Police Alert | 'ഭീകരാക്രമണം നടന്ന കൊളാബയിലെ നരിമാന്‍ ഹൗസിന്റെ ചിത്രങ്ങള്‍ ഭീകരരുടെ കയ്യില്‍'; മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം
Jul 30, 2023, 16:27 IST
മുംബൈ: (www.kvartha.com) ഭീകരാക്രമണം നടന്ന കൊളാബയിലെ ചാബാദ് ഹൗസിന്റെ (നരിമാന്‍ ഹൗസ്) ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയതായി പൊലീസ്. ഈ സാഹചര്യത്തില്‍ മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചബാദ് ഹൗസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.
പൊലീസ് പറയുന്നത്: രാജസ്താനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെയില്‍ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരരില്‍ നിന്നാണ് ചബാദ് ഹൗസിന്റെ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് വിവരം. മധ്യപ്രദേശിലെ രത്ലം സ്വദേശികളായ മുഹമ്മദ് ഇമ്രാന്‍ യൂനുസ് ഖാന്‍, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപും ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.
2008 നവംബര്‍ 26 നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. മൂന്നുനാള്‍ നീണ്ട ഭീകരരുടെ തേര്‍വാഴ്ച 166 പേരുടെ ജീവനെടുത്തു. മുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു.
ആക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കും എന്‍ എസ് ജി കമാന്‍ഡോകള്‍ക്കും പൊലീസുകാര്‍ക്കും ജീവഹാനി സംഭവിച്ചു.
മുംബൈയുടെ പ്രധാന ഇടങ്ങളായ ലോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, ഒബ്‌റോയ് ട്രിഡന്റ്, ഛത്രപതിശിവാജി ടെര്‍മിനല്‍സ്, താജ് ഹോടെല്‍, നരിമാന്‍ ഹൗസ് എന്നീ സ്ഥലങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
2008 നവംബര്‍ 26 രാത്രി 9.30ഓടെയായിരുന്നു സംഭവം. മുംബൈ ലിയോപോള്‍ഡ് കഫേയില്‍ ആദ്യ ആക്രമണം നടക്കുന്നു. 10 മണിക്ക് ഛത്രപതി റെയില്‍വെ സ്റ്റേഷനില്‍ ആക്രമണമുണ്ടായി. അതേ മണിക്കൂറില്‍ നരിമാന്‍ ഹൗസ്, ഒബ്‌റോയ് ഹോടെല്‍, താജ് ഹോടെല്‍ എന്നിവിടങ്ങളിലും വെടിവയ്പ് നടത്തുകയായിരുന്നു.
27 ന് പുലര്‍ചെ 3:00 താജ് ഹോടെലില്‍ തീപ്പിടിത്തമുണ്ടായി. രാത്രി ഒമ്പത് മണിയോടെ താജ് ഹോടെലില്‍ നിന്ന് നാല് തീവ്രവാദികളുടേതടക്കം 22 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ചാബാദ് ഹൗസ്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. ഇരുവിഭാഗവും നടത്തിയ വെടിവെയ്പും സ്ഫോടനങ്ങളുമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് ഇടയാക്കിയത്.
ജനലുകളും കെട്ടിടത്തിനുള്ളിലെ ഫര്‍ണിചറുകളും മറ്റും പൂര്‍ണമായി തകര്‍ന്നതിന് പുറമെ ചുമരുകളിലും സീലിങ്ങുകളിലും വലിയ തുളകളും വീണിരുന്നു. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിയ്ക്കുന്നതിന് കമാന്‍ഡോകള്‍ പലയിടങ്ങളിലെ ചുമരുകള്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
Keywords: News, National, National-News, Police-News, Mumbai, Police, Security, Chabad House, Terror Suspects, Mumbai Police heightens security outside Chabad house after recovering images of 26/11 site from terror suspects.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.