'അഗ്നി-5'മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

 


'അഗ്നി-5'മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ധമാര (ഒഡീഷ): 'അഗ്നി-5’മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ 'അഗ്നി-5’  വിജയകരമായി വിക്ഷേപിച്ചതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഇന്ത്യയും എലൈറ്റ് ക്ളബില്‍ അംഗമായി.

കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഒഡിഷയിലെ വീലര്‍ദ്വീപിലെ ടെസ്റ്റ് റേഞ്ചില്‍ രാവിലെ എട്ടു മണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ ടെസ്റ്റ്റേഞ്ചില്‍നിന്ന് വിക്ഷേപിക്കുന്ന മിസൈല്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലക്ഷ്യത്തിലാണ് മിസൈല്‍ പതിച്ചത്.

ചൈനയുടെ വടക്കന്‍ മേഖല അടക്കം ഏഷ്യയില്‍ എവിടെയും ഉന്നമിടാന്‍ ശേഷിയുള്ളതാണ് 'അഗ്നി’ മിസൈല്‍ പരമ്പരയിലെ അഞ്ചാമന്‍. ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളും ഈ മിസൈലിന്റെ പ്രഹരപരിധിയില്‍ വരും.വിക്ഷേപണത്തറയില്‍നിന്ന് 5000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളതാണ് ഈ മിസൈല്‍. അഗ്നി-1 (ദൂരപരിധി 700 കിലോമീറ്റര്‍), അഗ്നി -2 (2000 കി.മീ), അഗ്നി-3, അഗ്നി-4 (2500- 3500 കി.മീ) എന്നിങ്ങനെയാണ് അഗ്നി പരമ്പരയിലെ മറ്റു മിസൈലുകള്‍.

മൂന്നു വര്‍ഷത്തിനകം 'അഗ്നി-5’ സേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ആണവായുധം വഹിക്കാനും കൃത്യമായി ഉന്നത്തില്‍ പ്രഹരിക്കാനും ശേഷിയുള്ള' അഗ്നി 5’മിസൈല്‍ ഒരു തന്ത്രപ്രധാന ആയുധമാണ്. ചൈനയുടെ സൈനിക സന്നാഹങ്ങള്‍ കണക്കിലെടുത്താണ് ഈ മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്.

Keywords: Agni-5 missile, Test fires

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia