Central Government | മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ഒഴിവാക്കണമെന്ന് ട്വിറ്റര്‍ ഉള്‍പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍
Jul 20, 2023, 11:17 IST
ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍. സംഭവം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും കേന്ദ്രസര്‍കാര്‍ വ്യക്തമാക്കി.
ഇന്‍ഡ്യയിലെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്രസര്‍കാര്‍ അറിയിച്ചു. അതേസമയം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
കംഗ്‌പോക്പി ജില്ലയില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ ഒരു സംഘം യുവാക്കള്‍ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മെയ് നാലാം തീയതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ധിച്ചതായും റിപോര്‍ടുകള്‍ പറയുന്നു.
രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിച്ചു. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അക്രമകാരികളെ പിടികൂടുമെന്നും മണിപ്പൂര്‍ പൊലീസ് ട്വീറ്റ് ചെയ്തു. മെയ് നാലിനാണ് പീഡനം നടന്നത്. 15 ദിവസത്തിന് ശേഷമാണ് സ്ത്രീകള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്. അക്രമികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Keywords: New Delhi, News, National, Manipur, Video, Govt asks Twitter, other social media platforms to remove Manipur women video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.