Prices | അരി, പാചകവാതക വില കുറഞ്ഞില്ലെങ്കിലും ആർക്കും ഒരു പ്രശ്നവുമില്ല; സ്വർണം പവന് 2200 കുറഞ്ഞതാണ് ആശ്വാസം!
നിത്യോപകയോഗ സാധനങ്ങളുടെ വില കുറഞ്ഞാൽ അതാകും സാധാരണക്കാരന് ആശ്വാസം
മിന്റാ മരിയ തോമസ്
(KVARTHA) നാളുകൾ ഏറെയായി ഇവിടെ ഒരു വസ്തുവിന് മാത്രമേ വിലയുണ്ടായിരുന്നുള്ളു, അത് സ്വർണത്തിനാണ് (Gold). പൊന്നിന്റെ വില അടിക്കടി ഉയരുന്നതാണ് ഇതുവരെ കണ്ടത്. എന്നാൽ വില ചൊവ്വാഴ്ച അൽപമൊന്ന് താഴ്ന്നപ്പോൾ അതിനെ ആഘോഷമാക്കുകയാണ് മാധ്യമങ്ങൾ അടക്കം പലരും. എന്തോ അത്യാവശ്യ സാധനത്തിന് വില കുറഞ്ഞപ്പോൾ ജനത്തിന് വലിയ ആശ്വാസമെന്ന തരത്തിലാണ് വരുന്ന വാർത്തകൾ മുഴുവനും. നാളിത് വരെയായി അടിക്കടി വർധിച്ചു വന്ന സ്വർണവില പേരിന് ഒന്ന് കുറഞ്ഞുവെന്ന് മാത്രം. അതായത് പവന് 2200 രൂപ. അതാണ് പലരും ആഘോഷമാക്കുന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നതും.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 54,000ല്‍ താഴെയാണ് എത്തിയത്. 51,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 275 രൂപ കുറഞ്ഞു. 6495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആറുദിവസത്തിനിടെ 3000ത്തിലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000ത്തിലെത്തിയിരുന്നു. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
'പവന് ചെറുതായൊന്ന് കുറഞ്ഞു. അതിനാണ് ജ്വല്ലറിക്കാരുടെ പരസ്യം ഇത്ര വലിയ പ്രാധാന്യത്തോടെ കൂടി കൊടുക്കുന്നത്. എന്ത് വിധിയിത്', എന്നാണ് ഈ വാർത്തയ്ക്ക് പിന്നാലെ ഒരാൾ സോഷ്യൽ മീഡിയയിൽ കമൻ്റ് ഇട്ടത്. ഒരു ഗ്രാമിന് ആയിരം രൂപ കുറഞ്ഞോ, ഈ മാസം ആദ്യം രണ്ടായിരം കൂടിയിട്ട് ഇപ്പോൾ ആയിരം കുറഞ്ഞിട്ടുണ്ട്, കുറഞ്ഞോ, ഇന്ന് ഒരുകിലോ വാങ്ങണം. പുളിയും മുളകും ഇട്ട് വെക്കാം, കുറച്ചു വാങ്ങി ഉപ്പിട്ട് ഉള്ള വെയിലത്തു ഉണക്കി വയ്ക്കാം, ചിങ്ങത്തിൽ മറിച്ചു വിൽക്കാം. ഹാവൂ സമാധാനം ആയി ഒരു അഞ്ചു കിലോ മേടിക്കണം....... വേറെ പണിയില്ലേ!
വലിയ കുറവാണല്ലോ സംഭവിച്ചത്, അരി വാങ്ങാൻ കാശ് ഇല്ലാ പിന്നെ സ്വർണത്തിന് വില കമ്മിയായിട്ട് എന്ത് കാര്യം. കറിവെച്ച ദിവസം മറന്നു. വില കുറഞ്ഞതുകൊണ്ട് നാളെ എന്തായാലും രാവിലെ പുട്ടിനോടൊപ്പം സ്വർണ കറിയാണ്. വയറു നിറഞ്ഞു,, ഹാവൂ ആശ്വാസം ആയി, വിശപ്പകറ്റാൻ ഇന്നുതന്നെ രണ്ടുകിലോ വാങ്ങണം ഇങ്ങനെ പോകുന്നു ഈ വാർത്ത സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന ജനങ്ങളുടെ പരിഹാസങ്ങൾ. വലിയ വിലയൊന്നും സ്വർണത്തിന് കുറഞ്ഞിട്ടില്ലെന്ന് കൃത്യമായും മനസ്സിലാക്കാവുന്നതാണ്. ചെറിയ രീതിയിൽ കുറഞ്ഞ വില വലിയ രീതിയിൽ പ്രഘോഷിക്കപ്പെടുമ്പോൾ ഒന്നും ചിന്തിക്കാതെ സ്വർണക്കടയിലേയ്ക്ക് ഓടുന്ന സ്വർണപ്രേമികളും നമ്മുടെ ഇടയിലുണ്ട്. അവർക്ക് ആ ആശ്വാസമാകും ഈ വാർത്ത.
ഒപ്പം സ്വർണക്കടക്കാർക്കും സ്വർണക്കച്ചവടക്കാർക്കും തങ്ങളുടെ ബിസിനസ് പൊടിപൊടിക്കാനും സ്വാധിക്കും. ഓണത്തോടെ വില കൂടുമെന്നും കൃത്യമായി മനസിലാക്കുന്നവർക്ക് അറിയാം. വലിയ വിലക്കുറവ് എവിടെ ഉണ്ടായെന്ന് പറയാൻ ആവും. സ്വർണത്തിൻ്റെ അടിക്കടിയുള്ള വില വർദ്ധനവ് വെച്ചു നോക്കുമ്പോൾ ഇത് നിസാരമല്ലേ എന്നതും ചിന്തിക്കണം. ഈ പറയുന്നത് കേട്ടാൽ തോന്നും ഇപ്പോൾ സ്വർണമാണ് എല്ലാരും വാങ്ങിച്ച് കഴിക്കുന്നത് ആശ്വാസം വരാൻ എന്ന്. രാവിലെ 200 രൂപ മാത്രമാണ് സ്വർണത്തിന് കുറഞ്ഞിരുന്നത്. പിന്നീട് ബജറ്റിൽ കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് ഉച്ചയ്ക്ക് ശേഷം 2000 രൂപയുടെ ഇടിവുണ്ടാക്കിയത്.
അരിവില, ഗ്യാസു വില അതൊന്നും ആർക്കും ഇവിടെ ഒരു പ്രശ്നമല്ലല്ലോ, അല്ലേ? നാമൊക്കെ മൂന്നു നേരോം കഴിക്കുന്നത് ഈ സ്വർണം ആണോ? സ്വർണം കൊണ്ടുള്ള ആശ്വാസം അതിന് പിറകെ പോകുന്നവർക്ക് മാത്രം. നിത്യോപകയോഗ സാധനങ്ങളുടെ വില കുറഞ്ഞാൽ അതാകും സാധാരണക്കാരന് ആശ്വാസം എന്ന് ഇനിയെങ്കിലും മനസിലാക്കുക. സ്വർണം ധരിച്ചത് കൊണ്ട് സൗന്ദര്യം വര്‍ദ്ധിക്കുമെന്നത് മിഥ്യാ ധാരണ മാത്രമാണ്. അതുകൊണ്ട് വിശപ്പടക്കാനും പറ്റില്ല.