ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍; പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


ചെന്നൈ: (www.kvartha.com 02.07.2016) ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍.

സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ ആണ് വെള്ളിയാഴ്ച രാത്രി ചെങ്കോട്ടയില്‍ പിടിയിലായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ ചെന്നൈ ചൂളൈമേട്ടിലാണു താമസം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് പിതാവ് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്നുവിട്ടുപോയ ഉടനെ സ്വാതിയെ അവിടേക്ക് കടന്നുവന്ന ഒരു യുവാവ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായും അക്രമിയില്‍ നിന്നും സ്വാതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ താഴേക്കു വീണ സ്വാതിയെ യുവാവ് ബാഗില്‍ നിന്നു വെട്ടുകത്തിയെടുത്തു തുടരെത്തുടരെ വെട്ടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വെട്ടേറ്റ സ്വാതിയെ ആശുപത്രിയിലെത്തിക്കാനോ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ ദൃസാക്ഷികള്‍ തയ്യാറായില്ല. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന മൃതദേഹം രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണു പോലീസ് എത്തി മാറ്റിയത്.

സംഭവസമയത്ത് സ്വാതിയുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട മൊബൈലില്‍നിന്ന് അവസാനം സിഗ്‌നല്‍ ലഭിച്ചത് ചൂളൈമേട്ടില്‍ നിന്നാണ്. സിഗ്നല്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാംകുമാര്‍ സ്ഥലത്തുനിന്നു മുങ്ങിയതായി കണ്ടെത്തി. സ്വാതിയുടെ വീടും ഇതിനടുത്താണ്. സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ രാംകുമാര്‍ ചെങ്കോട്ടയിലുണ്ടെന്നു വ്യക്തമായി. എന്നാല്‍ പോലീസിനെ കണ്ടതോടെ പ്രതി കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഉടന്‍ തിരുനെല്‍വേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. സംഭവം നടന്ന സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍, ഫേസ്ബുക് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ തുടങ്ങിയവ പിന്തുടര്‍ന്നുള്ള പോലീസിന്റെ അന്വേഷണം തമിഴ്‌നാടിനു പുറമെ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.

ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി ഒരാഴ്ചയായി പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയില്‍വേ സ്‌റ്റേഷനു സമീപത്തു നിന്നു പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പും സ്വാതിയും യുവാവും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ഇയാള്‍ സ്വാതിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ അവര്‍ അത് നിരസിച്ചതിലുള്ള പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു. 2014ല്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സ്വാതി കഴിഞ്ഞ വര്‍ഷമാണ് ഇന്‍ഫോസിസില്‍ ജോലിക്കു ചേര്‍ന്നത്.

ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍; പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Also Read:
25 ലക്ഷം രൂപ ചിലവഴിച്ച് ജനങ്ങളോട് എന്തിനീ ചതി! ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിക്ക് കാസര്‍കോട് എം.ജി റോഡ് ഉദാഹരണം

Keywords:  Techie Arrested For Chennai Infosys Employee's Murder, chennai, Police, Hospital, Treatment, Father, Railway, Passengers, Mobile Phone, Facebook, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia