കെവാറ്റ് കുടിശ്ശികയുടെ പേരില്‍ സ്വര്‍ണ വ്യാപാരികളെ ദ്രോഹിക്കരുതെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍

 


തിരുവനന്തപുരം: (www.kvartha.com 02.06.2021) കെവാറ്റ് കുടിശ്ശികയുടെ പേരിൽ സ്വർണ വ്യാപാരികളെ ദ്രോഹിക്കരുതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചെന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ് അബ്ദുൽ നാസർ കേരളത്തിന്റെ പുതിയ ധനമന്ത്രിയോട് അഭ്യർഥിച്ചു.

കെവാറ്റ് കുടിശ്ശികയുടെ പേരില്‍ സ്വര്‍ണ വ്യാപാരികളെ ദ്രോഹിക്കരുതെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍

ജി എസ് ടി നിലവിൽ വരുന്നതിന് തൊട്ടു മുമ്പുള്ള എല്ലാ നികുതി നിയമങ്ങളും നിർത്തലാക്കിയാണ് പുതിയ നിയമം പാർലമെന്റും കേരളം അടക്കമുള്ള നിയമസഭകളും പാസാക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ജി എസ് ടി ക്ക് മുമ്പുള്ള മുമ്പുള്ള എല്ലാ നികുതി കുടിശ്ശികകളും പിൻവലിക്കുകയോ എഴുതി തള്ളുകയോ ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇപ്പോഴും വാറ്റ് കുടിശ്ശിക സംബന്ധിച്ച കേസുകൾ കോടതികളിലും വകുപ്പ് തലത്തിലും തുടരുകയാണ്. കേരളത്തിൽ വാറ്റ് കുടിശ്ശിക ഈടാക്കുന്നതിന് മിക്കവാറും വ്യാപാരികൾക്കെല്ലാം വൻതുകകളടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോടീസ് നൽകുകയായിരുന്നു.

വാറ്റ് കുടിശ്ശിക എന്ന് പറയുന്നത് ഉദ്യോഗസ്ഥരുടെ വെറും ഊഹക്കണക്ക് മാത്രമാണ്. ഒരു വ്യാപാരശാലയിൽ 10000 രൂപയുടെ പിഴവ് കണ്ടെത്തിയാൽ മുൻ മൂന്ന് വർഷം ഈ സ്ഥാപനത്തിൽ ഈ രീതിയിലുള്ള വ്യാപാരമാണ് നടന്നതന്ന് അനുമാനിച്ച് ഒരു കോടി രൂപ നികുതിയും, പിഴയും, പിഴപ്പലിശയും അടയ്ക്കാനുള്ള ഡിമാൻഡ് നോടീസുകളാണ് നൽകുന്നത്. വാറ്റ് കുടിശ്ശികയിൽപ്പെടുത്തി പീഡീപ്പിക്കപ്പെടുന്ന ഭൂരിപക്ഷം വ്യാപാരികളും കച്ചവടം നിർത്തി അവരുടെ എല്ലാ സ്വത്തുക്കളും സർകാരിനു നൽകിയാൽപ്പോലും തീരാത്ത ബാധ്യതയാണുള്ളത്.

സത്യവുമായി ബന്ധമില്ലാത്ത കോടിക്കണക്കിനു രൂപ പിരിക്കുന്നതിന് 2018 ൽ പലിശയും പിഴയും ഒഴിവാക്കിയാണ് ആംനസ്റ്റി പ്രഖ്യാപിച്ചത്. 2019 ൽ 75% അടച്ചാൽ മതിയെന്നായിരുന്നു പ്രഖ്യാപനം. നിലനിൽക്കുന്ന പൊതുമാപ്പ് പദ്ധതിയോടൊപ്പം വാറ്റ് കുടിശ്ശിക തീർപ്പാക്കുന്നതിന് 2020 ൽ അവതരിപ്പിച്ച ധനകാര്യ ബിൽ 2021 ചില പരിഷ്ക്കാരങ്ങളോടെ വിപുലീകരിച്ചിട്ടുണ്ട്. 2020ൽ 40 % വരെ ഇളവനുവദിക്കുകയും പല തവണ സമയം നീട്ടി കൊടുക്കുകയുമാണ്. ഓഗസ്റ്റ് 31 വരെ വരെ ഓപ്ഷൻ നൽകാൻ സമയം നീട്ടിയിട്ടുണ്ട്. സർകാർ ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നതിൽ നിന്നു തന്നെ വ്യക്തമാകുന്നത് ഊതിവീർപ്പിക്കപ്പെട്ട കണക്കാണിതെന്നാണ്.

