അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കാമുകിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായി ആത്മഹത്യാ കുറിപ്പ്

 


മധുര: (www.kvartha.com 05.05.2021) അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പില്‍ കാമുകിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും. 

അഭിഭാഷകനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; കാമുകിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായി ആത്മഹത്യാ കുറിപ്പ്
മധുരയില്‍ താമസിക്കുന്ന അഭിഭാഷകനായ ഹരികൃഷ്ണനാണ്(40) കാമുകിയും യോഗ പരിശീലകയുമായ ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരുമാസമായി യാതൊരു തുമ്പും ലഭിക്കാതിരുന്ന ചിത്രാദേവിയുടെ തിരോധാനത്തിലും ചുരുളഴിഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവിടെ പത്ത് വയസ്സുള്ള മകളോടൊപ്പമായിരുന്നു ഹരികൃഷ്ണന്‍ താമസിച്ചിരുന്നത്. ചിത്രാദേവിയുടെ തിരോധാനത്തില്‍ ഇവരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഹരികൃഷ്ണനിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഈ കുറിപ്പിലാണ് ചിത്രാദേവിയെ കൊന്ന് വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായി എഴുതിയിരിക്കുന്നത്. കുറ്റം ഏറ്റെടുക്കാനും ശിക്ഷ ഏറ്റുവാങ്ങാനുമുള്ള കെല്‍പ്പില്ലാത്തതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും കുറിപ്പിലുണ്ടായിരുന്നു.

അതേസമയം, ചിത്രാദേവിയെ കൊലപ്പെടുത്തിയതാണെന്ന കുറിപ്പ് കണ്ടെടുത്തെങ്കിലും വിശദമായ അന്വേഷത്തിലൂടെയും പരിശോധനയിലൂടെയും മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസിന്റെ പ്രതികരണം. മൃതദേഹം കണ്ടെടുക്കാനായി പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ രണ്ട് മുതലാണ് മധുരയില്‍ യോഗ പരിശീലകയായ ചിത്രാദേവിയെ കാണാതായത്. ഏപ്രില്‍ അഞ്ചിന് മകളെ കാണാനില്ലെന്ന് ചിത്രാദേവിയുടെ പിതാവ് തിരുമംഗലം പൊലീസില്‍ പരാതി നല്‍കി. മകളും ഹരികൃഷ്ണനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ ചിത്രാദേവിയുടെ പിതാവ് പൊലീസിന് കൈമാറിയിരുന്നു.

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഹരികൃഷ്ണനും ചിത്രാദേവിയും അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. മധുരയില്‍ അഭിഭാഷകനായ ഹരികൃഷ്ണന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹമോചനം നേടിയത്. ചിത്രാദേവിയും ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

Keywords:  Man found dead in Madurai, his suicide note solves mystery of missing yoga teacher, Chennai, News, Murder, Police, Suicide, lawyer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia