Train Accident | ബംഗാളില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോകോ പൈലറ്റും ഗാര്‍ഡുമടക്കം 15 മരണം, നിരവധി പേര്‍ക്ക് പരുക്ക്

 
15 dead, 60 injured as goods train rams into Kanchenjunga Express in West Bengal, West Bengal, News, Train Accident, Injury, Hospital, Treatment, National News


പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും അറിയിച്ചു

പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി 
 


കൊല്‍കത: (KVARTHA) ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. ചരക്ക് ട്രെയിനിന്റെ ലോകോ പൈലറ്റും കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ഗാര്‍ഡും അപകടത്തില്‍ മരിച്ചവരില്‍പെടുന്നു.  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. പരുക്കേറ്റവരെ നോര്‍ത് ബംഗള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. 

ചരക്ക് ട്രെയിന്‍ സിഗ് നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇടിയുടെ ആഘാതത്തില്‍ പാസന്‍ജര്‍ ട്രെയിനിന്റെ മൂന്ന് കോചുകള്‍ പാളംതെറ്റി. ദേശീയ ദുരന്തനിവാരണ സേന, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.അസമിലെ സില്‍ചാറില്‍ നിന്ന് കൊല്‍കതയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ് പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. 8.50നായിരുന്നു അപകടമെന്നാണ് വിവരം. 

അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ രണ്ട് കോചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നും പ്രഖ്യാപിച്ചു. 


ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാര്‍ജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികള്‍ ട്രെയിലെ യാത്രക്കാരായിരുന്നുവെന്നാണ് സൂചന. ഗുവഹാത്തി, സെല്‍ഡ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍പ് ലൈന്‍ നമ്പറുകളും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.

ഹെല്‍പ് ലൈന്‍ നമ്പര്‍- ഗുവഹാത്തി റെയില്‍വേ സ്റ്റേഷന്‍


03612731621

03612731622

03612731623

ഹെല്‍പ് ലൈന്‍ നമ്പര്‍- സെല്‍ഡ റെയില്‍വേ സ്റ്റേഷന്‍


033-23508794

033-23833326

2023 ജൂണ്‍ രണ്ടിനാണ്, ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. 296 പേരുടെ ജീവന്‍ കവര്‍ന്ന ബാലസോര്‍ അപകടത്തോടെ റെയില്‍വേയിലെ സിഗ്‌നലിങ്, ഓപറേഷന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ഏറെ ചര്‍ചകള്‍ക്ക് വഴിവച്ചിരുന്നു. അപകടങ്ങള്‍ കുറയ്ക്കാന്‍ 'കവച്' സംവിധാനം എല്ലാ തീവണ്ടികളിലും കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ റെയില്‍വേ ഇപ്പോഴും പരാജയപ്പെടുന്നു എന്നതാണ് തിങ്കളാഴ്ച നടന്ന പശ്ചിമബംഗാള്‍ ട്രെയിനപകടവും വിരല്‍ചൂണ്ടുന്നത്.

ബാലസോര്‍ അപകടത്തില്‍ സിഗ്‌നലിങ്, ഓപറേഷന്‍സ് വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കാരണമായി റെയില്‍വേ സുരക്ഷാ കമിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്ന് കവച് സംവിധാനം ഏല്ലായിടത്തും നടപ്പാക്കേണ്ടതിന്റെ ആവശ്യകത നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം നാടിനെ നടുക്കി വീണ്ടും തീവണ്ടി അപകടം സംഭവിക്കുമ്പോള്‍, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന യാഥാര്‍ഥ്യമാണ് പുറത്തുവരുന്നത്.

ഒഡിഷയില്‍ ചെന്നൈ-കോറമണ്ഡല്‍ എക്‌സ്പ്രസ്, ചരക്കുതീവണ്ടി, ബംഗ്ലൂര്‍-ഹൗറ സൂപ്പര്‍ഫാസ്റ്റ് എന്നീ വണ്ടികളായിരുന്നു അപകടത്തില്‍പ്പെട്ടത്. 296 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്സ്പ്രസ് സിഗ്‌നല്‍ തെറ്റി മറ്റൊരു ട്രാകിലേക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ചില കോചുകള്‍ തെറിച്ച് അതേ സമയത്ത് എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്ന ബംഗ്ലൂര്‍-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോചുകളില്‍ ചെന്ന് പതിക്കുകയുമായിരുന്നു. കോറമണ്ഡല്‍ എക്സ്പ്രസിന്റെ കോചുകള്‍ ബംഗ്ലൂര്‍-ഹൗറ എക്സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാളും വലുതാകുമായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia