Served Biryani | കൊലപാതകക്കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശനും കൂട്ടുപ്രതികള്‍ക്കും പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണനയോ? ബിരിയാണി പൊതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ടിവി ചാനലുകള്‍
ബിരിയാണി എത്തിച്ചത് പൊലീസ് കബഡി ടീമിലെ അംഗങ്ങള്‍ക്ക്
നടന്‍ ദര്‍ശന്‍ സ്റ്റേഷനിലെ സെല്ലില്‍ വെച്ച് കഴിച്ചത് ഇഡ്ഡലി
ബംഗ്ലൂരു: (KVARTHA) കൊലപാതകക്കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശനും കൂട്ടുപ്രതികള്‍ക്കും പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്നുള്ള ആരോപണങ്ങള്‍ ശക്തമാകുന്നു. പ്രതികളെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ബംഗ്ലൂര്‍ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിരിയാണി പൊതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കന്നഡ ടിവി ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ശക്തമായത്. എന്നാല്‍, ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു.
സ്റ്റേഷനില്‍ ഡ്യൂടിക്കായി എത്തിയ പൊലീസ് കബഡി ടീമിലെ അംഗങ്ങള്‍ക്കായാണ് ബിരിയാണി കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ പൊലീസ് കബഡി ടീമിലെ അംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിക്കാറുണ്ട്. കഴിഞ്ഞദിവസം ഇവരെ ഡ്യൂടിക്ക് നിയോഗിച്ചിരുന്നതായും ഇവര്‍ക്കായാണ് ബിരിയാണി പൊതികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നുമാണ് പൊലീസ് പറയുന്നത്. നടന്‍ ദര്‍ശന്‍ സ്റ്റേഷനിലെ സെല്ലില്‍വെച്ച് ഇഡ്ഡലിയാണ് കഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ പ്രമുഖ റസ്റ്റോറന്റില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് ബിരിയാണി പൊതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം ടിവി ചാനലുകള്‍ പുറത്തുവിട്ടത്. ഇത് നടന്‍ ദര്‍ശന് വേണ്ടി കൊണ്ടുവന്നതാണെന്നുള്ള റിപോര്‍ടുകളും ഉണ്ടായിരുന്നു. ഇതോടെ സാമൂഹികമാധ്യമങ്ങളിലടക്കം പൊലീസിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് സംഭവം നിഷേധിച്ച് പൊലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികള്‍ക്ക് ചികന്‍ ബിരിയാണി വാങ്ങിനല്‍കുന്നത് പൊലീസിന്റെ പഴയതന്ത്രമാണെന്നും നിലവില്‍ ഇത്തരം രീതികള്‍ പിന്തുടരാറില്ലെന്നുമാണ് പൊലീസിന്റെ വാദം. രാത്രി ബിരിയാണി കഴിച്ചാല്‍ പ്രതികള്‍ക്ക് മയക്കം വരും. എന്നാല്‍, ഈ സമയത്ത് പൊലീസുകാര്‍ ഇവരെ ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യംചെയ്യും. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രതികള്‍ക്ക് എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ മതിയെന്ന സ്ഥിതിയാകും. ഇതോടെ മനസിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങുമെന്നുമാണ് ഉന്നത പൊലീസുകാര്‍ പറയുന്നത്.
അതിനിടെ, നടന്‍ ദര്‍ശനെയും സുഹൃത്തായ നടി പവിത്ര ഗൗഡയെയും കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ പവിത്ര ഗൗഡയുടെ മകള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സാമൂഹികമാധ്യമ അകൗണ്ടുകളിലെ സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇവര്‍ കമന്റ് ബോക്സ് അടച്ചുപൂട്ടിയെന്നും റിപോര്‍ടുണ്ട്. പവിത്രയുടെ ഉറ്റസുഹൃത്തിന്റെ മകള്‍ക്ക് നേരേയും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.