അധാർമികമായ ഒരു നടപടി വ്യാപാര സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കരുത്. വ്യാപാരികളുടെ കണക്കുകൾ ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ അവരെ കുടിശ്ശിക അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കാൻ അധികാരം നൽകുന്ന ഭേദഗതി 2019 ൽ ധനകാര്യ ബിലിൽ ഉൾപെടുത്തിയിട്ടുണ്ട്. കേരള വാറ്റ് നികുതി നിയമം സെക്ഷൻ 25 എ എ ജനറൽ ഡിസിപ്ലിൻ പ്രകാരം വ്യാപാരികളെ പരമാവധി സഹായിക്കുക എന്നതാണ്. പഴയ വാറ്റ് കാലത്തെ പരാതികളും കെട്ടികിടക്കുന്ന കേസുകളും തീർപ്പാക്കുന്നതിനാണ് പൊതു താല്പര്യം പരിഗണിച്ച് നിയമം ഭേദഗതി ചെയ്തത്. എന്നാൽ ഇതിന് മുൻകാല പ്രാബല്യമില്ലന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ നിഷ്ക്കരുണം ഇത് നിരസിക്കുകയാണ്.

ഈ നിയമ ഭേദഗതി അനുസരിച്ച് 95 ശതമാനം കേസുകളും തീർപ്പാക്കാൻ കഴിയും. ഉദ്യോഗസ്ഥർ അതിനു തയ്യാറാകുന്നില്ലന്നതാണ് കേസുകൾ നീളാൻ കാരണം. വാറ്റ് കാലത്തെ എല്ലാ കേസുകളും തീർപ്പുകൽപ്പിക്കുന്നതിന് വകുപ്പ് തല അംഗങ്ങളും വ്യാപാര പ്രതിനിധികളുമടക്കം ഒരു സെറ്റിൽമെന്റ് കമീഷൻ രൂപീകരിക്കാവുന്നതാണ്.

ജി എസ് ടി നിലവിൽ വന്നതിനു ശേഷം നികുതി വരുമാനം കുറവാണെന്നത് ശരിയല്ല. സ്വർണത്തിനുള്ള മൂന്ന് ശതമാനം നികുതി കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ്. മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന ആഭരണങ്ങൾക്ക് അതാതു സംസ്ഥാനങ്ങളിൽ നികുതി നൽകുകയും അതിന് കേരളത്തിൽ സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്. വാറ്റ് കാലഘട്ടത്തിൽ 95% സ്വർണ വ്യാപാരികളും നികുതി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് പിൻതുടർന്നു വന്നിരുന്നത്. ഓരോ വർഷവും മുൻവർഷത്തെക്കാൾ 25 % കൂട്ടി നികുതി അടച്ചു കൊള്ളാമെന്ന നിബന്ധനയു മുണ്ടായിരുന്നു. ജി എസ് ടി നിയമത്തിൽ അനുമാന നികുതിയും കോമ്പൗണ്ടിംഗ് രീതിയുമില്ലാത്തതിനാൽ യഥാർഥ വിറ്റുവരവിൽ മാത്രമാണ് നികുതി അടയ്ക്കുന്നത്.

15,000 ഓളം സ്വർണ വ്യാപാരികൾ, 5000 ഓളം നിർമാണസ്ഥാപനങ്ങൾ, നൂറുകണക്കിന് ഹോൾ സെയിൽ വ്യാപാരികൾ, ഹാൾമാർകിംഗ് സെന്ററുകൾ മറ്റ് അനുബന്ധ മേഖലയിലടക്കം മൂന്ന് ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. 10 ലക്ഷത്തോളം ജനങ്ങൾ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നു. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ളവർ ജി എസ് ടി രജിസ്ട്രേഷന്റെ പരിധിയിൽ വരാത്തതിനാൽ രജിസ്ട്രേഷൻ എടുത്ത സ്വർണ വ്യാപാരികളെ മാത്രം നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരണം.

ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. അനധികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന ഉദ്യോഗസ്ഥ സമീപനമാണ് മാറേണ്ടത്. മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതു്. കോവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാൻ വർഷങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമായി മാറ്റാൻ പുതിയ ധനമന്ത്രി തയ്യാറാകണമെന്ന് താല്പര്യപ്പെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

UPDATED

Keywords: Thiruvananthapuram, Kerala, News, Gold, Advocate, Treasure, GST, National, Director, Cases, Court, Officers, Fine, Government, Registration, Finance, Minister, Gold traders should not be harassed over GST arrears: Adv. S. Abdul Nassar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia