കലാമിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു

 


രാമേശ്വരം: (www.kvartha.com30.07.2015) മുന്‍രാഷ്ട്രപതി എ പി ജെ അബുദള്‍ കലാമിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. ബാല്യകാല സ്മരണകള്‍ ഉറങ്ങുന്ന രാമേശ്വരത്തിന്റെ മണ്ണിലാണ് കലാമിന് അന്ത്യവിശ്രമം. മധുര രാമേശ്വരം പാതയിലെ അരിയഗുണ്ട് പേക്കറുമ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. തൊട്ടടുത്തുള്ള മുഹ് യുദ്ദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.

രാമേശ്വരം മസ്ജിദ് തെരുവിലെ കലാമിന്റെ വീട്ടില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കലാമിന് യാത്രാമൊഴി ചൊല്ലി. പിന്നീട് വിലാപയാത്രയായി ഭൗതിക ശരീരം പേക്കറുമ്പില്‍ എത്തിച്ചു. മുഹ് യുദ്ദീന്‍ പള്ളിയിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മൃതദേഹം പേക്കറുമ്പില്‍ തയാറാക്കിയ പ്രത്യേക ഖബര്‍സ്ഥാനില്‍ എത്തിച്ചു. പ്രത്യേക സൈനിക വാഹനത്തില്‍ എത്തിച്ച മൃതദേഹത്തിന് സൈനിക വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചതിന് ശേഷം മൃതദേഹത്തിലെ ദേശീയ പതാക മാറ്റി. പ്രാര്‍ഥനകള്‍ക്കും മറ്റ് ആചാരനടപടികള്‍ക്കും ശേഷം ഭൗതിക ശരീരം മണ്ണിലേക്ക് മടക്കി. തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടു നല്‍കിയ  ഒന്നരയേക്കര്‍ സ്ഥലത്താണ് കലാമിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഈ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി എം.കെ മുനീര്‍ എന്നിവര്‍ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു.

കലാമിനു രാമേശ്വരം വികാരനിര്‍ഭരമായാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നില്‍ തമിഴക രാഷ്ട്രീയം ഭിന്നത മറന്നു കൈകൂപ്പി.

ലോക്‌സഭ രാവിലെ ചേര്‍ന്നുവെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിെന്റ സംസ്‌ക്കാരം നടക്കുന്നതിനാല്‍ മറ്റു നടപടികളിലക്ക് കടക്കാതെ പിരിഞ്ഞു.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് 6.55 മണിയോടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടന്‍തന്നെ നഗരത്തിലെ ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു.

ബുധനാഴ്ച  ഉച്ചയോടെയാണ് കലാമിന്റെ മൃതദേഹം ജന്മദേശമായ രമേശ്വരത്തെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്‌ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. തുടര്‍ന്നാണ് മതപരമായ ചടങ്ങുകള്‍ നടത്തിയത്.

കലാമിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു


കലാമിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു

Also Read:
കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു; മരിച്ചത് ബസിടിച്ച് ഭര്‍തൃമതി മരിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവറുടെ മകന്‍

Keywords:  Thousands pay tribute to 'People's President' Kalam at Rameswaram, Prime Minister, Narendra Modi, Rahul Gandhi, Vehicles, Chief Minister, Youth, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia