കല്യാണ്‍ സിങ് ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നു

 


കല്യാണ്‍ സിങ് ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നു
ന്യൂഡല്‍ഹി:  ഉമാ ഭാരതിക്ക് പിന്നാലെ മുതിര്‍ന്ന നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിങും ബിജെപിയിലേക്കു തിരിച്ചെത്തുന്നു.  ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കല്യാണ്‍ സിങ് പാര്‍ട്ടിയില്‍ തിരികെയെത്തുമെന്ന് ദേശീയ നേതൃത്വം സൂചിപ്പിച്ചു.  2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി പ്രചാരണത്തിന്റെ കല്യാണ്‍ സിങ് മുന്‍നിരയിലുണ്ടാകും.

1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ 1997ലും ബിജെപിയെ അധികാരത്തിലെത്തിച്ചിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം എ.ബി. വാജ്‌പേയിയോട് ഇടഞ്ഞു പാര്‍ട്ടിവിട്ടു. തുടര്‍ന്നു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. 2004ല്‍ ബിജെപിയില്‍ തിരികെയെത്തിയ അദ്ദേഹം 2009ല്‍ വീണ്ടും പാര്‍ട്ടി വിട്ടു. സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചു ജയിച്ചു. പിന്നീട് എസ്പിയോട് അകന്ന് ജന്‍ ക്രാന്തി പാര്‍ട്ടിയുണ്ടാക്കി.

ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെയാണു കല്യാണ്‍ സിങിനെയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്നത്. ഉമയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിരുന്നു. യുപി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കല്യാണിനെ തിരിച്ചെത്തിക്കാന്‍ ആലോചിച്ചിരുന്നു ഗഡ്കരി. പക്ഷേ, പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇതിനെ എതിര്‍ത്തു.
യുപി തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ നേട്ടമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. ഇതേത്തുടര്‍ന്നാണു ബിജെപിയിലെ കല്യാണ്‍ അനുകൂലികള്‍ മുന്‍ മുഖ്യമന്ത്രിക്കു വേണ്ടി രംഗത്തിറങ്ങിയത്.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കല്യാണും ഉമ ഭാരതിയും നേതൃത്വത്തിലെത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ നില മെച്ചപ്പെടുത്താമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. മുന്‍പ് ബിജെപി യുപിയില്‍ അധികാരത്തിലേറിയപ്പോള്‍ പിന്നാക്കക്കാരുടെയും ബ്രാഹ്മണരുടെയും പിന്തുണ നിര്‍ണായകമായിരുന്നു. ബിഎസ്പി ശക്തിയാര്‍ജിച്ചതോടെ പിന്നാക്ക വോട്ടുകള്‍ പാര്‍ട്ടിക്കു നഷ്ടമായി. ഇതു പരിഹരിക്കാന്‍ കല്യാണിനു കഴിയുമെന്നു കണക്കുകൂട്ടല്‍.

key words:  Kalyan Singh, BJP, SP, Nitin Gadkari, Election Commission, kalyan singh, u p, election, b s p
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia