മൈസൂരിലെ മാണ്ഡ്യയില്‍ ജനിച്ച കോമളവല്ലി ജയലളിതയായി, പത്താം ക്ലാസിലെ ഒന്നാം റാങ്കുകാരി സിനിമയില്‍ അവസരം ലഭിച്ചതോടെ പഠനം നിര്‍ത്തി, ജീവിതം മാറിമറഞ്ഞത് എം ജി ആറിനൊപ്പം കൂട്ടുകൂടിയപ്പോള്‍

 


ചെന്നൈ: (www.kvartha.com 06.12.2016) സിനിമാ കഥകളെ പോലും വെല്ലുന്നതായിരുന്നു തമിഴരുടെ അമ്മയായ ജയലളിതയുടെ ജീവിത കഥ. അതില്‍ അനുയായികള്‍ മറക്കാന്‍ ആഗ്രഹിക്കാത്തതും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതുമായ ഒരുപാട് സംഭവ വികാസങ്ങള്‍. ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം നേരിട്ട ജയലളിത എന്ന തലൈവി തമിഴ്‌നാട്ടുകാര്‍ക്ക് എല്ലാമെല്ലാമായിരുന്നു.

മൈസൂരിലെ മാണ്ഡ്യയില്‍ ജനിച്ച കോമളവല്ലി ജയലളിതയായി, പത്താം ക്ലാസിലെ ഒന്നാം റാങ്കുകാരി സിനിമയില്‍ അവസരം ലഭിച്ചതോടെ പഠനം നിര്‍ത്തി, ജീവിതം മാറിമറഞ്ഞത് എം ജി ആറിനൊപ്പം കൂട്ടുകൂടിയപ്പോള്‍

ഓരോ തിരിച്ചടിയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉണത്തെണീറ്റ് പിന്നെയും പിന്നെയും പടവുകള്‍ താണ്ടി. അവസാനം തമിഴ് മക്കളെ ഒന്നടങ്കം കരയിച്ച് ഇഹലോക വാസം വെടിഞ്ഞു.

ജയലളിതയുടെ ജീവിത രേഖ
ഇപ്പോള്‍ കര്‍ണാടകയുടെ ഭാഗമായ മൈസൂരിലെ മാണ്ഡ്യയില്‍ തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ അഭിഭാഷകനായ ജയരാമന്റെയും വേദവല്ലിയുടെയും മകളായി ജനിച്ചു. കോമളവല്ലിയെന്നായിരുന്നു ആദ്യ പേര്. വീട്ടുകാര്‍ അമ്മു എന്ന ഓമനപ്പേര് വിളിച്ചു. രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചു. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറി അവിടെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്‌കൂളില്‍ പഠനം. പിന്നീട് കോമളവല്ലി ജയലളിതയായി.


1961ല്‍ ശ്രീശൈല മഹാത്മ എന്ന കന്നഡ സിനിമയിലൂടെ ബാലതാരമായി അഭിനയ രംഗത്തെത്തി. പിന്നെ താമസം ചെന്നൈയിലേക്ക് മാറ്റി. ചര്‍ച്ചില്‍ പാര്‍ക്ക് പ്രസന്റേഷന്‍ കോണ്‍വെന്‍ില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം. എന്നാല്‍ പത്താം ക്ലാസിലെ ഒന്നാം റാങ്കുകാരി സിനിമയില്‍ അവസരം ലഭിച്ചതോടെ പഠനം അവസാനിപ്പിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴിന് പുറമെ തെലുങ്കിലും മികവ് തെളിയിച്ചു.

മൈസൂരിലെ മാണ്ഡ്യയില്‍ ജനിച്ച കോമളവല്ലി ജയലളിതയായി, പത്താം ക്ലാസിലെ ഒന്നാം റാങ്കുകാരി സിനിമയില്‍ അവസരം ലഭിച്ചതോടെ പഠനം നിര്‍ത്തി, ജീവിതം മാറിമറഞ്ഞത് എം ജി ആറിനൊപ്പം കൂട്ടുകൂടിയപ്പോള്‍
1965ല്‍ ബി ആര്‍ പന്തലു സംവിധാനം ചെയ്ത 'ആയിരത്തില്‍ ഒരുവനിലൂടെ' എം ജി ആറിന്റെ നായികയായി. പിന്നീടങ്ങോട്ട് 28 സിനിമകളില്‍ എം ജി ആറിനൊപ്പം. എല്ലാം സൂപ്പര്‍ ഹിറ്റ്. 1965 മുതല്‍ 80 വരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി. 1971 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ്. 1974ല്‍ എ വിന്‍സെന്റ് സംവിധാനം ചെയ്ത ജീസസ് എന്ന മലയാള ചിത്രത്തില്‍ ഗാനരംഗത്ത് അഭിനയിച്ചു.

ജയലളിതയുടെ ജീവിതം മാറിമറഞ്ഞ വര്‍ഷമായിരുന്നു 1982. അണ്ണാ ഡി എം കെയില്‍ അംഗത്വമെടുത്തു. 1983ല്‍ പ്രചാരണ വിഭാഗം സെക്രട്ടറിയായ അവര്‍ 1984ല്‍ രാജ്യസഭയിലെത്തി. 1984ല്‍ എം ജി ആര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ചു. അന്ന് നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അണ്ണാ ഡി എം കെയ്ക്ക് ഉജ്ജ്വല വിജയം. ഇതോടെ എം ജി ആറുമായി കൂടുതല്‍ അടുത്തു. പതിയെ ജയലളിതയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കളും വളര്‍ന്നു.

1987 ഡിസംബറില്‍ എം ജി ആറിന്റെ വിലാപ യാത്രയ്ക്കിടെ ജയലളിതയെ ശവമഞ്ചത്തില്‍ നിന്നും ചവിട്ടിയിട്ടു. 1988ല്‍ അണ്ണാ ഡി എം കെ പിളര്‍ന്നു. എം ജി ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ വിഭാഗവും, ജയലളിത വിഭാഗവും. ജാനകി രാമചന്ദ്രന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി. അണ്ണാ ഡി എം കെയിലെ പിളര്‍പ്പ് മുതലെടുത്ത ഡി എം കെ തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വന്നു. 27 എം എല്‍ എമാരുമായി ജയലളിത തമിഴ്‌നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. വൈകാതെ ജാനകി ജയയുടെ പാര്‍ട്ടിയില്‍ ലയിച്ചു.

1989ല്‍ തമിഴ്‌നാട് നിയമസഭയിലെ ആ കറുത്ത ദിനം. ഡി എം കെ - അണ്ണാ ഡി എം കെ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ഡി എം കെ എം എല്‍ എമാര്‍ ജയലളിതയുടെ സാരി വലിച്ചു കീറി. നിയമസഭയില്‍ ഇനി മുഖ്യമന്ത്രിയായേ വരൂ എന്ന് ശപഥം ചെയ്ത് ജയലളിത പടിയിറിങ്ങി. നവംബറില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഉജ്ജ്വല ജയം നേടി.

1989ലെ ആ കറുത്ത ദിനത്തിന് ജയ 1991ല്‍ മറുപടി നല്‍കി. 1991 ജൂണ്‍ 24ന് തമിഴ്‌നാട്ടിലെ ഏറ്റവും പ്രായ കുറഞ്ഞ മുഖ്യമന്ത്രിയായി. എന്നാല്‍ അധികാര കസേരയിലെത്തിയ ജയയ്‌ക്കെതിരെ തുടക്കം മുതല്‍ തന്നെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതോടെ ജയലളിതയുടെ ജനപിന്തുണ കുറഞ്ഞു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയ തോല്‍വിയറിഞ്ഞു. രണ്ട് സീറ്റില്‍ മത്സരിച്ച ജയ ബര്‍ഗൂറില്‍ തോറ്റു. അഴിമതി ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായി. 28 ദിവസം ജയില്‍ വാസം.

1998ലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കൂട്ടുകൂടി വന്‍ വിജയം നേടി. എന്നാല്‍ തനിക്കെതിരായ കേസുകള്‍ പിന്‍വലിക്കാതെ വന്നതോടെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ലോക്‌സഭയിലെ ബലപരീക്ഷണത്തില്‍ ഒരു വോട്ടിന് തോറ്റ് അഡല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ രാജിവെച്ചു.

മൈസൂരിലെ മാണ്ഡ്യയില്‍ ജനിച്ച കോമളവല്ലി ജയലളിതയായി, പത്താം ക്ലാസിലെ ഒന്നാം റാങ്കുകാരി സിനിമയില്‍ അവസരം ലഭിച്ചതോടെ പഠനം നിര്‍ത്തി, ജീവിതം മാറിമറഞ്ഞത് എം ജി ആറിനൊപ്പം കൂട്ടുകൂടിയപ്പോള്‍

ടാന്‍സി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മത്സരിക്കാന്‍ സാധിച്ചില്ലെങ്കിലും പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടിയതോടെ 2001ല്‍ ജയലളിത മുഖ്യമന്ത്രിയായി. എന്നാല്‍ സുപ്രീം കോടതി വിധി വന്നതോടെ രാജി വെക്കേണ്ടി വന്നു. പകരം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി. 2002ല്‍ ഹൈക്കോടതി ചില കേസുകളില്‍ ശിക്ഷ ഒഴിവാക്കിയതോടെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി. എന്നാല്‍ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി.

അഴിമതി ആരോപണങ്ങള്‍ വിടാതെ പിന്തുടര്‍ന്ന ജയലളിതയ്ക്ക് 2014 സെപ്റ്റംബര്‍ 27ന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു കോടതി നാല് വര്‍ഷം തടവും 100 കോടി പിഴയും ചുമത്തി. ഇതോടെ മുഖ്യമന്ത്രി, എം എല്‍ എ സ്ഥാനങ്ങള്‍ രാജിവെക്കേണ്ടി വന്നു. ഒക്ടോബര്‍ 17 ന് ജാമ്യം ലഭിച്ചു. 2015 മേയ് 11ന് കര്‍ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടുപ്രതികളെയും കുറ്റ വിമുക്തരാക്കി. മേയ് 23ന് മുഖ്യമന്ത്രി പഥത്തില്‍ തിരിച്ചെത്തി. 2016ല്‍ മേയില്‍ നടന്ന തിരഞ്ഞെപ്പില്‍ വിജയിച്ച് ഭരണം നിലനിര്‍ത്തി. എം ജി ആറിന് ശേഷം ഭരണം നിലനിര്‍ത്തുന്ന ആദ്യത്തെ മുഖ്യമന്ത്രി. 2016 ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മരണം.

Keywords : Chennai, Tamilnadu, Chief Minister, Jayalalitha, National, Memories Of Jayalalitha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia