മുംബൈ ട്രെയിനിലെ സ്‌ഫോടനപരമ്പര; 5 പ്രതികള്‍ക്കും വധശിക്ഷ

 


മുംബൈ: (www.kvartha.com 30.09.2015) 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ. ഏഴുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. മുംബൈ മക്കോക്ക കോടതിയുടേതാണ് വിധി. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്‌തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

12 പ്രതികള്‍ കുറ്റക്കാരെന്നു പ്രത്യേക മക്കോക്ക കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒരാളെ വെറുതെ വിട്ടു. ഇതില്‍ എട്ടുപേര്‍ക്ക് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇവര്‍ മരണത്തിന്റെ വ്യാപാരികളാണെന്നും ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

2006 ജൂലൈ 11 ന് മുംബൈ വെസ്‌റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ച് ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്. സ്‌ഫോടനത്തില്‍ 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ 13 പ്രതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19നു വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.

ഭീകര വിരുദ്ധ സംഘം (എടിഎസ്) 28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രം തയ്യാറാക്കിയിരുന്നു. ഇവരില്‍ 13 പേരാണ് അറസ്റ്റിലായത്. 'മക്കോക്ക', ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ സ്‌ഫോടന നിയമം തുടങ്ങിയവയുടെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലഷ്‌കറെ തയിബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്‌ലം, ഹാഫിസുല്ല, സാബിര്‍, അബു ബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നീ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യക്കാരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍ റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരെയാണു ഇനി പിടികിട്ടാനുള്ളത്. അറസ്റ്റിലായവരില്‍ പത്തുപേര്‍ക്കു നിരോധിച്ച സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ട്രെയിനിലെ സ്‌ഫോടനപരമ്പര; 5 പ്രതികള്‍ക്കും വധശിക്ഷ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia