Leopard Caught | നീലഗിരിയിലെ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി

 


നീലഗിരി: (KVARTHA) നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ വനം വകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടി. തമിഴ്‌നാട് വനംവകുപ്പ് രണ്ടു ഡോസ് മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. ഏറെ നേരത്തെ തിരച്ചിലിനുശേഷം അംബ്രോസ് വളവിനു സമീപത്തുനിന്നാണ് പുലിയെ പിടികൂടിയത്. കൂട്ടിലാക്കിയ പുലിയെ ഉടന്‍ മുതുമല വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leopard Caught | നീലഗിരിയിലെ മൂന്നു വയസ്സുകാരിയെ കൊന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പുലിയെ കണ്ടെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി, ഗൂഡല്ലൂര്‍, ദേവാല, പന്തല്ലൂര്‍ ഉള്‍പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. ഞായറാഴ്ച പന്തല്ലൂര്‍ താലൂകില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.

തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ശിവശങ്കര്‍ ഗുരുവയുടെയും മിലന്ദി ദേവിയുടെയും മകളായ നാന്‍സി ആണു പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അങ്കണവാടിയില്‍നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണു കുഞ്ഞിനെ പുലി കടിച്ചുകൊണ്ടുപോയത്. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ തൊഴിലാളികളും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുട്ടിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടി മരിക്കുന്നത്.

സമീപപ്രദേശമായ സേവിയര്‍മട്ടത്തു വീടിനടുത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയേയും വെള്ളിയാഴ്ച പുലി ആക്രമിച്ചിരുന്നു. അന്ന് അമ്മയുടെ കരച്ചില്‍ കേട്ടു പുലി ഓടിപ്പോവുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിക്കു പരുക്കേറ്റിരുന്നു. രണ്ടാഴ്ച മുന്‍പു എലമണ്ണ ആദിവാസി ഊരിലെ മൂന്നു സ്ത്രീകളെയും പുലി ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഒരു യുവതി ചികിത്സയ്ക്കിടെ മരിച്ചു. പുലിയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

തുടര്‍ചയായ ആക്രമണത്തില്‍ പ്രദേശവാസികള്‍ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നതോടുകൂടിയാണ് അധികൃതര്‍ നടപടികള്‍ വേഗത്തിലാക്കിയത്.

Keywords:  Leopard that mauled 3-year-old child in Nilgiris captured, Chennai, News, Leopard Caught, Girl, Dead, Attack, Forest, Injured, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia