Rahul Gandhi | സിബിഐ ഡയറക്ടര്‍, തിരഞ്ഞെടുപ്പ് കമിഷണര്‍മാര്‍, ദേശീയ മനുഷ്യാവകാശ കമിഷന്‍ ചെയര്‍പേഴ്സന്‍ തുടങ്ങി നിര്‍ണായക സ്ഥാപനങ്ങളുടെ മേധാവികളെ തിരഞ്ഞെടുക്കാനുള്ള സമിതികളില്‍ ഇനി രാഹുല്‍ ഗാന്ധിയും


എന്നാല്‍ പല സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളിലേക്കുള്ള നിയമനത്തില്‍ സര്‍കാരിന് തന്നെയായിരിക്കും അധികാരം
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സമിതിയില്‍ അംഗമായ രാഹുലിന് യോജിപ്പോ വിയോജിപ്പോ കൃത്യമായി ഉന്നയിക്കാനാകും
ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ നിര്‍ണായക സ്ഥാപനങ്ങളുടെ മേധാവികളെ തിരഞ്ഞെടുക്കാനുള്ള സമിതികളില്‍ രാഹുല്‍ ഗാന്ധിയും ഭാഗമായി. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കാബിനറ്റ് മന്ത്രിയുടെ റാങ്കാണ് രാഹുലിനും ലഭിക്കുക.
ഇതോടെ സിബിഐ ഡയറക്ടര്‍, തിരഞ്ഞെടുപ്പു കമിഷണര്‍മാര്‍, ദേശീയ മനുഷ്യാവകാശ കമിഷന്‍ ചെയര്‍പേഴ്സണ്‍ (എന്‍ എച് ആര്‍ സി), ചീഫ് വിജിലന്‍സ് കമിഷണര്‍മാര്‍ (സിവിസി) തുടങ്ങിയവരുടെ നിയമനത്തില്‍ ഇനി രാഹുലിനും തന്റേതായ അഭിപ്രായം അറിയിക്കാം.
എന്നാല്‍ പല സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളിലേക്കുള്ള നിയമനത്തില്‍ സര്‍കാരിന് തന്നെയായിരിക്കും അധികാരം. കാരണം തിരഞ്ഞെടുപ്പ് കമിഷന്‍, എന്‍ എച് ആര്‍ സി, സിവിസി തുടങ്ങിയവയുടെ മേധാവികളെയും അംഗങ്ങളെയും നിശ്ചയിക്കാനുള്ള മൂന്നംഗ സമിതിയില്‍ പ്രധാനമന്ത്രിയും ഒരു കേന്ദ്രമന്ത്രിയും അംഗങ്ങളായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സമിതിയില്‍ അംഗമായ രാഹുലിന് യോജിപ്പോ വിയോജിപ്പോ കൃത്യമായി ഉന്നയിക്കാനാകും.
പ്രതിപക്ഷ പാര്‍ടികളില്‍ ആര്‍ക്കും മതിയായ അംഗസംഖ്യ ഇല്ലാത്തതിനാല്‍ കഴിഞ്ഞ പത്തുകൊല്ലമായി ലോക് സഭയില്‍ പ്രതിപക്ഷനേതാവ് എന്ന സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ലോക് സഭയില്‍ അധീര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസിന്റെ സഭാനേതാവ്.