Shirur Landslide | അര്‍ജുനെ തിരികെ കിട്ടുമോ? കർണാടക സർക്കാർ പഠിക്കേണ്ടത് ദുരന്തത്തിൽ ഒന്നിച്ചു നിൽക്കുന്ന മലയാളി സമൂഹത്തെ!
സോണി കല്ലറയ്ക്കൽ
(KVARTHA):കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ (Shirur Landslide) കോഴിക്കോട് (Kozhikode) സ്വദേശി അര്‍ജുനെ (Arjun) കാണാതായിട്ട് ചൊവ്വാഴ്ചയ്ക്ക് എട്ടുദിവസം ആകുന്നു. ശരിക്കും ഇത് കർണാടക സർക്കാരിൻ്റെ (Karnataka Government) പരാജയം ആയി തന്നെയാണ് വിലയിരുത്തേണ്ടത്. കർണാടക സർക്കാരിനെതിരെ ഇന്ന് മലയാളികളുടെ രോഷം ആളിക്കത്തുന്നുണ്ടെങ്കിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഷയത്തിൽ കർണാടക സർക്കാർ ഉദാസീന നിലപാട് തന്നെയാണ് തുടക്കം മുതൽ ആവർത്തിച്ചത്. കർണാടക ഭരണകൂടത്തിൻ്റെ പ്രധാന പരാജയം എന്നത് ട്രക്കുകളെയും, കാണാതായ ആളുകളെയും കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ഏകോപിപ്പിക്കാൻ അവർ ശ്രമിച്ചില്ല എന്നതാണ്.
ചീഫ് സെക്രട്ടറി എല്ലാ സേനകളെയും ഏകോപിപ്പിക്കണം. നിർഭാഗ്യവശാൽ ഒരു നേതൃത്വവും അവിടെ കണ്ടില്ല എന്നതാണ് സത്യം. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തിരച്ചിൽ തുടരും എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഇനി പുഴ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ. തിങ്കളാഴ്ച വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി. ഇതാണ് ഇപ്പോൾ അവിടുത്തെ അവസ്ഥ.
മലയാളികൾ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നു അർജുൻ ജീവനോടെ വൈകാതെ തിരിച്ചെത്തുമെന്ന്. മറിച്ച് കർണാടക സർക്കാർ കാണിക്കുന്നത് എന്താണ്? ആൾ മരിച്ചു എന്നുറപ്പിച്ചാണ് കർണാടക ഉദ്യോഗസ്ഥർ അവിടെ ഗതികേട് കൊണ്ട് പണിയെടുക്കുന്നത് എന്ന് തോന്നിപ്പോകും. മറിച്ചൊരു അനുഭവം മനുഷ്യ ജീവനെ തിരികെ പിടിച്ചുകൊണ്ട് അവർക്കില്ല എന്ന് തോന്നിപ്പിക്കുന്നു. അതുകൊണ്ടാണ് രാത്രിയാകുമ്പോൾ പണി മതിയാക്കി മൂടുംതട്ടി പോകുന്നത് എന്ന് സ്വഭാവികമായും ആരും ചിന്തിച്ചുപോകും. കേവലം ഒരു ഡ്രൈവറുടെ ജീവന് വേണ്ടിയൊന്നും ഒരു രാത്രി ഉറക്കമൊഴിച്ച ശീലമൊന്നും അവർക്കില്ല എന്നതാണ് ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങളിലേയ്ക്ക് കടക്കുമ്പോൾ മനസ്സിലാക്കേണ്ടത്.
പക്ഷേ, മലയാളിയുടെ ശീലവും അനുഭവവും അതല്ല, മനുഷ്യന്റെ ജീവന് ഒരേ മുൻഗണനയാണ്. ഒരു ശതമാനം പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ ജീവനോടെ തിരിച്ചുവരും എന്നാണ് അവസാന നിമിഷം വരെ ഓരോ മലയാളിയും ഉറച്ചു വിശ്വസിക്കുക. കർണാടകക്ക് ഇത് തൊഴിലുറപ്പ് പോലെ ആണ്. രാവിലെ 10 മണിക്ക് തുടങ്ങി അഞ്ച് മണി വരെ. അവിടെയാണ് കേരളത്തിന്റെ മഹത്വം മനസിലാകുന്നത്. ആ മഹത്വം മനസ്സിലാകുന്ന ഒരു കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്:
'2020 ആഗസ്റ്റ് 7 ലെ ആ രാത്രി നിങ്ങളോർക്കുന്നുണ്ടോ? കോവിഡ് ലോക്ക് ഡൗൺ നിബന്ധനകൾ ശക്തമായിരുന്ന കാലം. ആൾക്കാർ പരസ്പരം ഇടപഴകില്ല എന്നു മാത്രമല്ല പരസ്പരം കാണാൻ പോലും പേടിച്ചിരുന്ന കാലം. കോരിച്ചൊരിയുന്ന മഴ കൂടിയായപ്പോൾ മനുഷ്യരാരും പുറത്തിറങ്ങാത്ത രാത്രി. ആ രാത്രിയിലാണ് എട്ടുമണിയോടടുത്ത സമയത്ത് കേരളത്തിൽ, കോഴിക്കോട്, കരിപ്പൂർ വിമാനത്താവളത്തിൽ 184 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേയിൽ നിന്ന് തെന്നിമാറി പുറത്തേയ്ക്ക് ഇടിച്ചിറങ്ങി തകർന്നത്.
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാതിരിക്കുന്നതിന് അനേക കാരണങ്ങൾ പറയാനുണ്ടായിരുന്നിട്ടും നിമിഷ നേരത്തിനുള്ളിലാണ് ആ നാട്ടിലെ മനുഷ്യർ സ്വന്തം ജീവിത സുരക്ഷ പോലും പരിഗണിക്കാതെ കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് പാഞ്ഞെത്തി ആ യാത്രക്കാരെ മുഴുവൻ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്. അതിൽ 165 പേരുടെ ജീവൻ പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞത് ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന സമാനതകളില്ലാത്ത ആ ഹൃദയ ഐക്യത്തിന്റെ കരുത്തിലാണ്'.
മലയാളി ഒരിക്കലും മൃഗമാകില്ല
ഈ പറയുന്ന കുറിപ്പിലുള്ള ഒരോ വരിയും മലയാളിയുടെ ഇങ്ങനെയുള്ള വിഷയത്തിലുള്ള മനസാണ് കാണിക്കുന്നത്. ഏത് ജാതിയിൽ, അല്ലെങ്കിൽ ഏത് മതത്തിൽ, ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർ ആയിക്കോട്ടെ, ഒരു നല്ല മലയാളി ഒരിക്കലും മൃഗമാകില്ല. ഒരു മനുഷ്യനാണെന്ന് വ്യക്തമാകുന്നു ഇതിൽ. ഇത്രയും വലിപ്പവും, 40 ടൺ ഭാവുമുള്ള ഒരു ലോറിയുടെ മുകളിൽ മൺകൂന പതിച്ചിട്ട് ആഴ്ച ഒന്ന് തികയുകയാണ്. ഇത്രയും നാളായി ലോറിപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇത് ഇന്ത്യമഹാ രാജ്യത്തെ സയൻസ് ആൻഡ് ടെക്നോളജിക്ക് തന്നെ അപമാനമാണ് എന്ന് തന്നെ പറയേണ്ടി വരും. ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള അന്യഗ്രഹത്തിലെ ജീവനും വെള്ളവും തപ്പി നടക്കുന്ന ശാസ്ത്രജ്ഞർക്ക് 20-25 മീറ്റർ മണ്ണിന്റെ അടിയിൽ കിടക്കുന്ന ഭീമാകാരമായ വസ്തുവോ, അതിന്റെ ഉള്ളിൽ മനുഷ്യനോ ഉണ്ടെന്ന് കണ്ടെത്താൻ കഴിയുന്നില്ല. ഇതും ഈ നാടിൻ്റെ പരാജയം തന്നെ. ഭരണാധികാരികൾ ഈ അവസരത്തിൽ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിയിരിക്കുന്നു.