന്ന് കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര വിശേഷിപ്പിച്ചു.
ये केंद्रीय महिला एवं बाल विकास राज्यमंत्री सावित्री ठाकुर हैं जिले में शिक्षा जागरूकता रथ पर उन्हें ‘बेटी बचाओ बेटी पढ़ाओ’ का स्लोगन लिखना था लेकिन, मंत्रीजी ने लिखा- "बेढी पडाओ बच्चाव" शपथ-पत्र के मुताबिक वे 12वीं पास हैं ये टीप उनके नहीं बल्कि देश के "शैक्षणिक स्तर" पर है pic.twitter.com/v66qM05Uyc
— Anurag Dwary (@Anurag_Dwary) June 19, 2024
'ഭരണഘടനാ പദവികള്‍ വഹിക്കുന്നവരും വലിയ വകുപ്പുകളുടെ ചുമതല വഹിക്കുന്നവരും മാതൃഭാഷയില്‍ പോലും അറിവില്ലാത്തവരാണെന്നുള്ളത് ജനാധിപത്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. അവര്‍ക്ക് എങ്ങനെ അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയും'- എന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും മിശ്ര ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ബാലിശമായ വാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് ബിജെപി നേതാവ് മനോജ് സൊമാനി കുറ്റപ്പെടുത്തി. സാവിത്രിയെ പരിഹസിച്ചത് ആദിവാസി സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ധറില്‍ നിന്നുള്ള പ്രതിപക്ഷ നേതാവും ആദിവാസി നേതാവുമായ ഉമങ് സിംഘറും മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. സാവിത്രിയുടെ നേതൃത്വത്തെയും വിദ്യാഭ്യാസ യോഗ്യതയെയും ചോദ്യം ചെയ്ത സിംഘര്‍ പ്രധാനമന്ത്രി മന്ത്രിമാരെ തിരഞ്ഞെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പരിഹസിച്ചു.
റബര്‍ സ്റ്റാമ്പുമന്ത്രിമാരെയാണോ കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രിക്ക് വേണ്ടതെന്ന് ചോദിച്ച അദ്ദേഹം ഒരു പൊതുജന സേവകന്‍ എപ്രകാരമായിരിക്കണമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ ഇല്ലേയെന്നും ചോദിച്ചു.