ഇന്ത്യയുടെ പ്രഥമ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു

 


ബംഗളൂരു: (www.kvartha.com 28.09.2015) ഇന്ത്യയുടെ പ്രഥമ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് പിഎസ്എല്‍വി സി30 ഒന്നാംലോഞ്ച് പാഡില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ആദ്യ ഇന്ത്യന്‍ ഉപഗ്രഹമാണ് ഇത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു വിക്ഷേപണം. 1513 കിലോഗ്രാം ഭാരമുള്ള അസ്‌ട്രോസാറ്റാണ് വിക്ഷേപിച്ചത്.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് അയച്ച ഹബിള്‍ സ്‌പേസ്  ടെലിസ്‌കോപ്പിന്റെ ചെറിയ പതിപ്പാണ് അസ്‌ട്രോസാറ്റ്. ഹബിളില്‍ ഇല്ലാത്ത ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ അസ്‌ട്രോസാറ്റിലുണ്ട്. പിഎസ്എല്‍വി റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിനു ശേഷം ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രോ, ട്രാക്കിങ്, കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലെക്‌സിനാണ് (എംഒഎക്‌സ്) പേടകത്തിന്റെ നിയന്ത്രണം.

1996ല്‍ ഐ.എസ്.ആര്‍.ഒ നടത്തിയ എക്‌സ്‌റേ അസ്‌ട്രോണോമി പരീക്ഷണത്തിന്റെ ചുവടുപിടിച്ച് 2005ല്‍ അയക്കാനിരുന്ന അസ്‌ട്രോസാറ്റ് നിരീക്ഷണ സംവിധാനങ്ങളുടെ ലഭ്യതയിലെ കാലതാമസം കാരണമാണ് 10 വര്‍ഷം വൈകിയത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 2018 ല്‍ അയക്കുന്ന ജയിംസ് വെബ്‌ടെലിസ്‌കോപ്പിന്റെ മുന്‍ഗാമി കൂടിയായിരിക്കും അസ്‌ട്രോസാറ്റ്. നക്ഷത്രങ്ങള്‍, ക്ഷീരപഥങ്ങള്‍, തമോഗര്‍ത്തങ്ങള്‍, ഉയര്‍ന്ന ആവൃത്തിയുള്ള അള്‍ട്രാ വയലറ്റ്, എക്‌സ്‌റേ തുടങ്ങിയ കിരണങ്ങളെ അസ്‌ട്രോസാറ്റ് നിരീക്ഷിക്കും.

വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്‌നലുകള്‍ ഉപയോഗിച്ചു നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങളിലെ ഊര്‍ജോല്‍പാദനം തുടങ്ങിയവയാകും സയന്‍സ് ആന്‍ഡ് എക്‌സ്‌പ്ലൊറേഷന്‍ വിഭാഗത്തില്‍പ്പെടുന്ന പേടകമായ ആസ്‌ട്രോസാറ്റിലൂടെ ഐഎസ്ആര്‍ഒ പഠിക്കുക. ഒരു ഉപഗ്രഹം വച്ചാണ് ഇവയെക്കുറിച്ചെല്ലാം പഠിക്കുക. അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, ലാര്‍ജ് ഏരിയ എക്‌സ്‌റേ പ്രൊപ്പോര്‍ഷനല്‍ കൗണ്ടര്‍, സോഫ്റ്റ് എക്‌സ്‌റേ ടെലിസ്‌കോപ്പ്, കാഡ്മിയം സിംഗ് ടെല്ലൂറൈഡ് ഇമേജര്‍, സ്‌കാനിങ് സ്‌കൈ മോണിറ്റര്‍ തുടങ്ങി അഞ്ച് പേലോഡുകളാണ് അസ്‌ട്രോസാറ്റിനൊപ്പമുള്ളത്. അഞ്ച് വര്‍ഷമാണ് അസ്‌ട്രോസാറ്റിന്റെ കാലാവധി.
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia