1st Flight | അയോധ്യ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു; യാത്രക്കാരും ജീവനക്കാരും കേക് മുറിച്ച് സന്തോഷം പങ്കിട്ടു; പടവുകള്‍ കയറിയത് കാവി കൊടികളുമായി; ജയ് ശ്രീറാം വിളിച്ച് കാപ്റ്റന്‍

 


അയോധ്യ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡെല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക് മുറിച്ച് സന്തോഷം പങ്കിട്ടു. കാവി കൊടികളുമായാണ് യാത്രികര്‍ വിമാനത്തില്‍ കയറിയത്.

1st Flight | അയോധ്യ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു; യാത്രക്കാരും ജീവനക്കാരും കേക് മുറിച്ച് സന്തോഷം പങ്കിട്ടു; പടവുകള്‍ കയറിയത് കാവി കൊടികളുമായി; ജയ് ശ്രീറാം വിളിച്ച് കാപ്റ്റന്‍

ടേക് ഓഫിനുമുമ്പ് കാപ്റ്റന്റെ പ്രത്യേക അനൗണ്‍സ്മെന്റും വിമാനത്തിലുണ്ടായിരുന്നു. ഇത്രയും പ്രധാനപ്പെട്ടൊരു സര്‍വീസ് ഇന്‍ഡിഗോ തനിയ്ക്ക് കൈമാറിയതില്‍ അഭിമാനമുണ്ടെന്ന് കാപ്റ്റന്‍ അഷ്തോഷ് ഷേഖര്‍ യാത്രക്കാരോട് പറഞ്ഞു. ഇന്‍ഡിഗോയ്ക്കും തനിയ്ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന നിമിഷമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജയ് ശ്രീറാം എന്നുപറഞ്ഞാണ് കാപ്റ്റന്‍ തന്റെ സംസാരം അവസാനിപ്പിച്ചത്. യാത്രക്കാരും ഇത് ഏറ്റുവിളിച്ചു.

അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത് കൂടാതെ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യാ ധാം ജന്‍ക്ഷന്‍ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനുസമീപം ഒന്നാം ഘട്ടമായി നിര്‍മിച്ച പുതിയ സ്റ്റേഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ഇന്‍ഡ്യന്‍ റെയില്‍വേയുടെ പുതിയ കൂട്ടിച്ചേര്‍ക്കലുകളായ രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് എക്‌സ്പ്രസുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഒരു മാസം ശേഷിക്കെയാണ് ഉദ്ഘാടനങ്ങള്‍ നടന്നത് എന്നതാണ് ശ്രദ്ധേയം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മോദിയെ വരവേല്‍ക്കാന്‍ നഗരത്തിലെങ്ങും പൂക്കളും വര്‍ണചിത്രങ്ങളും നിരന്നു. രണ്ടു ദിവസമായി നഗരത്തിലുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. അയോധ്യ ജന്‍ക്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പേര് 'അയോധ്യ ധാം ജന്‍ക്ഷന്‍' എന്നു പുതുക്കി ഉത്തരവിറക്കിയിരുന്നു.

നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണു പുതിയ വിമാനത്താവളം. നവീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചിരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്ര ഉദ് ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളില്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്തിരുന്നു.

'ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണം. ജനുവരി 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വരാം. എല്ലാവരും പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരാണ്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇത്രയധികം പേരെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. 550 വര്‍ഷമായി നിങ്ങള്‍ കാത്തിരിക്കുകയാണ്. അല്‍പസമയം കൂടെ കാത്തിരിക്കൂ', എന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്ഷേത്ര പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തര്‍ കാരണം ക്ഷേത്രഭാരവാഹികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ആതിഥ്യം വഹിക്കാന്‍ അയോധ്യ തയാറാകണം. അതിനാല്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അയോധ്യയെ മാറ്റാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords:  ‘Jai Shri Ram’: IndiGo pilot welcomes passengers as 1st flight to new Ayodhya airport takes off. Watch, Ayodhya, News, Jai Shri Ram, Flight, Ajodhya Airport, Passengers, Indigo, Cake Cut, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia