Mallikarjun Kharge | മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്‍ഡ്യ കംപനിയെ കുറിച്ച് പറയുന്നു; വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 


ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ഇന്‍ഡ്യ കംപനിയെ കുറിച്ച് പറയുന്നു. വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിരവധി പേരെ കൊല്ലുകയും വീടുകളും സ്ഥാപനങ്ങളും കത്തിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് മണിപ്പൂരില്‍ കാണുന്നത്.

അതുകൊണ്ടുതന്നെ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന ആവശ്യം പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' കഴിഞ്ഞ നാലുദിവസമായി പാര്‍ലമെന്റില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മോദി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. മണിപ്പൂരിനെ ചൊല്ലി ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായി. ഉച്ചയ്ക്ക് സഭ സമ്മേളിച്ചപ്പോള്‍ ചോദ്യോത്തര വേളയുടെ തുടക്കം മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ 'മണിപ്പൂര്‍, മണിപ്പൂര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി. റൂള്‍ 267 പ്രകാരം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ചയ്ക്ക് 50 അംഗങ്ങള്‍ നോടീസ് നല്‍കിയെങ്കിലും സര്‍കാര്‍ തയാറായിട്ടില്ലെന്നും ഖാര്‍ഗെ ആരോപിച്ചു.

മണിപ്പൂരിനെ ചൊല്ലി രാജ്യസഭയില്‍ മന്ത്രി പിയൂഷ് ഗോയലും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വാക് തര്‍ക്കം നടത്തി. മോദിക്ക് പകരം ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച നടത്താന്‍ തയാറാണെന്നും രാജസ്താന്‍, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച ചെയ്യാമെന്നും ഗോയല്‍ പറഞ്ഞു.

'ആഭ്യന്തര മന്ത്രി അതിന് തയാറാണ്... അദ്ദേഹം പാലും വെള്ളവും(സത്യവും നുണയും) വേര്‍തിരിക്കും' -അദ്ദേഹം പറഞ്ഞു. എന്നാല്‍, മോദി സഭയില്‍ വരാത്തതിനെ ഖാര്‍ഗെ ചോദ്യം ചെയ്തു. 'ഇത്രയും ആളുകള്‍ ഇതിനെക്കുറിച്ച് ചര്‍ച ആഗ്രഹിക്കുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ സംസാരിക്കാന്‍ തയാറാകാത്തത് എന്നും എന്തുകൊണ്ടാണ് മോദി സാഹബ് ഇവിടെ വന്ന് സ്ഥിതിഗതികള്‍ വിശദീകരിക്കാത്തതെന്നും ഖാര്‍ഗെ ചോദിച്ചു. പുറത്ത് ഈസ്റ്റ് ഇന്‍ഡ്യാ കംപനിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ മണിപ്പൂരിനെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അദ്ദേഹം തയാറല്ല' - എന്നും ഖാര്‍ഗം കുറ്റപ്പെടുത്തി.

ഖാര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്ത ഗോയല്‍, പ്രതിപക്ഷം സഭയെ ശല്യപ്പെടുത്തുകയാണെന്നും പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ആരോഗ്യകരമായ സംവാദവും ചര്‍ചയും നടത്താമെന്നും പറഞ്ഞു.

'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മണിപ്പൂര്‍, ഛത്തീസ്ഗഢ്, രാജസ്താന്‍ എന്നിവിടങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സംസ്ഥാന സര്‍കാരുകള്‍ ഉത്തരവാദിത്തം കാണിക്കണം' -ഗോയല്‍ പറഞ്ഞു.

നേരത്തെ, പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യക്കെതിരെ ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ പ്രധാനമന്ത്രി മോദി പരിഹാസം അഴിച്ചുവിട്ടിരുന്നു. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്‍ഡ്യ കംപനി, ഇന്‍ഡ്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ എന്നിവയിലെല്ലാം ഇന്‍ഡ്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

'ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ' -എന്നും മോദി പറഞ്ഞു.

Mallikarjun Kharge | മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി ഈസ്റ്റ് ഇന്‍ഡ്യ കംപനിയെ കുറിച്ച് പറയുന്നു; വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. 'മോദീ, താങ്കള്‍ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മള്‍ ഇന്‍ഡ്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. എല്ലാ ജനങ്ങള്‍ക്കും ഞങ്ങള്‍ സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്‍ഡ്യ എന്ന ആശയം ഞങ്ങള്‍ പുനര്‍നിര്‍മിക്കും' - എന്നും രാഹുല്‍ തിരിച്ചടിച്ചു.

Keywords:  Manipur is burning and PM Modi is talking about East India Company: Mallikarjun Kharge, New Delhi, News, Politics, Congress, Rahul Gandhi, Criticism, Parliament, BJP, Narendra Modi, Notice, National Notice.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia