David Johnson | മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍കണിയില്‍നിന്ന് വീണ് മരിച്ചു
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍.
വിഷാദം അടക്കമുള്ള രോഗങ്ങള്‍ അലട്ടിയിരുന്നുവെന്ന് കുടുംബം.
വിരമിച്ചശേഷം പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ബെംഗ്‌ളൂറു: (KVARTHA) മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍കണിയില്‍നിന്ന് വീണ് മരിച്ചു. 52 വയസായിരുന്നു. ബെംഗ്‌ളൂറിലെ കോത്തനൂരിലാണ് സംഭവം. വ്യാഴാഴ്ച (20.06.2024) രാവിലെ 11.15 ന് നാലാം നിലയിലെ വീടിന്റെ ബാല്‍കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ഡേവിഡ് ജോണ്‍സണും കുടുംബവും കോത്തനൂരിലെ കനകശ്രീ ലേ ഔടില്‍ ഉള്ള എസ്എല്‍വി പാരഡൈസെന്ന ഫ്‌ലാറ്റില്‍ ആയിരുന്നു താമസിച്ചിരുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുള്ള സമയത്താണ് ജോണ്‍സണ്‍ താഴേക്ക് വീണതെന്ന് വീട്ടുകാര്‍ പറഞ്ഞു.
വിവരം അറിഞ്ഞ ഉടന്‍തന്നെ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കോതനൂര്‍ പൊലീസ് സ്ഥലത്തെത്തി. ജോണ്‍സണെ ക്രസന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചായി ഇദ്ദേഹത്തെ വിഷാദം അടക്കമുള്ള രോഗങ്ങള്‍ അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.
1996-ല്‍ സചിന്‍ ടെന്‍ഡുല്‍കറുടെ കാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ജോണ്‍സണ്‍ അരങ്ങേറിയത്. ആഭ്യന്തര ക്രികറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍സണ്‍ കളിച്ചിരുന്നത്. ഫാസ്റ്റ് ബൗളറായിരുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വികറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്‍ഡ്യന്‍ ടീമിലെത്തിച്ചത്. മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയില്ലാത്തതിനാല്‍ വൈകാതെ ഇന്‍ഡ്യന്‍ ടീമില്‍നിന്ന് അവസരം ലഭിക്കാതെയായി. വിരമിച്ചശേഷം പരിശീലനം നല്‍കുന്നതിലും ജോണ്‍സണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
മരണത്തില്‍ മുന്‍ ഇന്‍ഡ്യന്‍ സ്പിനര്‍ അനില്‍ കുംബ്ലെ അടക്കമുള്ള പ്രമുഖ കായിക താരങ്ങള്‍ അനുശോചിച്ചു. മുന്‍ ഇന്‍ഡ്യന്‍ ഫാസ്റ്റ് ബൗളറുടെ മരണം ഇന്‍ഡ്യന്‍ ക്രികറ്റ് സമൂഹത്തെ ഞെട്ടിച്ചതായാണ് അനില്‍ കുംബ്ലെ വാര്‍ത്തയോട് ആദ്യം പ്രതികരിച്ചത്.
തന്റെ എക്സ് ഹാന്‍ഡില്‍, കുംബ്ലെ എഴുതി, 'എന്റെ ക്രികറ്റ് സഹപ്രവര്‍ത്തകന്‍ ഡേവിഡ് ജോണ്‍സന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതില്‍ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം. വളരെ വേഗം പോയി 'ബെന്നി'!'.
Saddened to hear the passing of my cricketing colleague David Johnson. Heartfelt condolences to his family. Gone too soon “ Benny”!
— Anil Kumble (@anilkumble1074) June 20, 2024