സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാട്സാപ്പ് വേണ്ട; പകരം ജിംസ് വരുന്നു; ആശയവിനിമയത്തിന് പുതിയ ആപ്പ് ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 24.01.2020) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശയവിനിമയത്തിന് പുതിയ സംവിധാനം ഒരുക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സാമൂഹികമാധ്യമം വഴിയുള്ള ആശയവിനിമയത്തില്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ 'ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (ജിംസ്)' എന്ന സംവിധാനമാണ് വികസിപ്പിക്കുന്നത്.

ഔദ്യോഗികകാര്യങ്ങള്‍ അറിയിക്കാനും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയവിനിമയത്തിനുമായി നിലവില്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പകരമായാണ് പുതിയ സംവിധാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം ജിംസില്‍ ബന്ധിപ്പിക്കും. ഭാവിയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെയും ജിംസുമായി സംയോജിപ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഐടി മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ജിംസ് പ്രാവര്‍ത്തികമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍, ബിഎസ്എഫ് എന്നിവയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററി(എന്‍ഐസി)നാണ് ജിംസ് വികസിപ്പിക്കാനുള്ള മേല്‍നോട്ടച്ചുമതല. എന്‍ഐസിയുടെ ഇ-മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്യാന്‍ പാകത്തില്‍ സജ്ജമാക്കിയ ജിംസിന്റെ പ്രാരംഭഘട്ടത്തിനു തുടക്കമായി. എന്‍ഐസിയിലെ മൂവായിരം ജീവനക്കാരുടെ ആശയവിനിമയം ഇതുവഴുയീണ് ഇപ്പോള്‍ നടക്കുന്നത്.

വാട്സാപ്പിലുള്ള എല്ലാ ഫീച്ചറുകളും ജിംസിലുമുണ്ടാവും. വ്യക്തിഗതസംഭാഷണം, ഓഡിയോ-വീഡിയോ കോള്‍, ചിത്രങ്ങളും ഫയലുകളും കൈമാറാനുള്ള സൗകര്യം എന്നിവയുണ്ടാവും. ഔദ്യോഗിക ഗ്രൂപ്പുകള്‍ക്കു പുറമെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സൗഹൃദഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതിനു തടസ്സമില്ല. രഹസ്യസ്വഭാവത്തിലുള്ളതും അഡ്മിന്‍ ഓണ്‍ലി ഗ്രൂപ്പുകളുമൊക്കെ ജിംസില്‍ ഉണ്ടാക്കാം.

ഫേസ് അണ്‍ലോക്ക് (മുഖം കണ്ടാല്‍ മാത്രം മൊബൈല്‍ പൂട്ട് തുറക്കുന്ന രീതി) സൗകര്യത്തിനു പുറമെ, 'സെല്‍ഫ് ഡിസപ്പിയറിങ് മെസേജ്' (ഒരാള്‍ക്കയച്ച സന്ദേശം അയാള്‍ കണ്ടു കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുന്ന രീതി) സംവിധാനവും ജിംസില്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇങ്ങനെ, സുരക്ഷിതമായ ആശയവിനിമയശൃംഖല സര്‍ക്കാരിനും ജീവനക്കാര്‍ക്കുമിടയില്‍ ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സേവനങ്ങളും ആവശ്യമെങ്കില്‍ ഇതുമായി സംയോജിപ്പിക്കാം. ഹരിയാനയില്‍ 479 സേവനങ്ങള്‍ നല്‍കുന്ന സരള്‍-ഹരിയാന, കര്‍ണാടകത്തില്‍ 479 സേവനങ്ങള്‍ ലഭ്യമാക്കുന്ന സേവാസിന്ധു എന്നിവയൊക്കെ ബന്ധിപ്പിക്കാന്‍ അതാതു സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. കേരള സര്‍ക്കാരിനെയും സമീപിക്കും. നിലവില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും എന്‍ഐസിയും തമ്മില്‍ സാങ്കേതികസഹായത്തിനു ധാരണയുള്ളതിനാല്‍ സേവനങ്ങളുടെ സംയോജനത്തിന് ഔദ്യോഗിക തടസ്സങ്ങളുണ്ടാവില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാട്സാപ്പ് വേണ്ട; പകരം ജിംസ് വരുന്നു; ആശയവിനിമയത്തിന് പുതിയ ആപ്പ് ഇറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


Keywords:  India, National, News, New Delhi, Whatsapp, India to create its own WhatsApp! Govt proposes its alternative service for secure messaging

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia