ഹരിയാനയില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ഏതു വിധേനയും അധികാരത്തിലേറാനുള്ള ബി ജെ പിയുടെ മോഹം പാഴാകുമോ? ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് കിംഗ് മേക്കര്‍; അവസാന അടവും പുറത്തെടുക്കാനൊരുങ്ങി പാര്‍ട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com 25.10.2019) ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനാവാത്തതിനെ തുടര്‍ന്ന് സ്വതന്ത്ര എം എല്‍ എമാരെ കൂട്ടുപിടിച്ച് അധികാരത്തിലേറാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. കേവല ഭൂരിപക്ഷത്തിന് 90 അംഗ നിയമസഭയില്‍ 46 എം എല്‍ എമാരുടെ പിന്തുണ വേണമെന്നിരിക്കെ 40എം എല്‍ എമാര്‍ മാത്രമാണ് ബി ജെ പിക്ക് ഉള്ളത്. ഇതോടെ ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയിരിക്കയാണ്.

വാശിയേറിയ മത്സരത്തിലും, ദേശീയതയും രാജ്യസുരക്ഷയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം തൊടാന്‍ കഴിയാത്തതിന്റെ അങ്കലാപ്പ് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ്.

 ഹരിയാനയില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ഏതു വിധേനയും അധികാരത്തിലേറാനുള്ള ബി ജെ പിയുടെ മോഹം പാഴാകുമോ? ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന നിലപാടില്‍ ഉറച്ച് കിംഗ് മേക്കര്‍; അവസാന അടവും പുറത്തെടുക്കാനൊരുങ്ങി പാര്‍ട്ടി

40 സീറ്റുകള്‍ ബി ജെ പി നേടിയപ്പോള്‍ 31 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഇതില്‍ നാല് പേര്‍ ബി ജെ പിയുടെ വിമതരാണ്. ഏഴ് സ്വതന്ത്രന്മാരാണ് സംസ്ഥാനത്ത് വിജയിച്ചത്. 11 മാസങ്ങള്‍ക്ക് മുമ്പ് രൂപീകരിച്ച ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെ പിയാണ് ഹരിയാനയില്‍ കിംഗ് മേക്കറായിരിക്കുന്നത്. ജെ ജെ പിയുടെ നിലപാട് അനുകൂലമായേക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരമാവധി സ്വതന്ത്രരെ ഒപ്പം നിറുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബി ജെ പി.

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഹരിയാനയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നപ്പോള്‍ മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും ചേര്‍ന്ന് ഭൂരിപക്ഷം തികച്ച് അധികാരം നിലനിറുത്തി. എന്നാല്‍, കോണ്‍ഗ്രസിനെ വെട്ടാന്‍ സ്വതന്ത്രരുടേയും ജെ ജെ പിയുടേയും പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് ബി ജെ പിയുടെ ഭാഗത്തുനിന്നും നടത്തുന്നത്.

മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്യുന്നവര്‍ക്കൊപ്പം സഖ്യത്തിന് തയ്യാറാണെന്ന് ജെ ജെ പി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആ വഴിക്കും ബി ജെ പി ശ്രമം ശക്തമാക്കുന്നുണ്ട്. എന്നാല്‍, ബി ജെ പിയുമായി സഖ്യത്തിനില്ലെന്നാണ് ജെ ജെ പിയുടെ നിലപാട്. അതേസമയം, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ ഹൂഡയുടെ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസിന് നേട്ടമായി.

എന്നാല്‍, തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചേനെ എന്നായിരുന്നു ഭൂപീന്ദര്‍ ഹൂഡ മാധ്യമങ്ങളോട് പറഞ്ഞത്. ദുഷ്യന്ത് ചൗട്ടാലയെ മുഖ്യമന്ത്രിയാക്കി ബി ജെ പിയെ ഭരണത്തില്‍ നിന്ന് മാറ്റിനിറുത്താന്‍ തയ്യാറെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുസംബന്ധിച്ച് ഹൂഡ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കര്‍ഷകദുരിതവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവുമാണ് ഹരിയാന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വ്യക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും റാലികളില്‍ ആവേശത്തോടെ പറഞ്ഞ വിഷയങ്ങളാണ് പാളിയത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ തമ്മിലടിയില്ലായിരുന്നെങ്കില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ നയിച്ച ബി ജെ പിയുടെ സ്ഥിതി മറ്റൊന്നായേനെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'Kingmaker' Dushyant Chautala to meet JJP MLAs on Friday, New Delhi, News, Politics, Trending, Assembly Election, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia