Rishi Sunak | 'ഹിന്ദുവായതില്‍ അഭിമാനം'; പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനക്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഹിന്ദുവായതില്‍ അഭിമാനമെന്ന് ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനക്.. ഡെല്‍ഹിയില്‍ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ജി20 ഉച്ചകോടിക്കിടെ ഞായറാഴ്ച രാവിലെയാണ് ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം അദ്ദേഹം അക്ഷര്‍ധാം സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ബ്രിടിഷ് പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനകിന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനമാണിത്. കനത്ത സുരക്ഷയില്‍ ക്ഷേത്രം സന്ദര്‍ശിച്ച ഋഷി സുനക്, ക്ഷേത്രത്തില്‍ പൂജയും ആരതിയും ഉള്‍പെടെയുള്ള ചടങ്ങുകള്‍ ചെയ്തു. ഒരുമണിക്കൂറോളം ദമ്പതികള്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചു.

ക്ഷേത്രം അധികാരികള്‍ അദ്ദേഹത്തിന് ക്ഷേത്രത്തിന്റെ മാതൃക നല്‍കുകയുണ്ടായി. ജി20ക്കായി ഡെല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പും, ഹിന്ദുവായതില്‍ അഭിമാനമുണ്ടെന്ന് സുനക് പറഞ്ഞിരുന്നു. 'അങ്ങനെയാണ് ഞാന്‍ വളര്‍ന്നത്. ഇന്‍ഡ്യയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാകുമെന്ന് കരുതുന്നു. തിരക്കുകള്‍ കാരണം ജന്മാഷ്ടമി ആഘോഷിക്കാനായില്ല.' എന്നും ഋഷി സുനക് പറഞ്ഞിരുന്നു. ജി20 ഉച്ചകോടിക്കായി രണ്ടു ദിവസത്തേക്കായിരുന്നു ഋഷി സുനകിന്റെ ഇന്‍ഡ്യ സന്ദര്‍ശനം.

ശനിയാഴ്ച ആരംഭിച്ച ദ്വിദിന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സുനക്കും ഭാര്യ അക്ഷത മൂര്‍ത്തിയും വെള്ളിയാഴ്ച ഡെല്‍ഹിയില്‍ എത്തിയിരുന്നു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഇരുവര്‍ക്കും വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. 'ജയ് സിയ റാം' എന്ന് പറഞ്ഞ് ദമ്പതികളെ അഭിവാദ്യം ചെയ്തു. ആതിഥ്യമര്യാദയുടെ അടയാളമായി, ദമ്പതികള്‍ക്ക് രുദ്രാക്ഷ മുത്തുകള്‍, ഭഗവദ് ഗീതയുടെ ഒരു പകര്‍പ്പ്, ഒരു ഹനുമാന്‍ ചാലിസ എന്നിവയും സമ്മാനിച്ചു.

ശനിയാഴ്ച ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുനക്കുമായി കൂടിക്കാഴ്ച നടത്തുകയും വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള വഴികളും ചര്‍ച ചെയ്തു. ഉച്ചകോടി നടക്കുന്ന സെന്‍ട്രല്‍ ഡെല്‍ഹിയിലെ പ്രഗതി മൈതാനത്തിന് ചുറ്റും വന്‍സുരക്ഷാ കവചമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ന്യൂഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവും ശക്തമാക്കിയിരുന്നു.
Rishi Sunak | 'ഹിന്ദുവായതില്‍ അഭിമാനം'; പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബ്രിടിഷ് പ്രധാനമന്ത്രി ഋഷി സുനക്


Keywords: ‘Proud Hindu' Rishi Sunak, his wife visit Akshardham temple, offer Prayers, New Delhi, News, Politics, Religion, Proud Hindu, Rishi Sunak, Akshardham Temple, Media, Airport, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia