അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ടുമാറാന്‍ എത്തുന്നവര്‍ക്ക് കൈവിരലില്‍ മഷി പുരട്ടേണ്ടതില്ല; ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 16.11.2016) അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ടുമാറാന്‍ എത്തുന്നവര്‍ക്ക് കൈവിരലില്‍ മഷി പുരട്ടേണ്ടതില്ല. ബാങ്കുകളില്‍ നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ കൈവിരലില്‍ മഷി പുരട്ടുന്ന പുതിയ സമ്പ്രദായത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

 നോട്ട് മാറാനെത്തുന്നവരുടെ വലത് കൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുമെന്ന് കഴിഞ്ഞദിവസമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കറന്‍സി മാറ്റാന്‍ ആളുകള്‍ ആവര്‍ത്തിച്ച് എത്തുന്നത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍, സാധാരണക്കാര്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുമെന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്.

ഇതുകൂടാതെ പഴയ നോട്ടുകള്‍ മാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ കാണിക്കണം. നോട്ട് മാറാനുള്ള ഫോമിലെ വിവരങ്ങളുമായി ഒത്തുനോക്കാന്‍ വേണ്ടിയാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. 

അതേസമയം, പഴയ നോട്ടുകള്‍ മാറാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് റദ്ദാക്കി പണം വാങ്ങുന്നത് ഏറിയതോടെ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 5000ത്തിലധികം രൂപയുടെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ല. ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ പണം തിരികെ നല്‍കൂ. ഈ മാസം 24 വരെയാണ് ഇതിനുള്ള നിയന്ത്രണം.

അതേസമയം കേരളത്തിലെ ബാങ്കുകളില്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നത്
തുടങ്ങിയിട്ടില്ല. കേരളത്തിലെ ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മെട്രോ നഗരങ്ങളിലാണ് ആദ്യം മഷി പുരട്ടുന്നത് നടപ്പാക്കുക എന്നതിനാല്‍ തന്നെ വൈകി മാത്രമെ കേരളത്തില്‍ നടപ്പാക്കുകയുള്ളൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കൈയില്‍ പുരട്ടേണ്ട മഷി മൈസൂരില്‍ നിന്നാണ് എത്തിക്കുന്നത്. 

ഒപ്പം മഷി പുരട്ടാനുള്ള ബ്രഷും നല്‍കും. ക്യാഷില്‍ ഇരിക്കുന്ന വ്യക്തിയോ ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഇടപാടുകാരുടെ കൈയില്‍ മഷി പുരട്ടാം. ആളുകളുടെ വിരലില്‍ പുരട്ടുന്ന മഷി ഉണങ്ങുന്നതിനുള്ള സമയം നല്‍കണമെന്നും നിര്‍ദേശത്തില്‍ ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ടുമാറാന്‍ എത്തുന്നവര്‍ക്ക് കൈവിരലില്‍ മഷി പുരട്ടേണ്ടതില്ല; ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

Also Read:
മഹിളാമന്ദിരത്തില്‍ നിന്നും പെണ്‍കുട്ടിയെയും യുവതിയെയും കാണാതായി
Keywords:  New Delhi, Bank, Complaint, Fake money, Press meet, Application, Train, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia