Leaked History! | ബജറ്റും ഒരിക്കൽ ചോർന്നു! തീയതിയും സമയവും ബ്രീഫ്കേസും വരെ മാറി; ബജറ്റുമായി ബന്ധപ്പെട്ട കൗതുകകരമായ ചരിത്രങ്ങൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കും. രാജ്യത്തെ യുവാക്കൾ, മധ്യവർഗം, ശമ്പളം വാങ്ങുന്നവർ, സ്ത്രീകൾ, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി എല്ലാവരും പൊതുബജറ്റിൽ വലിയ പ്രതീക്ഷയിലാണ്. രാജ്യത്തിന്റെ ആദ്യ ബജറ്റ് മുതൽ അതായത് 1948 മുതൽ 2023 വരെ, ബജറ്റിൽ നിരവധി പ്രധാന മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബജറ്റുമായി ബന്ധപ്പെട്ട ചില കൗതുക വിശേഷങ്ങളിലേക്ക്.
  
Leaked History! | ബജറ്റും ഒരിക്കൽ ചോർന്നു! തീയതിയും സമയവും ബ്രീഫ്കേസും വരെ മാറി; ബജറ്റുമായി ബന്ധപ്പെട്ട കൗതുകകരമായ ചരിത്രങ്ങൾ അറിയാം

ആദ്യ ബജറ്റ്

1860 ഏപ്രിൽ ഏഴിന് ബ്രിട്ടീഷ് ഗവൺമെന്റാണ് ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന ജെയിംസ് വിൽസണാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. 1947 നവംബർ 26-ന് ധനമന്ത്രി ആർ.കെ ഷൺമുഖം ചെട്ടി സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത നിർമല സീതാരാമനാണ്.


ബ്ലാക്ക് ബജറ്റ്

1973-1974 വർഷത്തെ ബജറ്റിനെ 'ബ്ലാക്ക് ബജറ്റ്' എന്ന് വിളിക്കുന്നു. ധനമന്ത്രി യശ്വന്ത്റാവു ബി. ചവാൻ ആണ് ഇത് അവതരിപ്പിച്ചത്. 550 കോടി രൂപയുടെ വലിയ ബജറ്റ് കമ്മി കാരണമാണ് ഇതിനെ ബ്ലാക്ക് ബജറ്റ് എന്ന് വിളിച്ചത്. അക്കാലത്ത് ഇത് പരമാവധി ആയിരുന്നു.


ബജറ്റ് രേഖകൾ ഹിന്ദിയിലും

1955 വരെ ഇംഗ്ലീഷിൽ മാത്രമാണ് കേന്ദ്ര ബജറ്റ് അച്ചടിച്ച് നൽകിയിരുന്നത്. ഇതിന് പിന്നാലെ ബജറ്റ് രേഖകൾ ഹിന്ദിയിലും ഇംഗ്ലീഷിലും അച്ചടിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.


റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റും

റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റും അന്നുമുതൽ 2016 വരെ പ്രത്യേകം അവതരിപ്പിച്ചു. അരുൺ ജെയ്റ്റ്‌ലി മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന 2017-ലാണ് കേന്ദ്ര ബജറ്റിനെ റെയിൽവേ ബജറ്റുമായി ബന്ധിപ്പിക്കുന്ന ആശയം കൊണ്ടുവന്നത്. തുടർന്ന്, ബജറ്റ് ലയനം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. 2017ൽ തന്നെ അരുൺ ജെയ്റ്റ്‌ലി ആദ്യ സംയുക്ത കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.


ദ എപോചൽ ബജറ്റ്

ധനമന്ത്രി മൻമോഹൻ സിംഗ് 1991-1992 വർഷത്തിൽ 'ദ എപോചൽ ബജറ്റ്' എന്നറിയപ്പെടുന്ന കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ടു.


ബജറ്റ് തീയതിയും സമയവും

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന തീയതിയും സമയവും മാറ്റി നിശ്ചയിച്ചത് 1999-ലാണ്. ബ്രിട്ടീഷ് ഭരണകാലത്തുടനീളം ഫെബ്രുവരിയിലെ അവസാന ദിവസം വൈകിട്ട് അഞ്ചിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രി യശ്വന്ത് സിൻഹ ബജറ്റ് അവതരണ സമയം 1999ൽ രാവിലെ 11 മണിയാക്കി മാറ്റി. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്ന തീയതി 2017 മുതൽ ഫെബ്രുവരി ഒന്നിലേക്കും മാറ്റി.

2016 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. സാമ്പത്തിക വർഷം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്നതാണ് ബജറ്റ് തീയതി മാറ്റാൻ കാരണം.
വാസ്തവത്തിൽ, ബജറ്റിൽ അവതരിപ്പിക്കുന്ന നിർദേശത്തിന് ആദ്യം പാർലമെന്റിന്റെ അംഗീകാരം വേണം. ഇതിന് ശേഷം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ശേഷമാണ് നടപ്പിലാക്കുന്നത്.


ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ

രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം ആകെ 74 വാർഷിക ബജറ്റുകൾ അവതരിപ്പിച്ചു. ഇത് കൂടാതെ 14 ഇടക്കാല ബജറ്റുകളും നാല് പ്രത്യേക ബജറ്റുകളും മിനി ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ മാത്രമാണ് ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ.


ഹൽവ ചടങ്ങ്

ബജറ്റ് അവതരണത്തിന് ഒരാഴ്ച മുമ്പാണ് ഹൽവ ചടങ്ങ്. ഇതിൽ ധനമന്ത്രിയും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മധുരം വിതരണം ചെയ്യുന്നു. ഈ ചടങ്ങോടെ ബജറ്റിന് അന്തിമരൂപമാകും. ബജറ്റിന്റെ രഹസ്യസ്വഭാവം നിലനിർത്താൻ സർക്കാർ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് നിങ്ങൾക്കറിയാമോ. ബജറ്റ് അവതരിപ്പിക്കുന്നത് വരെ ധനമന്ത്രാലയ ജീവനക്കാർക്ക് പ്രിയപ്പെട്ടവരെ ബന്ധപ്പെടാൻ അനുവാദമില്ല. ഈ കാലയളവിനെ ലോക്ക് ഇൻ പിരീഡ് എന്ന് വിളിക്കുന്നു. ഇപ്പോൾ ഈ കാലയളവ് രണ്ട് ആഴ്ചയിൽ നിന്ന് അഞ്ച് ദിവസമായി കുറഞ്ഞു.


ഡിജിറ്റൽ ബജറ്റ്

ഇപ്പോൾ ബജറ്റും ഡിജിറ്റലായാണ് അവതരിപ്പിക്കുന്നത്. 2021-ൽ ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചു. ഇതിനായി മൊബൈൽ ആപ്പും പുറത്തിറക്കി. ഇപ്പോൾ ഒരു ടാബിലൂടെയാണ് ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കുന്നത്.


ബ്രീഫ്കേസ് പാരമ്പര്യം നിലച്ചു

ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഒരു ബ്രീഫ്‌കേസിൽ ബജറ്റ് പേപ്പറുകളുമായി പാർലമെന്റിലെത്തുമായിരുന്നു. എന്നാൽ ഇപ്പോൾ ബ്രീഫ്കേസ് പാരമ്പര്യവും ക്രമേണ നിലച്ചു. 2019 മുതൽ ഒരു പുതിയ ആചാരം ആരംഭിച്ചു. അന്ന് ധനമന്ത്രി നിർമല സീതാരാമൻ ചുവന്ന തുണികൊണ്ട് പൊതിഞ്ഞാണ് ബജറ്റ് അവതരിപ്പിക്കാനുള്ള ടാബ്‍ലറ്റ് കൊണ്ടുവന്നത്. ഈ തുണിക്കു നടുവിലായി ഒരു അശോക സ്തംഭവും കാണാം. ഹിന്ദിയിൽ ‘ബഹി ഖാത’ എന്നാണ് ഈ പെട്ടിക്കു പറയുന്നത്. ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന കൊളോണിയൽ സമ്പ്രദായം ഉപേക്ഷിക്കാനുള്ള നീക്കമായിരുന്നു ഇത്.


രണ്ട് ഭാഗങ്ങളായാണ് ബജറ്റ്

രണ്ട് ഭാഗങ്ങളായാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഒന്ന് വാർഷിക സാമ്പത്തിക പ്രസ്താവനയാണ്. ഇതിൽ വരുന്ന സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ സംഗ്രഹമാണ് സർക്കാർ അവതരിപ്പിക്കുന്നത്. അതേസമയം, രണ്ടാമത്തേത് ഡിമാൻഡ് ഫോർ ഗ്രാന്റാണ്. വരുന്ന സാമ്പത്തിക വർഷം സർക്കാർ എവിടെ ചെലവിടും എന്നതിന്റെ രൂപരേഖയാണ് ഇതിൽ അവതരിപ്പിക്കുന്നത്.


ബജറ്റ് ചോർന്നു

1950 വരെ രാഷ്ട്രപതി ഭവനിലായിരുന്നു ബജറ്റിന്റെ അച്ചടി. 1950-ൽ ബജറ്റിന്റെ ചില ഭാഗങ്ങൾ ചോർന്നു. ഇതിനുശേഷം ബജറ്റിന്റെ അച്ചടി മിന്റോ റോഡിലെ പ്രസിൽ തുടങ്ങി. എന്നാൽ, 1980 മുതൽ, ബജറ്റ് രേഖകളുടെ അച്ചടി സെൻട്രൽ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിലാണ് നടക്കുന്നത്. നോർത്ത് ബ്ലോക്കിലാണ് ധനമന്ത്രാലയവും സ്ഥിതി ചെയ്യുന്നത്.

Keywords : News, News-Malayalam-News, National, National-News, Budget, Interesting Facts about Union Budget.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia