അമിത് ഷാ സഹകരണ വകുപ്പ് മന്ത്രിയാകുന്നതില്‍ തോമസ് ഐസകിനും ശരത് പവാറിനും ആശങ്ക; 'സഹകരണം' മികച്ചതാകുമെന്ന് ശിവസേന
Jul 13, 2021, 16:06 IST
മുംബൈ: (www.kvartha.com 13.07.2021) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഹകരണ വകുപ്പ് മന്ത്രിയാകുന്നതില്‍ കേരളത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പെടെ ആശങ്ക ഉയര്‍ത്തുമ്പോള്‍ പിന്തുണച്ച് ശിവസേന രംഗത്ത്. സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തില്‍ പറയുന്നത്. ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അമിത് ഷാ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചയ്ക്കുമെന്നും ശിവസേന വ്യക്തമാക്കുന്നു.
പഴയ കേസുകള്‍ കുത്തിപ്പൊക്കി കോണ്‍ഗ്രസ്, എന്‍സിപി നേതാക്കന്മാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് മഹാരാഷ്ട്രയില്‍ 'സഹകരണം' വഴി പുതിയ സര്‍കാര്‍ രൂപീകരിക്കുമെന്നു ചിലര്‍ പറയുന്നത് അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ അപ്രധാന വകുപ്പായിരുന്ന സഹകരണത്തിനായി പുതിയ മന്ത്രാലയം രൂപീകരിച്ചത് അടുത്തിടെയാണ്. സഹകരണ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
സഹകരണ മേഖലയും രാഷ്ട്രീയവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും രണ്ടിടത്തും സൗകര്യങ്ങള്‍ക്കനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ സഹകരണമേഖലയില്‍ ഇടപെടാന്‍ കേന്ദ്രത്തിനു കഴിയില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ ഞായറാഴ്ച പറഞ്ഞതിനു പിന്നാലെയാണ് കേന്ദ്രത്തെ അനുകൂലിച്ച് ശിവസേന രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.
സഹകരണമേഖല വികസിപ്പിക്കാനും മെച്ചപ്പെടുത്താനും അമിത് ഷാ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് തടസപ്പെടുത്തേണ്ട കാര്യമില്ലെന്നാണു സേനയുടെ നിലപാട്.
ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരന്‍ അമിത് ഷാ ആയിരുന്നുവെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളില്‍ തൂങ്ങുകയാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് അമിത് ഷാ കേന്ദ്ര സഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും തോമസ് ഐസക് സമൂഹമാധ്യമത്തില്‍ കുറിച്ചു.
Keywords: Amit Shah will do good job as Union Cooperation Minister: Shiv Sena, Mumbai, News, Politics, Social Media, Shiv Sena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.