ഹാഫിസ് സഈദിന്റെ മകന്‍ ത്വല്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു; ലഷ്‌കറിന് വേണ്ടി ഇന്‍ഡ്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ആരോപണം

 



ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത് ഉദ് ദവ (ജെയുഡി) തലവനുമായ ഹാഫിസ് സഈദിന്റെ മകന്‍ ഹാഫിസ് ത്വല്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചു. 

1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി. ഹാഫിസ് ത്വല്‍ഹ സഈദ് ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവും സംഘത്തിന്റെ പുരോഹിത വിഭാഗത്തിന്റെ തലവനുമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മന്ത്രാലയം പറയുന്നു.

'ഇന്‍ഡ്യയിലെയും അഫ്ഗാനിസ്താനിലെ ഇന്‍ഡ്യന്‍ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി ലഷ്‌കറിന് വേണ്ടി സേന റിക്രൂട്‌മെന്റ്, ധന ശേഖരണം നടത്തുക, ആക്രമങ്ങള്‍ ആസൂത്രണം ചെയ്യുക, നടപ്പിലാക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ തല്‍ഹ സജീവമായി ഇടപെടുന്നു', വിജ്ഞാപനത്തില്‍ പറയുന്നു. 

ഇന്‍ഡ്യ, ഇസ്രാഈല്‍, അമേരിക, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ താല്‍പര്യങ്ങള്‍ക്ക് എതിരായ ജിഹാദിന് വേണ്ടി പ്രചാരണം
നടത്തുന്നു. അതോടൊപ്പം ത്വല്‍ഹ സഈദ് പാകിസ്താനിലുടനീളമുള്ള വിവിധ ലഷ്‌കര്‍ കേന്ദ്രങ്ങള്‍ സജീവമായി സന്ദര്‍ശിക്കുന്നുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

'ഹാഫിസ് ത്വല്‍ഹ സഈദിന് തീവ്രവാദത്തില്‍ പങ്കുണ്ടെന്ന് കേന്ദ്ര സര്‍കാര്‍ വിശ്വസിക്കുന്നു. യുഎപിഎ പ്രകാരം അദ്ദേഹത്തെ തീവ്രവാദിയായി പ്രഖ്യാപിക്കണം'- ആഭ്യന്തരമന്ത്രാലയം പറയുന്നു.

ത്വല്‍ഹയുടെ പിതാവും ജെയുഡി തലവനുമായ ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷം തടവിന് ശിക്ഷിച്ച ദിവസമാണ് കേന്ദ്രസര്‍കാര്‍ ഈ തീരുമാനം എടുത്തത്. വിവിധ റിപോര്‍ടുകള്‍ പ്രകാരം ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകര സംഘടനയുടെ സഹസ്ഥാപകനായ ഹാഫിസ് സഈദിന് കോടതി 3,40,000 പാകിസ്താന്‍ രൂപ പിഴ ചുമത്തി.

ഹാഫിസ് സഈദിനെ 2019 ജൂലൈയില്‍ തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൊല്ലുകയോ, പിടികൂടുന്നതിന് സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് യുഎസ് 10 മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

ഹാഫിസ് സഈദിന്റെ മകന്‍ ത്വല്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു; ലഷ്‌കറിന് വേണ്ടി ഇന്‍ഡ്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും ആരോപണം


2008 നവംബറിലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കര്‍ ഇ ടിയുടെ മുന്‍ സംഘടനയായ ജെയുഡിയുടെ തലവനാണ് അദ്ദേഹം. ആക്രമണത്തില്‍ ആറ് അമേരികക്കാര്‍ ഉള്‍പെടെ 166 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് യുഎസ് ട്രഷറി ഡിപാര്‍ട്‌മെന്റ് സഈദിനെ നിയുക്ത ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, 2018 ജൂണ്‍ മുതല്‍ പാകിസ്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) 'ഗ്രേ ലിസ്റ്റില്‍' ആണ്. എഫ്എടിഎഫ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജ്യം ഇപ്പോഴും പട്ടികയില്‍ തുടരുന്നു.

Keywords:  News, National, India, New Delhi, Terrorists, Terrorism, Top-Headlines, Terror Attack, Central Government, Hafiz Saeed's son Talha declared as designated terrorist by Ministry of Home Affairs
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia