'തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും നിങ്ങള്‍ മുന്നോട്ടുവന്നു'; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന; ഗ്രാമത്തിന് സൈനിക മേധാവി ബിപിന്‍ റാവതിന്റെ പേര് നല്‍കണമെന്ന് ഗ്രാമവാസികള്‍
Dec 14, 2021, 09:23 IST
ചെന്നൈ: (www.kvartha.com 14.12.2021) കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍പെട്ടവരെ ജീവന്‍ പണയപ്പെടുത്തിയും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയ ഗ്രാമവാസികളോടുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി വ്യോമസേന പ്രഖ്യാപിച്ചു.
നാട്ടുകാരുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെലിങ്ടനിലെ സൈനിക ആശുപത്രിയില്‍ ഗ്രാമവാസികള്‍ക്ക് എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫിസെര്‍ ലഫ്. ജനറല്‍ എ അരുണ്‍ അറിയിച്ചു.
'ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും ജനങ്ങള്‍ മുന്നോട്ടുവന്നു. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്.' ലഫ്. ജനറല്‍ എ അരുണ്‍ പറഞ്ഞു.
അപകടവിവരം ആദ്യം അറിയിച്ച രണ്ട് പേര്‍ക്ക് 5000 രൂപ വീതം നല്‍കി. ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളര്‍ എമര്‍ജെന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്‌നാട് സര്‍കാരിനെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിച്ചു.
അതിനിടെ, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് ഉള്‍പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്‌റ്റെര്‍ തകര്‍ന്നുവീണ സ്ഥലത്ത് സ്മാരകം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികള്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ക്ക് കത്ത് കൈമാറി. നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവതിന്റെ പേര് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.