UCC | 'രണ്ടാം വിവാഹത്തിന് ഇദ്ദ: വേണ്ട, നിർബന്ധിച്ചാൽ തടവും പിഴയും'; എപ്പോഴാണ് വിവാഹം അസാധുവാകുന്നത്? ഉത്തരാഖണ്ഡിലെ യുസിസി ബില്ലിലെ കല്യാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇങ്ങനെ; ലിവ് - ഇൻ ബന്ധം അറിയിക്കണം, അല്ലെങ്കിൽ 6 മാസം വരെ തടവ്

 


ഡെറാഡൂൺ: (KVARTHA) ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് (UCC) ബിൽ വിവാഹങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. നിയമം ലംഘിച്ചാൽ പരമാവധി 20,000 രൂപ പിഴ ഈടാക്കും. ചടങ്ങ് കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ വിവാഹ രജിസ്ട്രേഷൻ നടത്തണമെന്ന് ബിൽ വ്യക്തമാക്കുന്നു. 2010 മാർച്ച് 26ന് ശേഷമുള്ള എല്ലാ വിവാഹങ്ങളും ആറ് മാസത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തില്ലെങ്കിൽ വിവാഹം അസാധുവാകാൻ ഇടയാക്കില്ലെന്ന് യുസിസി വ്യക്തമാക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ഊന്നിപ്പറയുന്നു. എന്നിരുന്നാലും, ഈ ബില്ലിലെ വ്യവസ്ഥകൾ ആദിവാസി സമൂഹങ്ങൾക്ക് ബാധകമല്ല.

UCC | 'രണ്ടാം വിവാഹത്തിന് ഇദ്ദ: വേണ്ട, നിർബന്ധിച്ചാൽ തടവും പിഴയും'; എപ്പോഴാണ് വിവാഹം അസാധുവാകുന്നത്? ഉത്തരാഖണ്ഡിലെ യുസിസി ബില്ലിലെ കല്യാണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇങ്ങനെ; ലിവ് - ഇൻ ബന്ധം അറിയിക്കണം, അല്ലെങ്കിൽ 6 മാസം വരെ തടവ്

ബിൽ പ്രകാരം, വിവാഹമോചനത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും കോടതിയെ സമീപിക്കാം. ഭർത്താവ് ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കുറ്റത്തിനോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അല്ലെങ്കിൽ യുസിസി കൊണ്ടുവരുന്നതിന് മുമ്പ് ഭർത്താവിന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ വിവാഹമോചനം തേടാൻ ചില പ്രത്യേക കേസുകളിൽ സ്ത്രീകൾക്ക് ചില പ്രത്യേക അവകാശങ്ങളുണ്ട്.

വിവാഹമോചനം എളുപ്പമാകില്ല


വിവാഹിതരായ ദമ്പതികൾക്ക് അസാധാരണമായ കേസുകളിൽ ഒഴികെ, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ കഴിയില്ല. വിവാഹമോചന ഉത്തരവ് ഇതിനകം കോടതിയിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ വീണ്ടും വിവാഹം കഴിക്കാനുള്ള അവകാശവും യുസിസി നൽകുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായ അനന്തരാവകാശവും യുസിസി നൽകുന്നു.

ഒന്നിലധികം വിവാഹം


ഭാര്യാഭർത്താക്കന്മാരിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ, അവർ ഏത് മതത്തിൽപ്പെട്ടവരായാലും വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹശേഷം ഒരാൾ മതം മാറിയാൽ വിവാഹമോചനവും ജീവനാംശവും തേടാനുള്ള പൂർണ അവകാശം പങ്കാളിക്ക് ഉണ്ടാവും. വിവാഹമോചനത്തിന് ശേഷം സ്ത്രീ അതേ പുരുഷനെ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇസ്ലാമിക നിയമ പ്രകാരമുള്ള ഇടവേളയായ ഹലാലയുടെയും ഇദ്ദ: യുടെയും ആവശ്യമില്ല. ഇതിന് ആരെങ്കിലും സ്ത്രീയെ നിർബന്ധിച്ചാൽ മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടക്കേണ്ടി വരും.

വിവാഹ പ്രായം

വിവാഹം സംബന്ധിച്ച സെക്ഷൻ 4 പ്രകാരമുള്ള മൂന്നാമത്തെ വ്യവസ്ഥ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായവുമായി ബന്ധപ്പെട്ടതാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹപ്രായം യഥാക്രമം 21 ഉം 18 ഉം ആയി തുടരുന്നു.

ലിവ്-ഇൻ ബന്ധം

ലിവ്-ഇൻ ബന്ധങ്ങൾ സ്വയം രജിസ്റ്റർ ചെയ്യണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വ്യവസ്ഥ. ഇല്ലെങ്കിൽ ആറ് മാസം വരെ തടവും 25,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. നിർദിഷ്ട യുസിസി അനുസരിച്ച്, രജിസ്റ്റർ ചെയ്യാതെ പങ്കാളികൾ ഒരു മാസത്തിൽ കൂടുതൽ ലിവ്-ഇൻ ബന്ധത്തിൽ തുടരുകയാണെങ്കിൽ, മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ലിവ്-ഇൻ പങ്കാളികൾ വിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ പ്രസ്താവന നൽകുകയോ ചെയ്താൽ, അവർക്ക് മൂന്ന് മാസം വരെ തടവും 25,000 രൂപയിൽ കൂടാത്ത പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് യുസിസി പ്രസ്താവിക്കുന്നു. ഉത്തരാഖണ്ഡ് യു.സി.സി പ്രകാരം, ലിവ്-ഇൻ റിലേഷനിൽ ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീക്ക് കോടതിയെ സമീപിക്കാം, അവർക്ക് ജീവനാംശം
ആവശ്യപ്പെടാൻ അർഹതയുണ്ട്. യുസിസി വ്യവസ്ഥകൾ പ്രകാരം ലിവ്-ഇൻ ബന്ധത്തിലുള്ള കുട്ടിയെ പങ്കാളികളുടെ നിയമാനുസൃത കുട്ടിയായി പരിഗണിക്കും.

Keywords: Uniform Civil Code, UCC, Uttarakhand, Dehradun, Marriage, Fine, Divorce, Age, Live in  Relationship, Civil Code: Marriage registration compulsory in Uttarakhand; failure will attract fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia