ആര്യനെ കുടുക്കിയത്, പിന്നില്‍ ബി ജെ പി നേതാക്കള്‍; ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ എന്‍സിബിക്ക് എതിരെ തെളിവുസഹിതം ഗുരുതര ആരോപണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്

 


മുംബൈ: (www.kvartha.com 09.10.2021) ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് (എന്‍സിബി) എതിരെ ഗുരുതര ആരോപണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്. കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരി മരുന്ന് പാര്‍ടിക്കിടെ കപ്പലില്‍ നിന്ന് ബോളിവുഡ് താരം ശാറൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെടെ 11 പേരെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇതില്‍ മൂന്നു പേരെ മണിക്കൂറുകള്‍ക്കകം തന്നെ എന്‍സിബി വിട്ടയച്ചെന്നുമാണ് നവാബ് മാലികിന്റെ ആരോപണം.

ആര്യനെ കുടുക്കിയത്, പിന്നില്‍ ബി ജെ പി നേതാക്കള്‍; ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ എന്‍സിബിക്ക് എതിരെ തെളിവുസഹിതം ഗുരുതര ആരോപണവുമായി എന്‍സിപി നേതാവ് നവാബ് മാലിക്

വിട്ടയച്ചതില്‍ ഒരാള്‍ ബിജെപി നേതാവ് മോഹിത് ഭാരതിയയുടെ ഭാര്യാസഹോദരന്‍ ഋഷഭ് സച്ച് ദേവയാണെന്നും നവാബ് പറഞ്ഞു. മുംബൈ യുവമോര്‍ചയുടെ മുന്‍ അധ്യക്ഷനാണ് മോഹിത്. ഋഷഭിനു പുറമെ പ്രതിക് ഗാബ, ആമിര്‍ ഫര്‍ണിചര്‍വാല എന്നിവരെയും കസ്റ്റഡിയില്‍ എടുത്ത് രണ്ടു മണിക്കൂറിനകം എന്‍സിബി വിട്ടയച്ചുവെന്നും നവാബ് മാലിക് ആരോപിച്ചു.

ആര്യനില്‍ നിന്ന് എന്‍സിബിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ഇവരാണ് ആര്യനെ ആഡംബരക്കപ്പലില്‍ എത്തിച്ചതെന്നും നവാബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രതികിന്റെയും ആമിറിന്റെയും പേരുകള്‍ കോടതിയില്‍ വിചാരണവേളയില്‍ കേട്ടിരുന്നതായും നവാബ് അറിയിച്ചു.

എന്‍സിബി സംഘം നടത്തിയ റെയ്ഡില്‍ പിടികൂടിയവരുടെ ദൃശ്യങ്ങള്‍ അടക്കമാണ് നവാബ് ആരോപണം ഉന്നയിച്ചത്. ഇതില്‍ ഇവര്‍ മൂവരെയും എന്‍സിബി ഓഫിസില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങളും ഉള്‍പെടും. ഒരു ബിജെപി നേതാവിന്റെ ബന്ധുവിനെ ക്രൂസ് കപ്പലില്‍ നിന്ന് എന്‍സിബി പിടിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്‌തെന്ന് നവാബ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആര്യനെ എന്‍സിബി കുടുക്കിയതാണെന്നും ബിജെപി നേതാക്കളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവര്‍ മൂന്നുപേരുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട നവാബ്, റെയ്ഡിന് ചുക്കാന്‍ പിടിച്ച എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെയെ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സച്ച് ദേവിന്റെ പിതാവും ബന്ധുവും എന്‍സിബി ഓഫിസില്‍ എത്തിയിരുന്നു. മുംബൈയിലും ഡെല്‍ഹിയിലുമുള്ള ബിജെപി നേതാക്കള്‍ വാങ്കഡെയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്നും നവാബ് മാലിക് പറഞ്ഞു.

11 പേരെയാണ് കപ്പലില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തതെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത ചിലരെ മാത്രമാണ് എന്‍സിബി അറസ്റ്റു ചെയ്തത്. ആരുടെ നിര്‍ദേശപ്രകാരമാണ് മൂന്നു പേരെ വിട്ടയച്ചതെന്ന് വ്യക്തമാക്കണം. ഇത് വളരെ ഗൗരവമായ വിഷയമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിശദമായ അന്വേഷണം നടത്തുകയും വേണം.

മഹാരാഷ്ട്ര സര്‍കാരിനെയും സിനിമാ മേഖലയെയും മോശമാക്കി കാണിക്കാന്‍ ആസൂത്രണം ചെയ്ത വ്യാജ റെയ്ഡാണ് ക്രൂസില്‍ നടന്നത്. മുംബൈ പൊലീസിന്റെ ആന്റി നര്‍കോടിക് സെല്‍ ഇതില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും നവാബ് പറഞ്ഞു.

Keywords:  Nawab Malik claims NCB let off brother-in law of BJP leader, 2 others in cruise rave party case, Mumbai, News, Allegation, BJP, Criticism, Police, Ship, Drugs, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia