വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് കണ്ടെത്തിയത് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് 'ഹാക്' ചെയ്ത്: അവകാശവാദവുമായി യുവ എന്‍ജിനീയര്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 31.03.2022) വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് 'ഹാക്' ചെയ്ത് കണ്ടെത്തിയെന്ന അവകാശവാദവുമായി യുവ എന്‍ജിനീയര്‍ രംഗത്ത് . ബെന്‍ഗ്ലൂറില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് വീണ്ടെടുക്കാനായി ഇന്‍ഡിഗോ വിമാന കംപനിയുടെ വെബ്സൈറ്റ് ഹാക് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

ഇന്‍ഡിഗോ അധികൃതര്‍ തന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടി വന്നതെന്നും ഒടുവില്‍ മറ്റൊരു യാത്രക്കാരനില്‍നിന്ന് തന്റെ ലഗേജ് കണ്ടെത്തിയെന്നുമാണ് നന്ദന്‍കുമാറിന്റെ അവകാശവാദം. ബെന്‍ഗ്ലൂറില്‍ വിമാനം ഇറങ്ങിയത് മുതല്‍ ലഗേജ് കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെല്ലാം ഇയാള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചിട്ടുമുണ്ട്.

മാര്‍ച് 27-നാണ് നന്ദന്‍കുമാര്‍ പട്നയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബെന്‍ഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍വെച്ച് നന്ദന്‍കുമാറിന്റെ ബാഗും മറ്റൊരു യാത്രക്കാരന്റെ ബാഗും മാറിപ്പോയി. 

ഒരേ രൂപസാദൃശ്യമുള്ള ബാഗുകളായതിനാല്‍ ഇരുവരും ബാഗുകള്‍ മാറിയെടുക്കുകയായിരുന്നു. ലഗേജ് മാറിയെന്ന് മനസിലായതോടെ വീട്ടിലെത്തിയ നന്ദന്‍കുമാര്‍ കസ്റ്റമര്‍ കെയര്‍ ടീമിനെ പരാതി അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടായില്ല.

ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കാന്‍ അഭ്യര്‍ഥിച്ചെങ്കിലും സ്വകാര്യതയും സുരക്ഷകാര്യങ്ങളും കണക്കിലെടുത്ത് നല്‍കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. എന്നാല്‍ പിറ്റേദിവസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കസ്റ്റമര്‍ കെയറില്‍നിന്ന് ഒരാള്‍പോലും വിളിച്ചില്ലെന്നും നന്ദന്‍കുമാറിന്റെ ട്വീറ്റില്‍ പറയുന്നു. ഇതിനുപിന്നാലെയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് സ്വന്തംനിലയില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്.

നന്ദന്‍കുമാര്‍ മാറിയെടുത്ത ബാഗില്‍ അതിന്റെ ഉടമയുടെ പി എന്‍ ആര്‍ നമ്പര്‍ ഉണ്ടായിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ചാണ് യുവാവ് ഇന്‍ഡിഗോ വെബ്സൈറ്റില്‍നിന്ന് ഫോണ്‍നമ്പറും വിലാസവും കണ്ടെത്താന്‍ ശ്രമിച്ചത്. ബുകിങ് എഡിറ്റ് ചെയ്തും കോണ്‍ടാക്ട് അപേഡ്റ്റ് ചെയ്യാന്‍ ശ്രമിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചതുമെല്ലാം ആദ്യം പരാജയപ്പെട്ടു. തുടര്‍ന്നാണ് യാത്രക്കാരന്റെ ഫോണ്‍നമ്പറടക്കം കണ്ടെത്തിയതെന്നും നന്ദന്‍ കുമാര്‍ പറയുന്നു.

എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് എന്നിലെ ഡെവലപറുടെ സഹജവാസന ഉണര്‍ന്നതെന്ന് നന്ദന്‍ കുമാര്‍ പറയുന്നു. ഇതോടെ ഞാന്‍ കംപ്യൂടറിലെ എ12 കീ അമര്‍ത്തുകയും ഇന്‍ഡിഗോ വെബ്സൈറ്റിന്റെ ഡെവലപര്‍ കണ്‍സോള്‍ തുറക്കുകയും ചെയ്തു. തുടര്‍ന്ന് വെബ്സൈറ്റില്‍നിന്ന് യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ഫോണില്‍വിളിച്ച് ബന്ധപ്പെടുകയുമായിരുന്നുവെന്നും നന്ദന്‍ കുമാറിന്റെ ട്വീറ്റില്‍ പറയുന്നു.

നന്ദന്‍കുമാറിന്റെ വീട്ടില്‍നിന്നും ആറ്- ഏഴ് കിലോമീറ്റര്‍ അകലെയായിരുന്നു ബാഗ് മാറിയ യാത്രക്കാരന്‍ താമസിച്ചിരുന്നത്. വഴിയില്‍വെച്ച് പരസ്പരം കാണാമെന്നും ബാഗുകള്‍ കൈമാറാമെന്നും ഇവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരും നേരിട്ടെത്തി ബാഗുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ആ സമയം വരെയും ബാഗ് മാറിയെടുത്ത യാത്രക്കാരനെ ഇന്‍ഡിഗോ അധികൃതര്‍ ഒരിക്കല്‍പോലും ഫോണില്‍ വിളിച്ചിരുന്നില്ലെന്നും നന്ദന്‍കുമാറിന്റെ ട്വീറ്റിലുണ്ട്.

ഈ സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള ട്വീറ്റുകള്‍ക്കൊപ്പം ഇന്‍ഡിഗോയുടെ വെബ്സൈറ്റ് മികച്ചതാക്കാനുള്ള ചില നിര്‍ദേശങ്ങളും യുവ എന്‍ജിനീയര്‍ മുന്നോട്ടുവെച്ചിരുന്നു.

വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് കണ്ടെത്തിയത് എയര്‍ലൈന്‍ കംപനിയുടെ വെബ്സൈറ്റ് 'ഹാക്' ചെയ്ത്: അവകാശവാദവുമായി യുവ എന്‍ജിനീയര്‍


Keywords: Bengaluru Techie Hacks into IndiGo Website to Get Back Lost Baggage, Bangalore, News, Engineers, Flight, Airport, Missing, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia