ഫെയ്സ്ബുകിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈക്കാരി കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടി കടന്നു; 22 കാരനായ പാക് യുവാവ് പിടിയില്‍

 


ജയ്പുര്‍: (www.kvartha.com 06.12.2021) ഫെയ്സ്ബുകിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈക്കാരി കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടി കടന്ന 22 കാരനായ പാക് യുവാവ് പിടിയില്‍. 

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് അതിര്‍ത്തിവേലി ചാടി കടന്നതിന് പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് ആമിറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് ഫെയ്സ്ബുകിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈയിലെ യുവതിയുടെ അടുത്തേക്ക് പോകാനാണ് അതിര്‍ത്തി ചാടാന്‍ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞത്.

ഫെയ്സ്ബുകിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത മുംബൈക്കാരി കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടി കടന്നു; 22 കാരനായ പാക് യുവാവ് പിടിയില്‍

ശനിയാഴ്ച ബിഎസ്എഫിന്റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലാകുന്നതെന്ന് ശ്രീ ഗംഗാനഗര്‍ എസ്പി ആനന്ദ് ശര്‍മ പറഞ്ഞു. ഒരു മൊബൈല്‍ ഫോണും കുറച്ച് പണവും യുവാവില്‍ നിന്ന് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.

ബഹവല്‍പുര്‍ ജില്ലയിലെ ഹസില്‍പുര്‍ തഹ്സിലിലുള്ള മുഹമ്മദ് ആമിര്‍ എന്നാണ് ഇയാള്‍ പൊലീസിനോട് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുകില്‍ പരിചയപ്പെട്ട സ്ത്രീയുമായി താന്‍ പ്രണയത്തിലാണെന്നും ദീര്‍ഘനാളായി യുവതിയുമായുള്ള ബന്ധം തുടരുന്നുണ്ടെന്നും പരസ്പരം നമ്പറുകള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

മുംബൈയിലേക്ക് പോകുന്നതിന് ഇന്‍ഡ്യന്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്‍ഡ്യന്‍ അധികൃതര്‍ അഭ്യര്‍ഥന നിരസിച്ചതായി മുഹമ്മദ് ആമിര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ മുംബൈയിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അതിര്‍ത്തി ചാടി കടന്ന് മുംബൈയിലെത്താന്‍ ശ്രമിച്ചതെന്നും ആമിര്‍ മൊഴി നല്‍കി.

അതേ സമയം അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് ഇയാള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. താന്‍ നടക്കുമെന്നാണ് ആമിര്‍ മറുപടി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്‍ഡ്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമീര്‍ താമസിക്കുന്ന ഹസില്‍പൂര്‍ തഹ്സില്‍. ഇവിടെ നിന്ന് എങ്ങനെയാണ് അതിര്‍ത്തിയിലെത്തിയതെന്നും വ്യക്തമല്ല.

അതേ സമയം ആമിര്‍ പറഞ്ഞ മുംബൈയിലെ യുവതിയെ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രമേ ഇത്തരമൊരു നടപടികളിലേക്ക് കടക്കൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.

ഇയാള്‍ക്ക് മുംബൈയിലുള്ള കാമുകിയെ കാണാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ 22-കാരനെ പാകിസ്താന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords:  ‘Pakistan man, 22, crossed border fence to meet Mumbai woman he loved; caught’: Cops, Jaipur, News, Protection, Facebook, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia