Appointed | മോദിക്കൊപ്പം വിശ്വസ്തർ തുടരും; അജിത് ഡോവൽ മൂന്നാം തവണയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
1968 ബാച്ച് ഐപിഎസ് ഓഫീസറായ ഡോവൽ ചൈനയുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധി കൂടിയാണ്
ന്യൂഡൽഹി: (KVARTHA) മുൻ ഐപിഎസ് ഓഫീസർ അജിത് ഡോവലിനെ മൂന്നാം തവണയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്ര സർക്കാർ നിയമിച്ചു. വ്യാഴാഴ്ചയാണ് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പികെ മിശ്രയെയും നിയമിച്ചു.
ഇരുവരുടെയും നിയമനം പ്രധാനമന്ത്രിയുടെ കാലാവധിയോടൊപ്പമോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് വരുന്നത് വരെയോ ആയിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഡോ. മിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിലെ ഭരണപരമായ കാര്യങ്ങളും നിയമനങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഡോവൽ ദേശീയ സുരക്ഷ, സൈനിക കാര്യങ്ങൾ, രഹസ്യാന്വേഷണം എന്നിവയുടെ ചുമതല വഹിക്കും.
1968 ബാച്ച് ഐപിഎസ് ഓഫീസറായ ഡോവൽ ചൈനയുമായുള്ള അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധി കൂടിയാണ്. പഞ്ചാബിൽ ഐബിയുടെ മേധാവിയായും കശ്മീരിൽ അഡീഷണൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 1972 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. പി കെ മിശ്ര, കേന്ദ്ര കൃഷി സെക്രട്ടറിയായി വിരമിച്ചതിന് ശേഷം കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ഇരുവരും പ്രധാനമന്ത്രി മോദിയുടെ അതീവ വിശ്വസ്തരായാണ് വിലയിരുത്തപ്പെടുന്നത്.