Victory Parade | ലോകകപ്പ് വിജയ ആഘോഷത്തിനിടെ മരത്തിന് മുകളില്‍ കയറി ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്ന ആരാധകന്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരുക്ക്
മരത്തിന് മുകളില്‍ നിന്ന് ചിത്രമെടുക്കുന്ന ആരാധകനെ വിരാട് കോലി രോഹിത്തിന് കാണിച്ചുകൊടുക്കുന്നതും രോഹിത് അയാളോട് താഴെയിറങ്ങാന്‍ പറയുന്നതും വീഡിയോയില്‍ കാണാം
ഒറ്റ ദിവസം കൊണ്ട് ബോളിവുഡ് താരങ്ങളെക്കാള്‍ പ്രശസ്തനായ ആരാധകനെന്ന് കമന്റ്
മുംബൈ: (KVARTHA) ടി20 ലോകകപ്പ് വിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരുക്ക്. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ടി20 ലോകകപ്പ് കീരിടവുമായി ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച് കാണാന്‍ പതിനായിരങ്ങളാണ് മറൈന്‍ഡ്രൈവിന്റെ ഇരുവശവും തടിച്ചുകൂടിയത്. ഇന്‍ഡ്യ, ഇന്‍ഡ്യ എന്ന് ആരാധകര്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.
പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഇവര്‍ ഇവിടെ നിലയുറപ്പിച്ചു. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ആരാധകര്‍ ഒഴുകിയെത്തിയത്. രണ്ട് മണിക്കൂറോളം വൈകിയാണ് പരിപാടി തുടങ്ങിയത്. അതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്.
The guy who was sitting on the tree, scared the Indian players. 🤣 pic.twitter.com/PPI0NbSO9F
— Mufaddal Vohra (@mufaddal_vohra) July 4, 2024
അതേസമയം ഇന്‍ഡ്യന്‍ ടീമിന്റെ വിക്ടറി പരേഡിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരക്കില്‍പ്പെട്ട് ചിലര്‍ക്ക് ശ്വാസതടസവും തളര്‍ചയും അനുഭവപ്പെട്ടതായി പൊലീസ് അറിയിച്ചു. ചിലര്‍ ബോധംകെട്ടു വീഴുകയും ചെയ്തു.
ലോകകപ്പ് വിജയത്തിനുശേഷം ബാര്‍ബഡോസില്‍ നിന്ന് വ്യാഴാഴ്ചയാണ് രാവിലെയാണ് ഇന്‍ഡ്യന്‍ ടീം നാട്ടിലെത്തിയത്. ടീമിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വമ്പന്‍ സ്വീകരണവും ഒരുക്കിയിരുന്നു. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ തുറന്ന ബസിലായിരുന്നു ടീമിന്റെ വിക്ടറി പരേഡ്. പതിനായിരങ്ങളാണ് ടീമിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും മറൈന്‍ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെയുള്ള റോഡില്‍ തടിച്ചുകൂടിയത്.
മറൈന്‍ഡ്രൈവിനും പരിസരത്തും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിക്ടറി പരേഡിനെത്തിയ ആരാധകരില്‍ പലരും ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ കയറി ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പല വാഹനങ്ങളുടെയും മുകള്‍ഭാഗം ചളുങ്ങിയ അവസ്ഥയിലാണ്. ചിലതിന്റെ ചില്ലുകള്‍ക്കും കേടുപാടുകളുണ്ട്.
പലര്‍ക്കും മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കളും നഷ്ടമായി. വിക്ടറി പരേഡിനു ശേഷം റോഡില്‍ നിരവധി ചെരുപ്പുകള്‍ ചിതറിക്കിടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വലിയ ഗതാഗതക്കുരുക്കാണ് ദക്ഷിണ മുംബൈയിലുണ്ടായത്. മറൈന്‍ ഡ്രൈവിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് തടഞ്ഞതോടെ മറ്റ് ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി.
അതേസമയം ആഘോഷ പരിപാടിക്കിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു സംഭവവും നടന്നു. തിക്കിലും തിരക്കിലും പെട്ട് തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഒരു ആരാധകന്‍ മരത്തില്‍ കയറി മൊബൈല്‍ ഫോണില്‍ ഫോടോ എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഇന്‍ഡ്യന്‍ ടീമിന്റെ വിക്ടറി പരേഡ് കാണാനായി റോഡിന് അരികിലെ മരത്തിന് മുകളില്‍ കയറിയ ആരാധകന്‍ ടീം അംഗങ്ങള്‍ തനിക്കരികിലൂടെ കടന്നുപോകുമ്പോള്‍ മരത്തിന്റെ ചില്ലയില്‍ കിടന്ന് ഒരു കൈയില്‍ ഫോണ്‍ പിടിച്ച് ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡ്യന്‍ ടീമിന്റെ വിക്ടറി പരേഡ് പോലെ തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി.
മരത്തിന് മുകളില്‍ നിന്ന് ചിത്രമെടുക്കുന്ന ആരാധകനെ വിരാട് കോലി രോഹിത്തിന് കാണിച്ചുകൊടുക്കുന്നതും രോഹിത് അയാളോട് താഴെയിറങ്ങാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഒറ്റ ദിവസം കൊണ്ട് ബോളിവുഡ് താരങ്ങളെക്കാള്‍ പ്രശസ്തനായ ആരാധകനെന്നാണ് ചിലര്‍ ചിത്രം പങ്കുവെച്ച് എക്‌സില്‍ കുറിച്ചത്.
വ്യാഴാഴ്ച രാവിലെ ആറരയോടെ ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡെല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്‍ഡ്യന്‍ ടീമിനെ വാടര്‍ സല്യൂട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്.
മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33,000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്‍ഡ്യന്‍ ടീമിന്റെ വിജയാഘോഷം. ഇന്‍ഡ്യന്‍ ടീമിന്റെ രണ്ടാമത്തെ കിരീട നേട്ടമാണ് ഇത്. നേരത്തെ ധോണിയുടെ നേതൃത്വത്തിലും ഇന്‍ഡ്യന്‍ ടീം കിരീടം സ്വന്തമാക്കിയിരുന്നു.