Stalin Slams | 'കഴിവില്ലാത്തതും തകര്‍ന്നതുമായ വ്യവസ്ഥിതിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി തറക്കല്‍': നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചതില്‍ ആഞ്ഞടിച്ച് സ്റ്റാലിന്‍
ആയിരക്കണക്കിന് ഡോക്ടര്‍മാരെ കടുത്ത നിരാശയിലാഴ്ത്തി.
നീറ്റ് പരീക്ഷ പിന്നോക്കമേഖലകളില്‍നിന്നുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് അവസരം നഷ്ടമാകാന്‍ കാരണമാകുന്നുണ്ട്.
ചെന്നൈ: (KVARTHA) ദേശീയ മെഡികല്‍ പിജി പ്രവേശനപരീക്ഷയായ നീറ്റ്-പിജി പരീക്ഷ മാറ്റിവെച്ചതില്‍ കേന്ദ്രത്തിനെ ആക്ഷേപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നീറ്റ്-പിജി പരീക്ഷ അവസാനനിമിഷം മാറ്റിവച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും തകര്‍ന്നുകിടക്കുന്ന കേന്ദ്രീകൃത പ്രവേശന സംവിധാനത്തിന്റെ ശവപ്പെട്ടിക്ക് മേല്‍ അടിക്കപ്പെട്ട അവസാനത്തെ ആണിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കുന്നതിനും കരിയറിന്റെ അടിസ്ഥാനമായി അതിനെ മാറ്റുന്നതിനുമായി പ്രഫഷനല്‍ കോഴ്‌സുകളുടെ പ്രവേശന പ്രക്രിയയില്‍ തുല്യതയും സുതാര്യതയും കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ്-പിജി പരീക്ഷ മാറ്റിവച്ചത് ആയിരക്കണക്കിന് ഡോക്ടര്‍മാരെ കടുത്ത നിരാശയിലാഴ്ത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള പരീക്ഷകളിലെ ചോദ്യക്കടലാസ് ചോര്‍ച, ഗ്രേസ് മാര്‍ക് അടക്കമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം.
മെഡികല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നോക്കമേഖലകളില്‍നിന്നുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് അവസരം നഷ്ടമാകാന്‍ കാരണമാകുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.