IPL | അനിശ്ചിതത്വം അവസാനിച്ചു; ഐ പി എല്‍ മത്സരത്തിന് മാര്‍ച് 22ന് തുടക്കം

 


ന്യൂഡെല്‍ഹി: (KVARTHA) ഒടുവില്‍ അനിശ്ചിതത്വം അവസാനിച്ചു. ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന് മാര്‍ച് 22ന് തുടക്കമാകുമെന്ന് ലീഗ് ചെയര്‍മാന്‍ അരുണ്‍ ധുമല്‍ അറിയിച്ചു. ഇത്തവണ എല്ലാ മത്സരങ്ങളും ഇന്‍ഡ്യയില്‍ തന്നെ നടക്കുമെന്നും ആദ്യ 15 ദിവസത്തെ ഷെഡ്യൂള്‍ മാത്രമാകും പുറത്തുവിടുകയെന്നും ബാക്കി മത്സരങ്ങളുടേത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2009ലാണ് ഐ പി എല്‍ പൂര്‍ണമായും വിദേശരാജ്യത്ത് നടന്നത്. ദക്ഷിണാഫ്രികയിലായിരുന്നു മത്സരങ്ങള്‍. 2014ല്‍ തിരഞ്ഞെടുപ്പ് കാരണം ഏതാനും മത്സരങ്ങള്‍ യു എ ഇയില്‍ നടത്തി. എന്നാല്‍, 2019ല്‍ തിരഞ്ഞെടുപ്പുണ്ടായിട്ടും മത്സരങ്ങള്‍ പൂര്‍ണമായും ഇന്‍ഡ്യയിലാണ് നടന്നത്.

IPL | അനിശ്ചിതത്വം അവസാനിച്ചു; ഐ പി എല്‍ മത്സരത്തിന് മാര്‍ച് 22ന് തുടക്കം
 

ഈ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐ പി എലിന്റെ 17-ാം എഡിഷന്‍ എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

'മാര്‍ച് 22ന് ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ സര്‍കാര്‍ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്. ആദ്യം പ്രാരംഭ ഷെഡ്യൂള്‍ പുറത്തിറക്കും. ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്‍ഡ്യയിലായിരിക്കും നടക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് തീയതികള്‍ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -അരുണ്‍ ധുമല്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപര്‍ കിങ്‌സും ഗുജറാത് ടൈറ്റന്‍സും തമ്മിലാകും ഉദ്ഘാടന മത്സരം. ഐ പി എല്‍ ലേലം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. ആസ്‌ട്രേലിയന്‍ പേസര്‍ മിചല്‍ സ്റ്റാര്‍ക് ആണ് ഏറ്റവും വിലപിടിപ്പുള്ള താരമായത്. 24.75 കോടി രൂപക്ക് കൊല്‍കത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

മേയ് 26നായിരിക്കും ഫൈനല്‍ അരങ്ങേറുക. ട്വന്റി 20 ലോകകപ്പ് കൂടി പരിഗണിച്ചാവും ഫൈനലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ലോകകപ്പില്‍ ഇന്‍ഡ്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് ന്യൂയോര്‍കില്‍ അയര്‍ലന്‍ഡിനെതിരെയാണ്. ജൂണ്‍ ഒന്നിന് യു എസ് എ-കനഡ മത്സരത്തോടെയാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുക.

Keywords: IPL Set For March 22 Start, Says League Chairman, New Delhi, News, IPL, League Chairman, Lok Sabha Election, Tournament, Final, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia