Central Minister | 'സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍' പരിപാടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നു, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റികുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാനുള്ള കേന്ദ്ര സര്‍കാരിന്റെ ശ്രമങ്ങളെ പിന്തുണക്കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ഗവണ്മെന്റിന്റെ 75 ദിവസം നീണ്ടുനില്‍ക്കുന്ന 'സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍' പരിപാടി ജനപങ്കാളിത്തത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നുവെന്ന് വിദേശകാര്യ, പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ കോവളം ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്. 'സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍' പരിപാടിയുടെ ഭാഗമായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എന്‍സിസി, എന്‍വൈകെ തുടങ്ങിയ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം ലഘൂകരിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന്‍ ജനങ്ങളോട്, പ്രത്യേകിച്ച് യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ ഉപഭോഗം ചെയ്യണമെന്നും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിഇഎസ്എസ് ഡയറക്ടര്‍ പ്രൊഫ ജ്യോതിരഞ്ജന്‍ എസ് റേ അധ്യക്ഷനായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് ജി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍സിഇഎസ്എസ് ശാസ്ത്രജ്ഞന്‍ ഡോ റെജി ശ്രീനിവാസ് സ്വാഗതം പറഞ്ഞു. കോവളം ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ടി എന്‍ സുരേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ഫൈസി എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: New Delhi, News, National, Minister, Minister V Muraleedharan about Swachh Sagar, Surakshit Sagar.