ചക്കച്ചുളയുടെ സൗരഭ്യവുമായി ധര്‍മ്മസ്ഥലയില്‍ ദേശീയ ചക്കമഹോത്സവത്തിന് കൊടിയേറി

 


ചക്കച്ചുളയുടെ സൗരഭ്യവുമായി ധര്‍മ്മസ്ഥലയില്‍ ദേശീയ ചക്കമഹോത്സവത്തിന് കൊടിയേറി
മംഗലാപുരം : ചക്കച്ചുളയുടെ സൗരഭ്യവുമായി ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥന്റെ മണ്ണില്‍ ദേശീയ ചക്കമഹോത്സവത്തിന് കൊടിയേറി. കാസര്‍കോട് ജില്ലയിലും ദക്ഷിണകര്‍ണാടകയുടെ മുക്കിലും മൂലയിലും ചക്കയുല്‍പ്പാദനത്തിന്റെ സന്ദേശം വ്യാപിക്കുന്നതിനിടയിലാണ് ദേശീയ ചക്ക മഹോത്സവം ധര്‍മ്മസ്ഥലയില്‍ തിങ്കളാഴ്ച ആരംഭിച്ചത്. ചൊവ്വാഴ്ച സമാപിക്കും.

കാസര്‍കോട് ജില്ലയിലെ ചില സ്‌കൂളുകളിലും ഗ്രാമീണ കര്‍ഷക സന്നദ്ധസംഘടനകളും ഇക്കൂറി ചക്ക മഹോത്സവം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. കര്‍ണാടകയിലെ ബംഗളൂരൂ, മംഗളുരൂ, സിര്‍സി, തിര്‍ത്ഥഹള്ളി, നിട്ടൂര്‍ എന്നിവിടങ്ങളിലും മെഗാമേളകള്‍ നടന്നിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാവങ്ങളുടെ ദേശീയ ഭക്ഷണമായിരുന്ന ചക്ക. പഞ്ഞമാസങ്ങളില്‍ വിശപ്പടക്കന്‍ ചക്കയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ചക്കകൊണ്ടുള്ള പലതരം വിഭവങ്ങള്‍ അക്കാലത്ത് വീട്ടമ്മമാര്‍ വിളമ്പുമായിരുന്നു. പുതിയതലമുറയ്ക്ക് ചക്ക തികച്ചും അന്യം തന്നെ.

പശ്ചിമഘട്ട മലനിരകളിലാണ് ചക്കകായ്ക്കുന്ന പ്ലാവിന്റെ ജനനം. അതായത് തനി ഇന്ത്യന്‍. എന്നാല്‍ ലോകമെമ്പാടും പ്ലാവും ചക്കയും ഇതിനകം എത്തികഴിഞ്ഞു. ഫിലിപൈന്‍സാണ് ചക്ക ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന വിദേശ രാജ്യം. കര്‍ണാടകയിലെ ദേശീയ-സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ചക്ക വിപണിയുടെ പ്രാധാന്യം മനസിലാകും. റോഡിന്റെ ഇരുകരകളിലും ചക്ക കൊണ്ട് വന്‍മതിലുയര്‍ത്തിയാണ് ആവശ്യക്കാര്‍ക്ക് ഇത് വിറ്റഴിക്കുന്നത്.
ചക്കച്ചുളയുടെ സൗരഭ്യവുമായി ധര്‍മ്മസ്ഥലയില്‍ ദേശീയ ചക്കമഹോത്സവത്തിന് കൊടിയേറി


ബാംഗ്ലൂരിലെ കാര്‍ഷിക സര്‍വ്വകലാശാല ചക്ക ഉല്‍പാദനം വാണിജ്യവല്‍ക്കാരിക്കാനുള്ള പദ്ധതിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കാസര്‍കോട്ടെ പെര്‍ളയിലെ ശ്രീ പദ്രെയ്ക്ക് ചക്കയെ കുറിച്ച് പറയുമ്പോള്‍ ആയിരംനാവാണ്. ഇതിന്റെ വിപണിസാധ്യതതെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ശ്രീ പദ്രെയിപ്പോള്‍.

രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് അവശ്യം കഴിക്കേണ്ട ഒന്നാണ് ചക്ക. നൂറു ഗ്രാം ചക്ക ചുളയില്‍ 303 ഗ്രാം പൊട്ടാസ്യമുണ്ടെന്നാണ് കണക്ക്. ഇത് രക്തസമ്മര്‍ദ്ദം കുറഞ്ഞവര്‍ക്ക് കൂടിയവര്‍ക്കും അത്യന്താപേക്ഷിതമാണെന്ന് വൈദ്യലോകം വിധിച്ചിട്ടുണ്ട്. തനി ഇന്ത്യനാണെങ്കിലും ലോകത്ത് ചക്ക ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യയ്ക്ക്.

ദേശീയ ചക്ക മഹോത്സവത്തിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് മഴകൂസാതെ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ചക്ക ചുളയുടെ സൗരഭ്യം പരന്ന ഉത്സവ നഗരിയില്‍ ചക്ക കൊണ്ടുള്ള വിവിധയിനം വിഭവങ്ങള്‍ കണ്ട് ഇതിന്റെ സ്വാദ് തൊട്ടറിയുകയാണ് ജനം.


ബ്രഹ്മാവറിലെ കാര്‍ഷിക ഗവേഷണ കേന്ദ്രവും ധര്‍മ്മസ്ഥല ക്ഷേത്ര ഗ്രാമവികസന സംഘവും കൃഷി സമാജവും ദക്ഷിണ കര്‍ണാടകയിലെ ഇതരകര്‍ഷക സംഘടനകളും ചേര്‍ന്നാണ് ദേശീയ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.

Keywords:  Mangalore, National, Jackfruit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia