മക്കള്‍ക്ക് ഉചിതമായ സ്ഥാനം നല്‍കണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെക്കും; മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ ബി ജെ പി ദേശീയനേതൃത്വത്തിന് മുന്നില്‍ ഉപാധിവെച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
Jul 17, 2021, 13:49 IST
ബെംഗളൂരു: (www.kvartha.com 17.07.2021) രാജിവെക്കണമെങ്കില്‍ രണ്ടു മക്കള്‍ക്കും ഉചിതമായ സ്ഥാനം നല്‍കണം. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ ബി ജെ പി ദേശീയനേതൃത്വത്തിന് മുന്നില്‍ ഉപാധിവെച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞദിവസമാണ് യെദ്യൂരപ്പയും മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയും മുഖ്യമന്ത്രിയെ കാണാന്‍ ഡെല്‍ഹിയിലേക്ക് ചാര്‍ടേഡ് വിമാനത്തില്‍ യാത്ര തിരിച്ചത്. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാര്‍ടി കേന്ദ്ര നേതൃത്വത്തോടു ചര്‍ച്ച ചെയ്യാനായിരുന്നു ഇതെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയെ കാണുക, പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ചകള്‍ നടത്തുക എന്നീ അജന്‍ഡകളുമായാണ് യെദ്യൂരപ്പ ഡെല്‍ഹിക്ക് തിരിച്ചത്. ശനിയാഴ്ച നഡ്ഡയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. ആ ചര്‍ച്ചയിലാണ് രാജിവെക്കാനുള്ള ഉപാധികള്‍ യെദ്യൂരപ്പ മുന്നോട്ടുവെച്ചത്.
കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്നറിയിച്ച അദ്ദേഹം രണ്ടുമക്കള്‍ക്കും ഉചിതമായ സ്ഥാനം പാര്‍ടിയിലോ അല്ലെങ്കില്‍ സര്‍കാരിലോ നല്‍കണമെന്ന ഉപാധിയാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കര്‍ണാടകയിലെ എം പിയായിരുന്ന ശോഭ കരന്ദലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു.
ഇതിനിടെ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍സ്ഥാനം കേന്ദ്രസര്‍കാര്‍ വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 2019 ജൂലൈ 24-നാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഈ ജൂലൈ 24 ആകുമ്പോള്‍ സ്ഥാനത്തെത്തിയിട്ട് രണ്ടുവര്‍ഷം തികയും. അന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി അദ്ദേഹം വഴിമാറുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം താന്‍ രാജിവെക്കാന്‍ തയ്യാറല്ലെന്ന നിലപാടുമായാണ് യെദ്യൂരപ്പ വെള്ളിയാഴ്ച കര്‍ണാടകയില്‍ നിന്ന് ഡെല്‍ഹിക്ക് പുറപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ യെദ്യൂരപ്പ സന്നദ്ധനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഡെല്‍ഹിയില്‍നിന്ന് വരുന്നത്.
നേതൃമാറ്റം ആവശ്യപ്പെട്ട് കര്‍ണാടകയിലെ എംഎല്‍എമാരും മന്ത്രിമാരും മുറവിളി കൂട്ടുന്നതിനിടയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായി യെദ്യൂരപ്പ ഡെല്‍ഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചെന്നാണ് ദേശീയ മാധ്യമം റിപോര്‍ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എന്നാല്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായതെന്നാണ് മോദിയെ സന്ദര്‍ശിച്ചശേഷം യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. യെദ്യൂരപ്പയെ നീക്കണമെന്ന ആവശ്യവുമായി ചില മന്ത്രിമാരും എംഎല്‍എമാരും മാസങ്ങളായി രംഗത്തുണ്ട്. മകന്‍ വിജയേന്ദ്രയാണ് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
അടുത്തിടെ, കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് സംസ്ഥാനം സന്ദര്‍ശിച്ച് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പാര്‍ടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സര്‍കാര്‍ മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാര്‍ടി നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എംഎല്‍എമാരും മന്ത്രിമാരും യെദ്യൂരപ്പയ്‌ക്കെതിരെയുള്ള ആക്രമണം തുടരുന്നതിനിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്.
Keywords: BS Yeddyurappa places conditions before national leadership for resignation, Bangalore, News, Politics, BJP, Prime Minister, Narendra Modi, Meeting, National, Resignation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.