ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ് റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന് അഭിവാദ്യം അര്‍പ്പിച്ച് ഡല്‍ഹിയില്‍ മനുഷ്യച്ചങ്ങലയും അനുസ്മരണയോഗവും.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ പിണറായിയും വി.എസ്സും താമസിക്കുന്ന കേരളാ ഹൗസില്‍ തന്നെയാണ് ഇടത് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗം നടത്തിയത്. പിണറായി വിജയനു നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയേക്കുമെന്ന അഭ്യൂഹം കേരളാ ഹൗസിനെ ഏറെനേരം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി.
'മേയ് മാസ രാത്രി അടര്‍ത്തി വീഴ്ത്തിയ ഗുല്മോഹറിനെ ഇന്ദ്രപ്രസ്ഥം ഓര്‍ക്കുന്നു' എന്ന പേരിലായിരുന്നു ടിപി അനുസ്മരണം. കേരള ഹൗസിലുള്ള വി.എസ്. പരിപാടിയില്‍ പങ്കെടുക്കുമോ എന്നതായിരുന്നു സംഘാടകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ആകാംക്ഷ. എന്നാല്‍ മനുഷ്യച്ചങ്ങല രൂപപ്പെടുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പ് വി.എസ് കേന്ദ്രകമ്മിറ്റി യോഗത്തിനായി എ.കെ.ജി. ഭവനിലേക്ക് തിരിച്ചു.
ഇരുന്നൂറോളം പേര് പങ്കെടുത്ത മനുഷ്യച്ചങ്ങലയ്ക്ക് ശേഷം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണയോഗം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവസാന നിമിഷമാണ് അനുസ്മരണത്തിന് കേരളാഹൗസ് ഹാള്‍ അനുവദിച്ചു കിട്ടിയത്. പിണറായിക്കു നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശിയേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് കേരളാ ഹൗസിലേക്ക് വന്‍പൊലീസ് സന്നാഹമെത്തി. അധികം വൈകാതെ അനുസ്മരണയോഗം അവസാനിപ്പിച്ച് പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ കേരളാ ഹൗസിനു മുന്നില്‍ മുദ്രാവാക്യം വിളി തുടങ്ങി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തിരിപ്പിച്ചു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയശേഷമാണ് പിണറായി വിജയനും കോടിയേരിയും കേരള ഹൗസിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.