T20 World Cup | ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ ഓരോ താരങ്ങള്‍ക്കും ലഭിക്കുന്നത് എത്രയെന്ന് അറിയാം! ഒറ്റ മത്സരം പോലും കളിക്കാത്തവര്‍ക്കും കിട്ടും 5 കോടി
 

 
How Rs 125 crore T20 World Cup prize money will be split: Rs 5 cr each for players, Rs 2.5 cr for Dravid; reserve players to get Rs 1 crore each, New Delhi, News, T20 World Cup, Prize money, Players, BCCI, Sports, National News


സ്‌ക്വാഡിലുണ്ടായിരുന്ന സഞ്ജു സാംസണും ലഭിക്കും പാരിതോഷികം


വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പെടെ ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവരും അര്‍ഹര്‍
 

ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞദിവസമാണ് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്‍ഡ്യന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരിക്കല്‍ കൂടി ഇന്‍ഡ്യയിലേക്ക് ടി20 ലോകകപ്പ് എത്തുന്നത്. അതിന്റെ സന്തോഷമെല്ലാം ആരാധകര്‍ക്കും കളിക്കാര്‍ക്കും ബിസിസിഐയ്ക്കും എല്ലാം ഉണ്ട്. ഇന്‍ഡ്യയുടെ രണ്ടാമത്തെ കിരീട നേട്ടമാണ് ഇത്. നേരത്തെ ധോണിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇന്‍ഡ്യക്ക് വേണ്ടി കിരീടം സ്വന്തമാക്കിയത്.

 

കിരീടം നേടി ദിവസങ്ങളായിട്ടും അതിന്റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോള്‍ ടീമിന് ലഭിച്ച പാരിതോഷകത്തെ കുറിച്ചാണ് ചര്‍ച ചെയ്യുന്നത്. ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് 125 കോടി രൂപയുടെ സമ്മാനത്തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി തുക ടീമിന് സമ്മാനിക്കുകയും ചെയ്തു. സമ്മാന തുക കേട്ട് ആരാധകരില്‍ ചിലര്‍ക്കെങ്കിലും ഞെട്ടല്‍ ഉണ്ടായിരുന്നു. ലോകകപ്പിനായി പോയ ഇന്‍ഡ്യന്‍ സംഘത്തില്‍ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. 


ഓരോ താരങ്ങള്‍ക്കും എത്ര തുക ലഭിക്കുമെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും ആശയ കുഴപ്പം ഉണ്ടാകാം. സ്‌ക്വാഡില്‍ ഉള്‍പെട്ട 15 താരങ്ങള്‍ക്കും അഞ്ചു കോടി രൂപ വീതമാണ് ലഭിക്കുക. ഇതനുസരിച്ച് ഒരു മത്സരത്തില്‍ പോലും കളിക്കാനിറങ്ങാത്ത ടീമിലെ മൂന്ന് താരങ്ങള്‍ക്കും അഞ്ചു കോടി വീതം ലഭിക്കും. 

 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ് ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതിരുന്ന സ്‌ക്വാഡിലുണ്ടായിരുന്ന സഞ്ജു സാംസണും യുസ്വേന്ദ്ര ചെഹലിനും യശസ്വി ജയ്‌സ്വാളിനും അഞ്ചു കോടി ലഭിക്കും.

 

എന്നാല്‍ ടീമിലെ റിസര്‍വ് താരങ്ങളായിരുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവര്‍ക്ക് ഒരു കോടി രൂപ വീതം മാത്രമേ ലഭിക്കൂ.

 

രാഹുല്‍ ദ്രാവിഡ് അടക്കമുള്ള പരിശീലക സംഘത്തിന് 2.5 കോടി രൂപ വീതം ലഭിക്കും. മുഖ്യ പരിശീലകന്‍ ദ്രാവിഡ്, ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ്, ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ എന്നിവര്‍ക്കാണ് രണ്ടരക്കോടി വീതം ലഭിക്കുക.

അജിത്ത് അഗാര്‍ക്കര്‍ അടക്കം അഞ്ചു പേര്‍ ഉള്‍പെടുന്ന സീനിയര്‍ സെലക്ഷന്‍ കമിറ്റിക്കും ഒരു കോടി രൂപ വീതം ലഭിക്കും. ഇവരെ കൂടാതെ ടീമിലെ മൂന്ന് ഫിസിയോതെറാപിസ്റ്റുകള്‍, മൂന്ന് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതം ലഭിക്കും. 

കമലേഷ് ജെയിന്‍, യോഗേഷ് പാര്‍മര്‍, തുളസി റാം യുവരാജ് എന്നിവരാണ് ടീമിലെ മൂന്ന് ഫിസിയോതെറാപിസ്റ്റുകള്‍. രാഘവേന്ദ്ര ഡിവ് ജി, നുവാന്‍ ഉദെനെകെ, ദയാനന്ദ് ഗരാനി എന്നിവരാണ് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റുകള്‍. രാജീവ് കുമാര്‍, അരുണ്‍ കാനഡെ എന്നീ രണ്ട് മസാജര്‍മാര്‍ക്കും സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച് സോഹം ദേശായിക്കും ഈ തുക ലഭിക്കും.

ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍മാര്‍ ഉള്‍പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും പ്രത്യേക പാരിതോഷികം ലഭിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്ദേയും ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia