Narendra Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി എന്‍ഡിഎ നേതാക്കളുടെ പിന്തുണക്കത്ത് കൈമാറി; സര്‍കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു


കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം ട്രെയിലര്‍ മാത്രം
പുതിയ ഇന്‍ഡ്യ (ന്യൂ ഇന്‍ഡ്യ - N), വികസിത ഇന്‍ഡ്യ (ഡവലപ്ഡ് ഇന്‍ഡ്യ D), അഭിലാഷ ഇന്‍ഡ്യ (ആസ്പിരേഷനല്‍ ഇന്‍ഡ്യ A) എന്ന് എന്‍ഡിഎയ്ക്ക് പുതിയ നിര്‍വചനവും നല്‍കി
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എന്‍ഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. മോദിയെ സര്‍കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെ സന്ദര്‍ശിച്ച് ആശീര്‍വാദം നേടിയതിന് ശേഷമാണ് മോദി രാഷ്ട്രപതി ഭവനിലെത്തി കത്ത് കൈമാറിയത്.
ഞായറാഴ്ച വൈകിട്ട് ആറുമണിക്കായിരിക്കും സത്യപ്രതിജ്ഞ. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ് നാഥ് സിങ്ങാണ് മോദിയെ നേതാവായി നാമനിര്‍ദേശം ചെയ്തത്. അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ പിന്താങ്ങി. എന്‍ഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ഏക് നാഥ് ഷിന്‍ഡെ, അജിത് പവാര്‍, പവന്‍ കല്യാണ്‍, ചിരാഗ് പാസ്വാന്‍, അനുപ്രിയ പട്ടേല്‍, ജിതന്‍ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.
രാവിലെ ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും പാര്‍ലമെന്ററി പാര്‍ടി യോഗത്തിലുണ്ടായിരുന്നു. ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗം പ്രത്യേകം വിളിക്കാതെ എന്‍ഡിഎ യോഗമാണ് ചേര്‍ന്നത്. ബ്രേകിങ് ന്യൂസുകളുടെ അടിസ്ഥാനത്തിലാവില്ല, വികസനത്തിന്റെ ലക്ഷ്യത്തിലാണ് രാജ്യം മുന്നോട്ടു പോവുകയെന്ന് മോദി യോഗത്തില്‍ പറഞ്ഞു.
നിങ്ങള്‍ നല്‍കിയ പുതിയ ഉത്തരവാദിത്തത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണെന്ന് പറഞ്ഞ മോദി 2019-ല്‍ സമാനമായ അവസരത്തിലും ഞാന്‍ സംസാരിച്ചത് വിശ്വാസത്തെക്കുറിച്ചാണെന്നും ഇതേ വിശ്വാസത്തെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത് എന്നും വ്യക്തമാക്കി. പാര്‍ലമെന്റില്‍ എല്ലാ പാര്‍ടികളുടേയും നേതാക്കള്‍ തുല്യരാണ്. അതിനാലാണ് കഴിഞ്ഞ 30 വര്‍ഷമായി എന്‍ഡിഎ സഖ്യം ശക്തമായി മുന്നോട്ട് പോകുന്നത്.
ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ജോലിത്തിരക്കിലായിരുന്നു. പിന്നീട് വിളിച്ചവരോട് വോടെണ്ണല്‍ യന്ത്രം ജീവനയോടെയുണ്ടോ എന്നാണ് ചോദിച്ചത്. ഇന്‍ഡ്യയുടെ ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങള്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. അവര്‍ തുടര്‍ചയായി ഇവി എമ്മിനെതിരെ സംസാരിച്ചുകൊണ്ടിരുന്നു. ജൂണ്‍ നാലിന് ഇതെല്ലാം അവസാനിച്ചു. അഞ്ച് വര്‍ഷത്തേക്ക് ഇവി എമ്മിനെക്കുറിച്ച് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇത് എന്‍ഡിഎയുടെ മഹാവിജയമാണെന്ന് ലോകം വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം എങ്ങനെയാണ് കടന്നുപോയതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്‍ഡിഎ തോറ്റുപോയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി അവര്‍ക്ക് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍, രാജ്യത്തിലെ ഏറ്റവും ശക്തമായ സഖ്യകക്ഷി സര്‍കാര്‍ ഇതായിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനം ട്രെയിലര്‍ മാത്രമാണ്. പുതിയ ഇന്‍ഡ്യ (ന്യൂ ഇന്‍ഡ്യ - N), വികസിത ഇന്‍ഡ്യ (ഡവലപ്ഡ് ഇന്‍ഡ്യ -D), അഭിലാഷ ഇന്‍ഡ്യ (ആസ്പിരേഷനല്‍ ഇന്‍ഡ്യ A) എന്ന് എന്‍ഡിഎയ്ക്ക് പുതിയ നിര്‍വചനവും മോദി നല്‍കി. പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കൊപ്പം മധ്യവര്‍ഗക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതികള്‍ ഉണ്ടാവും. മൂന്നാം എന്‍ഡിഎ സര്‍കാര്‍ അതിവേഗ വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തിന് എന്‍ഡിഎയെ മാത്രമേ വിശ്വാസമുള്ളൂ. അധികാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ ഇന്‍ഡ്യാ മുന്നണിയെ ജനം തിരസ്‌കരിച്ചു. ഇന്‍ഡ്യാ മുന്നണി അതിവേഗം തകരും. 10 കൊല്ലമായിട്ടും 100 സീറ്റ് തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇലക്ട്രോണിക് വോടിങ് യന്ത്രത്തെ നിരന്തരം വിമര്‍ശിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും മോദി പറഞ്ഞു.
പ്രതിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ മനഃസ്ഥിതിയുള്ളവരാണ്. ആധുനികതയെ അവര്‍ എതിര്‍ക്കുന്നു. കേരളമടക്കം ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ എന്‍ഡിഎയ്ക്ക് നല്‍കിയ പിന്തുണ മോദി എടുത്തുപറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണത്തിന്റെ ഫലമായി ഇത്തവണ ബിജെപിക്ക് പ്രതിനിധിയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നേകാല്‍ മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ മുന്‍ സര്‍കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചെങ്കിലും രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് മോദി ഒന്നും പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായി. രാവിലെ എന്‍ഡിഎ ഘടകകക്ഷികളുടെ പാര്‍ലമെന്ററി പാര്‍ടി യോഗങ്ങള്‍ ചേര്‍ന്ന് മോദിക്ക് പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചിരുന്നു.
തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന. നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് അദ്ദേഹം എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.