'പൊലീസ് അങ്കിള്‍, സര്‍കാര്‍ സ്‌കൂളിന് സമീപം 5പേരെ കൊലപ്പെടുത്തിയിരിക്കുന്നു, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്'; 3-ാം ക്ലാസുകാരിയുടെ ഫോണ്‍ കോളില്‍ വലഞ്ഞ് പൊലീസ്

 


ഗാസിയാബാദ്: (www.kvartha.com 23.07.2021) മൂന്നാം ക്ലാസുകാരിയുടെ തമാശ ഫോണ്‍വിളിയില്‍ വലഞ്ഞ് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദിലെ സ്‌കൂളിന് സമീപം അഞ്ചുപേരെ കൊലപ്പെടുത്തിയെന്നാണ് എട്ടു വയസുകാരി പൊലീസിനെ വിളിച്ച് പറഞ്ഞത്. 

ഇതോടെ പരിഭ്രാന്തരായ പൊലീസ് സംഘം കുട്ടി പറഞ്ഞ സ്ഥലത്തുചെന്ന് അരിച്ചുപെറുക്കിയെങ്കിലും അങ്ങനെ ഒരു സംഭവം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഒടുവില്‍ കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ഒരു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 മണിയോടെയാണ് പൊലീസ് സംഘത്തിന് എട്ടു വയസുകാരിയുടെ ഫോണ്‍കോള്‍ വന്നത്. 'പൊലീസ് അങ്കിള്‍, സര്‍കാര്‍ സ്‌കൂളിന് സമീപം ലെയ്ന്‍ നമ്പര്‍ അഞ്ചില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയിരിക്കുന്നു. ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്' എന്നായിരുന്നു ഫോണ്‍ സന്ദേശം.

ഇതോടെ സമീപപ്രദേശങ്ങളില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ പൊലീസ് സംഘം പെണ്‍കുട്ടി പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും അവിടെ ഒരു കൂട്ടക്കൊല നടന്നതായുള്ള ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് സംഘം ഉറപ്പുവരുത്തി. ഇതോടെയാണ് ആരോ തങ്ങളെ കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ കോള്‍ വന്ന നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടി.

എന്നാല്‍, ഏകദേശം അര മണിക്കൂറിന് ശേഷം മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓണ്‍ ആയി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ നമ്പറിലേക്ക് തിരിച്ചുവിളിച്ചു. തുടര്‍ന്ന് ഫോണെടുത്തയാളുമായി സംസാരിച്ചതോടെയാണ് 'കൂട്ടക്കൊല' മൂന്നാം ക്ലാസുകാരിയുടെ വെറുമൊരു തമാശയാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ പൊലീസ് സംഘം ഹാജിപുരിലെ കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

പെണ്‍കുട്ടി ഇതുപോലെ നേരത്തെയും ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഒരിക്കല്‍ അമ്മാവനെ വിളിച്ച് അച്ഛന്‍ അപകടത്തില്‍പെട്ടെന്ന് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം ഈ വിവരമറിഞ്ഞ് കുട്ടിയുടെ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. വീട്ടിലെത്തിയതോടെയാണ് എട്ടു വയസുകാരിയുടെ തമാശയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്.

എന്തായാലും പൊലീസിനെ കബളിപ്പിച്ച മൂന്നാം ക്ലാസുകാരിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ടി വിയിലെ ഒരു ക്രൈം സീരിസില്‍ നിന്നാണ് പൊലീസിനെ വിളിക്കാനുള്ള നമ്പര്‍ ലഭിച്ചതെന്നായിരുന്നു കുട്ടിയുടെ മറുപടി.

ക്രൈം സീരിസിന്റെ കടുത്ത ആരാധികയായ കുട്ടി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ 112-ല്‍ വിളിച്ചാല്‍ മതിയെന്ന് മനസിലാക്കിയിരുന്നു. ഇതനുസരിച്ചാണ് 112-ല്‍ വിളിച്ചുനോക്കിയത്. മാത്രമല്ല, വിളിച്ചാല്‍ കൃത്യസമയത്ത് പൊലീസ് വരുമോയെന്നും കുട്ടിക്ക് അറിയേണ്ടതുണ്ടായിരുന്നു. ഇനിയും ഇത്തരത്തിലുള്ള പ്രാങ്ക് കോളുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയാണ് പൊലീസ് സംഘം മടങ്ങിയത്.

'പൊലീസ് അങ്കിള്‍, സര്‍കാര്‍ സ്‌കൂളിന് സമീപം 5പേരെ കൊലപ്പെടുത്തിയിരിക്കുന്നു, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്'; 3-ാം ക്ലാസുകാരിയുടെ ഫോണ്‍ കോളില്‍ വലഞ്ഞ് പൊലീസ്

Keywords:  ‘Police uncle, 5 murder ho gaya hai’: Ghaziabad cops pranked by Class 3 girl who liked watching crime shows, Girl, News, Local News, Phone call, Police, Parents, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia