Fire Accident | കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തില്‍ ഉണ്ടായ തീപ്പിടിത്തം: മരിച്ച മലയാളികളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി


മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കും
കേന്ദ്രസര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍
ന്യൂഡെല്‍ഹി: (KVARTHA) കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തില്‍ ഉണ്ടായ വന്‍ തീപിടുത്തം അതീവ സങ്കടകരമാണെന്നും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികള്‍ ഉണ്ടെന്നത് നടുക്കം വര്‍ദ്ധിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കും.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍കാര്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിദേശ കാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അപകടത്തില്‍ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 25 പേര്‍ മലയാളികളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍ സ്ഥിരീകരണം ഇല്ല. ഏഴ് മലയാളികളെ തിരിച്ചറിഞ്ഞു.
പന്തളം സ്വദേശി ആകാശ് എസ് നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ശമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് (34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരന്‍ (68), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), കൊല്ലം വെളിച്ചിക്കാല ലൂക്കോസ് (48) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പുലര്‍ച്ചെ തൊഴിലാളികള്‍ സുഖനിദ്രയിലായിരിക്കുമ്പോഴാണ് മരണം തീയുടെയും പുകയുടെയും രൂപത്തില്‍ എത്തിയത്. ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുമ്പോള്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാനായില്ല. തലേദിവസത്തെ ജോലിയുടെ ക്ഷീണത്തിലായിരുന്ന പലരും താഴത്തെ നിലയിലെ പൊട്ടിത്തെറി അറിഞ്ഞില്ല.
ഈജിപ്ഷ്യന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിന്‍ഡറാണ് പൊട്ടിത്തെറിച്ചത്. നിമിഷ നേരം കൊണ്ട് തീയും പുകയും ആറു നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് എഴുന്നേറ്റ ചിലര്‍ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തില്‍ തീപടര്‍ന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ബഹുനില മന്ദിരങ്ങളിലെ നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടിയന്തര നിര്‍ദേശം നല്‍കി. മുറിയില്‍ ഇരുട്ടുനിറഞ്ഞതിനാല്‍ പുറത്തേക്കുള്ള വാതിലുകള്‍ കണ്ടെത്താന്‍ പോലും ആളുകള്‍ പ്രയാസപ്പെട്ടു.
പ്രാണ രക്ഷാര്‍ഥം കെട്ടിടത്തിന്റെ ബാല്‍കണിയിലൂടെയും ജനലിലൂടെയും പലരും താഴേക്കു ചാടുകയായിരുന്നു. മരിച്ചവര്‍ ആരെല്ലാമെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളു. മലയാളി ഉടമസ്ഥതയിലുള്ള കംപനിയില്‍ നിന്നുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്‍ഡ്യക്കാര്‍ തന്നെയാണ്.