Akshay Kumar | പുകയില ഉത്പന്നത്തിന്റെ പുതിയ പരസ്യത്തിനായി വീണ്ടും കൈകോര്‍ത്ത് ബോളിവുഡ് സൂപര്‍താരങ്ങള്‍; ശാരൂഖ് ഖാനും അജയ് ദേവ്ഗണിനുമൊപ്പം വാക്ക് തെറ്റിച്ചെത്തിയ അക്ഷയ് കുമാറിന് ട്രോള്‍
Oct 9, 2023, 14:01 IST
മുംബൈ: (KVARTHA) പുകയില ഉത്പന്ന ബ്രാന്‍ഡിന്റെ പുതിയ പരസ്യത്തിനായി വീണ്ടും കൈകോര്‍ത്ത ബോളിവുഡ് സൂപര്‍താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സ്. ശാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്ഗണുമാണ് പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ശാരൂഖിന്റെ ഒരു ഫാന്‍ അകൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മൂന്ന് അഭിനേതാക്കളെ കൂടാതെ, നടിയും മോഡലുമായ സൗന്ദര്യ ശര്‍മ്മയും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. അക്ഷയ് കുമാറിന്റെ വീടിന് സമീപത്തെ സ്ട്രീറ്റില്‍ ശാരൂഖും അജയും അക്ഷമരായി കാത്തുനില്‍ക്കുന്നിടത്താണ് പരസ്യം തുടങ്ങുന്നത്.
അക്ഷയ് തന്റെ ഹെഡ്ഫോണില്‍ മ്യൂസിക് ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അജയ് ഹോണ്‍ മുഴക്കിയതിന് പിന്നാലെ, ശാരൂഖ് അക്ഷയ്യുടെ ഗ്ലാസ് വിന്‍ഡോ ലക്ഷ്യമാക്കി ഒരു പന്ത് എറിഞ്ഞുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പന്ത്, അയല്‍വാസിയായ സൗന്ദര്യയുടെ ജനലിലാണ് തട്ടുന്നത്. ദേഷ്യത്തോടെ അവര്‍ പുറത്തേക്ക് വന്നതോടെ പന്തെറിഞ്ഞത് അജയ് ആണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ശാരൂഖ്, പിന്നാലെ പാന്‍ ഉല്‍പന്നത്തിന്റെ ഒരു പാകറ്റ് തുറന്ന് കഴിച്ചുകൊണ്ട് അജയ് അത് അക്ഷയ്യുടെ ജനലിലേക്ക് ചൂണ്ടുന്നു. അതോടെ മണംപിടിച്ച് അക്ഷയ് കുമാര്‍ വരുന്നതാണ് പരസ്യം.
നേരത്തെ മൂവരും ഒരുമിച്ചെത്തിയ പാന്‍ മസാല പരസ്യം വലിയ വിവാദമാവുകയും പിന്നാലെ, അക്ഷയ് കുമാര്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ലലെന്ന് ഫാന്‍സിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, വാക്ക് തെറ്റിച്ച് വീണ്ടുമെത്തിയ അക്ഷയ്‌ക്കെതിരെ വലിയ ട്രോളുകളാണ് നടക്കുന്നത്.
'പുകയില പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടില്ല' എന്ന് പറഞ്ഞ അക്ഷയ്കുമാര്‍ വീണ്ടും എന്തിനാണ് വാക്ക് തെറ്റിച്ച് പരസ്യത്തിലഭിനയിച്ചതെന്ന് ഒരാള്‍ കുറിച്ചു. പണത്തിന് വേണ്ടി യുവാക്കളെ പുകയില ഉത്പന്നങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യങ്ങളിലാണോ പ്രത്യക്ഷപ്പെടുന്നതെന്ന് ചിലര്‍ ചോദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.