PM Modi | രാഹുലിനെ കുട്ടിയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; '99/100 സീറ്റുകളല്ല 99/543 സീറ്റുകളാണ് കിട്ടിയതെന്നും പരിഹാസം


ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിനെ കുട്ടിയോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. 99 സീറ്റ് കിട്ടിയത് ആഘോഷമാക്കുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും കണക്കിന് പരിഹസിച്ച പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടി തിരിച്ചടിച്ചു.
100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ആഘോഷിക്കുന്നത്. എന്നാല്‍ 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ലോക് സഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലാണ് മോദി സര്‍കാരിനെതിരെ ആഞ്ഞടിച്ചത്. പരമശിവന്റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ ദീര്‍ഘമായ പ്രസംഗം രാഹുല്‍ ഗാന്ധി ആരംഭിച്ചത്.
'അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെയും ചിഹ്നം. അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നത് ആരേയും ഭയക്കരുതെന്ന സന്ദേശമാണ്. എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നത്. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്റെയും മതമാണെന്നും എന്നാല്‍ ഇവിടെ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്ന ചിലര്‍ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു' എന്നുമാണ് ഭരണഭക്ഷത്തെ നോക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇതിന് പിന്നാലെ രാഹുലിന്റെ പരാമര്‍ശം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും സ്പീകറോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണ ഭക്ഷം ഒന്നാകെ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. 'ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കും മോദിക്കും അല്ല' എന്നായിരുന്നു ബി ജെ പിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി.
ഇതിന് പിന്നാലെ ബിജെപി, ആര്‍ എസ് എസ് സംഘടനകള്‍ക്കെതിരെയുള്ളതും അംബാനിക്കും, അദാനിക്കുമെതിരായ പരാമര്‍ശവും, അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ്, നീറ്റ് പരീക്ഷ സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് നന്നായി പഠിച്ച് വരുന്നവര്‍ക്ക് സ്ഥാനമില്ല തുടങ്ങിയ ഭാഗങ്ങളും ഭരണപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീകര്‍ ഓം ബിര്‍ലയുടെ നിര്‍ദേശത്തിന്റെ ഭാഗമായി സഭ രേഖകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനൊക്കെയുള്ള മറുപടിയുമായാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ലോക് സഭയിലെത്തിയത്.
പ്രധാനമന്ത്രിയുടെ വാക്കുകള്‍:
ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു, 99 മാര്‍ക്ക് നേടിയ ഒരു പയ്യന്‍ ഉണ്ടായിരുന്നു, അവന്‍ അത് എല്ലാവരേയും കാണിക്കുമായിരുന്നു, 99 എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ അവനെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അപ്പോള്‍ ഒരു ടീചര്‍ വന്നു ചോദിച്ചു നിങ്ങള്‍ എന്തിനാണ് മധുരം വിതരണം ചെയ്യുന്നതെന്ന്..? 100-ല്‍ 99 അല്ല, 543-ല്‍ 99 ആണ് കിട്ടിയതെന്ന് ആ ടീചര്‍ക്ക് പറയണമെന്നുണ്ടായിരുന്നു. കുട്ടികളുടെ ബുദ്ധിയല്ലേ. തോല്‍വിയില്‍ നിങ്ങള്‍ ഒരു ലോക റെകോര്‍ഡ് സൃഷ്ടിച്ചുവെന്ന് ഇപ്പോള്‍ ആ കുട്ടിയോട് ആരാണ് വിശദീകരിക്കുക'- എന്നായിരുന്നു പ്രധാനമന്ത്രി ലോക് സഭയില്‍ പറഞ്ഞത്.
1984-ലെ തിരഞ്ഞെടുപ്പിന് ശേഷം 10 ലോക് സഭാ തിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടന്നുവെങ്കിലും ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് 250 കടക്കാന്‍ കഴിഞ്ഞില്ലെന്നും ഇത്തവണ 99 സീറ്റുകളാണ് നേടിയതെന്നും മോദി പരിസഹിച്ചു.
ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് നിയമസഭകളിലേക്ക് കൂടി നടന്ന തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും എന്‍ഡിഎ സഖ്യം വന്‍വിജയം നേടി. ഒഡീഷയിലെ ജനങ്ങളും ബിജെപിക്കൊപ്പം നിന്നു. മൂന്നാംതവണയും അധികാരത്തില്‍ വന്നു. താന്‍ നേരത്തെ പറഞ്ഞതുപോലെ മൂന്നിരട്ടി വേഗത്തിലായിരിക്കും പ്രവര്‍ത്തനങ്ങളെന്നും, മോദി പറഞ്ഞു.