ഇസ്റാഈൽ ചാരപ്പണി പുറത്തുവിട്ട പോർടലിന്റെ ഡൽഹി ഓഫീസിൽ പൊലീസ് പരിശോധന; വിചിത്രമെന്ന് എഡിറ്റർ; സ്വാതന്ത്ര്യ ദിന സുരക്ഷാ ഭാഗമെന്ന് ഡി സി പി
Jul 24, 2021, 23:56 IST
സൂപ്പി വാണിമേൽ
(www.kvartha.com 24.07.2021) ഇൻഡ്യ ഉൾപെടെ 10 രാഷ്ട്രങ്ങളിലെ പ്രമുഖരുടെ മൊബൈൽ ഫോണുകൾ ഇസ്റാഈൽ കമ്പനി ചോർത്തിയ വിവരം പുറത്തുവിടുന്ന 'ദി വയർ ന്യൂസ്' പോർടൽ ഡൽഹി ഓഫീസിൽ പൊലീസ് പരിശോധന. ഇക്കാര്യം വിചിത്ര നടപടി എന്ന അഭിപ്രായത്തോടെ പോർടൽ സ്ഥാപക പത്രാധിപർ സിദ്ധാർത്ഥ് വരദരാജാണ് ട്വിറ്ററിൽ അറിയിച്ചത്. എന്നാൽ സ്വാതന്ത്ര്യ ദിന പരേഡിന്റെ മുന്നോടിയായുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമാണ് പരിശോധനയെന്ന് ഡൽഹി ഡെപ്യൂടി പൊലീസ് കമീഷണർ ദീപക് യാദവ് ട്വിറ്ററിൽ പ്രതികരിച്ചു.
ഡൽഹി ഓഫീസിലെത്തിയ പൊലീസുകാരൻ മഹേഷ് ആരാണീ വിനോദ് ദുഅ? ആരാണ് സ്വര ഭാസ്കർ? നിങ്ങളുടെ വാടക കരാർ പത്രം കാണിക്കാമോ? അർഫയുമായി സംസാരിക്കാൻ പറ്റുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയതായി വരദരാജൻ ട്വീറ്റിൽ പറഞ്ഞു. വിനോദ് ദുഅയും അർഫ ഖനും ഷെർവാനിയും ദി വയറിൽ എഴുതുന്ന മാധ്യമപ്രവർത്തകരാണെന്ന് വരദരാജൻ ദി പ്രിന്റ് ന്യൂസ് പോർടലിനോട് പറഞ്ഞു.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരിശോധനയാണെന്ന ഡി സി പിയുടെ വാദം വിചിത്രമാണ്. സാധാരണ പരിശോധനയുടെ ഭാഗമാണെങ്കിൽ എന്തിനാണ് സ്വര ഭാസ്കറിനെക്കുറിച്ച് അന്വേഷിച്ചത്? നാലു വർഷമായി ഈ വാടകക്കെട്ടിടത്തിൽ സ്ഥാപനത്തിന്റെ ബോർഡ് പ്രദർശിപ്പിച്ചാണ് പ്രവർത്തിച്ചുവരുന്നത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ നിരവധി ഓഫീസർമാർ മുമ്പ് പലതവണ ഇവിടെ വിവിധ സന്ദർഭങ്ങളിൽ സന്ദർശിച്ചിട്ടുമുണ്ടെന്ന് വ്യക്തമാക്കി.
പോർടൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസ് വാടകക്ക് ബോർഡിന്റെ പടം ഉൾപെടെയാണ് ഡിസിപി ട്വിറ്ററിൽ മറുപടി നൽകിയത്. പോർടൽ ഓഫീസിൽ പരിശോധന നടത്തിയ ബീറ്റ് പൊലീസ് ഓഫീസർ മഹേഷ് തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞതായി സീനിയർ എഡിറ്റർ അർഫ ഖനു ഷെർവാനി ട്വീറ്റ് ചെയ്തു.
ഉച്ചക്കാണ് മഹേഷ് ഓഫീസിൽ വന്നത്. തന്റെയും വിനോദ് ദുഅ, സ്വര ഭാസ്കർ, ഏതോ ഒരു അസിഫ് തുടങ്ങിയവരുടെ പേരുകളുടെ പട്ടിക അയാളുടെ കൈയിലുണ്ടായിരുന്നു. തന്നോട് സംസാരിക്കണം എന്ന് അയാൾ നിർബന്ധം പിടിച്ചതിനാൽ സഹപ്രവർത്തകൻ നമ്പറിൽ വിളിച്ച് ഫോൺ കൈമാറി. പട്ടികയിലെ പേരുകാരെക്കുറിച്ചാണ് അയാൾ ചോദിച്ചത്. ആഗസ്റ്റ് 15ന്റെ സുരക്ഷ ഭാഗമാണ് പരിശോധന, ജോലി നിർവഹിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞ അയാൾ തന്റെ ഫോൺ നമ്പർ കുറിച്ചെടുത്താണ് പോയത്-ഷെർവാനി കുറിച്ചു.
Keywords: National, News, Trending, Top-Headlines, India, Israel, Raid, Police, BJP, Journalist, Office, Police raid in The Ware News Delhi office; DCP says part of Independence Day security.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.