'ബജ്‌രംഗി ബായിജാന്' പാകിസ്ഥാനിലും പ്രചോദനം; ഇന്ത്യന്‍ യുവതിയുടെ ബന്ധുക്കളെ തിരഞ്ഞ് പാക് പൗരന്‍മാരെത്തി

 


ഡെല്‍ഹി: (www.kvartha.com 01.08.2015) സല്‍മാന്‍ ഖാന്‍ നായകനായ 'ബജ്‌രംഗി ബായിജാന്‍' എന്ന ചിത്രത്തിന് പാകിസ്ഥാനിലും പ്രചോദനം. ചിത്രം റെക്കോര്‍ഡ് കളക്ഷനുമായി തിയേറ്ററുകള്‍ നിറഞ്ഞാടുമ്പോള്‍ പ്രചോദനം ഉള്‍ക്കൊണ്ട പാകിസ്ഥാനിലെ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പതിനഞ്ച് വര്‍ഷമായി അവിടെ കഴിയുന്ന ബധിരയും ഊമയുമായ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യയിലെത്തിയിരിക്കയാണ്. കറാച്ചിയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബില്‍ഗീസ് എധിയാണ് ഗീത എന്ന യുവതിയുടെ ബന്ധുക്കളെ തേടിയെത്തിയിരിക്കുന്നത്.

ബധിരയും മൂകയുമായൊരു ബാലികയെ പാകിസ്ഥാനിലെ അവളുടെ ബന്ധുക്കളുടെ അടുത്ത് എത്തിക്കാന്‍ സിനിമയില്‍ സല്‍മാന്‍ ഖാന്‍ ശ്രമിക്കുന്നതാണ് 'ബജ്‌രംഗി ബായിജാന്‍' എന്ന ചിത്രത്തിന്റെ പ്രമേയം. ഇരു രാജ്യങ്ങളിലും ഈ ചിത്രം മികച്ച വിജയം നേടിയതോടെയാണ് ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം വീണ്ടും ആരംഭിച്ചതെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രിയുമായ അന്‍സാര്‍ ബുര്‍ണി പറഞ്ഞു.

 മൂന്ന് വര്‍ഷം മുമ്പ് ബന്ധുക്കളെ കണ്ടെത്താന്‍ ഗീതയുടെ ഫോട്ടോയും വീഡിയോയുമായി  ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍   ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ബുര്‍ണി പറഞ്ഞു. യുവതിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ എധി ഫൗണ്ടേഷന്‍ സ്ഥാപകനായ ബില്‍ഗൂസ് എധിയുടേയും ഭാര്യ അബ്ദുള്‍ സത്താര്‍ എധിയുടേയും കൂടെയാണ് ഇപ്പോള്‍ ഇരുപത്തിനാലുകാരിയായ ഗീത  താമസിക്കുന്നത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്താണ് ബധിരയും മൂകയുമായ ഗീത ഒന്‍പതാമത്തെ വയസില്‍ വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങിയ ഗീത ട്രെയിനില്‍ കയറുകയും യാത്രയ്ക്കിടെ ഉറങ്ങിപ്പോവുകയും ചെയ്തു. കണ്ണുതുറന്നു നോക്കിയപ്പോള്‍ എത്തിപ്പെട്ടത് പാകിസ്ഥാനിലെ ലാഹോറിലാണ്. പോലീസ് അവിടെ നിന്നും അവളെ ഷെല്‍ട്ടര്‍ ഹോമിലാക്കി. പിന്നീട് 2012ലാണ് എധി ഫൗണ്ടേഷനിലെത്തിയത്.

ആംഗ്യഭാഷയിലൂടെയും ഗീത സ്വയം വികസിപ്പിച്ചെടുത്ത ചിഹ്ന ഭാഷയിലൂടെയുമാണ് ആശയവിനിമയം നടത്തുന്നത്. ഹിന്ദി എഴുതി കാണിക്കുമെങ്കിലും വായിക്കാന്‍ അവിടെയുള്ളവര്‍ക്കാര്‍ക്കും അറിയില്ല. തനിക്ക് ഏഴ് സഹോദരന്മാരും അഞ്ച് സഹോദരികളുമുണ്ടെന്ന് ഗീത  പറഞ്ഞു. പഞ്ചാബിലെ ഏതോ ഉള്‍ഗ്രാമത്തിലാണ് ഗീതയുടെ വീടെന്നാണ് അവള്‍ പറയുന്നതില്‍ നിന്നും മനസ്സിലാകുന്നത്.

അതുകൊണ്ടുതന്നെ  മാതാപിതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും ബില്‍ഗൂസ് എധി പറഞ്ഞു. വീടിനേയും വീട്ടുകാരെയും  ഗീത ഇപ്പോഴും ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഈ അവസരങ്ങളില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ടെന്നും പറഞ്ഞ ബില്‍ഗൂസ് ഗീതയെ എത്രയും പെട്ടെന്ന് തന്നെ വീട്ടുകാരുടെ അടുത്തെത്തിക്കാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
'ബജ്‌രംഗി ബായിജാന്' പാകിസ്ഥാനിലും പ്രചോദനം; ഇന്ത്യന്‍ യുവതിയുടെ ബന്ധുക്കളെ തിരഞ്ഞ് പാക് പൗരന്‍മാരെത്തി

Also Read:
കുട്ടികളുടെ സ്‌കൂട്ടര്‍ പഠിത്തം ജനങ്ങള്‍ക്കാകെ പൊല്ലാപ്പാകുന്നു!

Keywords:   Bajrangi Bhaijaans from Pakistan hunt for Indian woman's family, Pakistan, Family, Minister, Karachi, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia